കൊല്ലം: സമൂഹത്തിന് മാനസികാരോഗ്യം നല്‍കുകയെന്നതാണ് എഴുത്തുകാരന്റെ പ്രധാന ദൗത്യമെന്ന് അടിവരയിട്ടുകൊണ്ട് കൊല്ലം മണ്‍റോത്തുരുത്ത് പെരുങ്ങാലം മാര്‍ത്തോമ ധ്യാനതീരത്ത് നടന്ന മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന സാഹിത്യ ക്യാമ്പിന് സമാപനം. എഴുത്തിന്റെ വഴിയിലേക്ക് കടന്നുവരുന്ന യുവപ്രതിഭകള്‍ ത്രിദിന ക്യാമ്പില്‍ സാഹിത്യമേഖലയിലെ ഗുരുക്കന്മാര്‍ മുതല്‍ യുവ എഴുത്തുകാരുമായിവരെ സംവദിച്ചു.

സമാപനസമ്മേളനം കവി വി.മധുസൂദനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. അനുഭവങ്ങള്‍ക്കപ്പുറം കൊടുക്കാന്‍ കഴിയുന്നവനാണം എഴുത്തുകാരനെന്ന് അദ്ദേഹം പറഞ്ഞു. മൂര്‍ച്ചയുള്ള വാക്കുകളുള്ള ധാരാളം എഴുത്തുകാര്‍ ഇന്നുണ്ടെന്നത് സന്തോഷമുള്ള കാര്യമാണ്. ക്യാമ്പുകളിലൂടെ മികച്ച ഫലങ്ങള്‍ പുറപ്പെടുവിക്കാനാവണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 

യുവപ്രതിഭകള്‍ക്കുള്ള കെ.വി.അനൂപ് സ്മാരക പുരസ്‌കാരം, മികച്ച ക്യാമ്പ് അംഗങ്ങള്‍ക്കുള്ള കോവിലന്‍ പുരസ്‌കാരം എന്നിവ ചടങ്ങില്‍ വി.മധുസൂദനന്‍ നായര്‍ വിതരണം ചെയ്തു. ക്യാമ്പ് ഡയറക്ടര്‍ സുഭാഷ്ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന പ്രസിഡന്റ് ആര്‍.അനൂപ്, ജന. സെക്രട്ടറി റിയാസ് കെ.എം.ആര്‍., ട്രഷറര്‍ ഫൈസല്‍ കിനാലൂര്‍, കോ-ഓര്‍ഡിനേറ്റര്‍ കെ.കെ.ഷനിത്ത് എന്നിവര്‍ സംസാരിച്ചു.

കെ.വി.അനൂപ് സ്മാരക അവാര്‍ഡ്

യുവപ്രതിഭകള്‍ക്ക് ഏര്‍പ്പെടുത്തിയ മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം ജിബിന്‍ എബ്രഹാം (കണ്ണൂര്‍) അര്‍ഹനായി. മികച്ച കഥയ്ക്കുള്ള പുരസ്‌കാരം എസ്.ചൈത്രലക്ഷ്മിക്കും (കോഴിക്കോട്) ലഭിച്ചു. 2,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

കോവിലന്‍ പുരസ്‌കാരം

മികച്ച ക്യാമ്പ് അംഗങ്ങള്‍ക്ക് ആദ്യമായി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരത്തിന് ആര്‍ഷ കബനി (വയനാട്), ജയശ്രീ എസ്. എന്നിവര്‍ അര്‍ഹരായി. കോവിലന്റെ കുടുംബാംഗങ്ങള്‍ ഏര്‍പ്പടുത്തിയതാണ് 5,000 രൂപവീതമുള്ള കാഷ് അവാര്‍ഡ്.

സമാപനദിവസമായ ഞായറാഴ്ച നടന്ന വിവിധ സെഷനുകള്‍ക്ക് കല്‍പ്പറ്റ നാരായണന്‍, പി.കെ.രാജശേഖരന്‍, രാധിക സി.നായര്‍, കണിമോള്‍, ട്രാന്‍സ്ജെന്‍ഡര്‍ ശ്യാമ എസ്.പ്രഭ എന്നിവര്‍ നേതൃത്വം നല്‍കി. കോവിലന്‍ പുരസ്‌കാരം എര്‍പ്പെടുത്തിയ കോവിലന്റെ മകള്‍ പ്രൊഫ. വി.എ.വിജയ, മരുമകന്‍, വക്കം ജയപ്രകാശ് എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.