കോഴിക്കോട്: മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സംസ്ഥാന സാഹിത്യ ക്യാമ്പ് ഡിസംബറില്‍ കൊല്ലം മണ്‍റോതുരുത്തിലെ പെരുങ്ങാലം മാര്‍ത്തോമാ ധ്യാനതീരത്തില്‍ നടക്കും. ഡിസംബര്‍ ആറു മുതല്‍ എട്ടു വരെയാണ് ക്യാമ്പ്. മാതൃഭൂമി സ്റ്റഡി സര്‍ക്കിളിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിലാണ് ക്യാമ്പ് നടക്കുന്നത് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.

സംസ്ഥാനത്തെ റഗുലര്‍, പാരലല്‍, പ്രൊഫഷണല്‍ കോളേജുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്കാണ് അവസരം. പ്രഗല്ഭ സാഹിത്യകാരന്മാര്‍ പങ്കെടുക്കുന്ന ക്യാമ്പിന്റെ ഡയറക്ടര്‍ എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രനാണ്.

ഡിസംബര്‍ ആറിന് ആരംഭിക്കുന്ന ക്യാമ്പ് എട്ടാംതീയതി സമാപിക്കും. റസിഡന്‍ഷ്യല്‍ രീതിയിലുള്ള ക്യാമ്പില്‍ ഭക്ഷണം, താമസം എന്നിവ സൗജന്യമാണ്. ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ വിദ്യാര്‍ത്ഥികള്‍ കഥയോ, കവിതയോ അയക്കണം. രചനയ്ക്കൊപ്പം ഫോണ്‍ നമ്പര്‍, ഫോട്ടോ എന്നിവ സഹിതമുള്ള വിശദമായ ബയോഡാറ്റയും നിര്‍ബന്ധമായും വേണം.

മികച്ച കഥയ്ക്കും കവിതയ്ക്കും കെ വി അനൂപ് സ്മാരക പുരസ്‌കാരവും ക്യാമ്പിലെ പ്രതിഭകള്‍ക്ക് സാഹിത്യകാരന്‍ കോവിലന്റെ കുടുംബം ഏര്‍പ്പെടുത്തിയിട്ടുള്ള കോവിലന്‍ സ്മാരക പുരസ്‌കാരവും സമ്മാനിക്കും. ക്യാമ്പിനായി തിരഞ്ഞെടുക്കപ്പെടുന്ന നൂറുപേര്‍ക്ക് തിരുവനന്തപുരത്ത് ജനുവരി 30 മുതല്‍ നാലുദിവസങ്ങളിലായി നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോല്‍സവത്തിലും പ്രവേശനം ലഭിക്കും.

രചനകള്‍ നവംബര്‍ 25-നകം അയയ്ക്കണം. വിലാസം: കോഓര്‍ഡിനേറ്റര്‍, മാതൃഭൂമി സംസ്ഥാന സാഹിത്യ ക്യാമ്പ്  2019, മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ ഓഫീസ്, എം എം പ്രസ്, ചെറൂട്ടി റോഡ്, കോഴിക്കോട് 1. ഫോണ്‍: 9747533601.

Content Highlights: Mathrubhumi Study Circle literary camp to be held at mundrothuruthu in December