പാലക്കാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 'മാതൃഭൂമി' മെഗാ ബുക് ഫെയറിൽനിന്ന്.
പാലക്കാട്: കുട്ടിക്കൂട്ടിന് പുസ്തകക്കലവറയൊരുക്കി മാതൃഭൂമി മെഗാ ബുക് ഫെയര്‍. വായിച്ചുവളരാന്‍ വിപുലമായ ബാലസാഹിത്യവിഭാഗമാണ് വിക്ടോറിയ കോളേജിനടുത്തുള്ള ഇന്ഡോര്സ്റ്റേഡിയത്തിലെ മേളയില്‍ ഒരുക്കിയിട്ടുള്ളത്.
ജാപ്പനീസ് ഭാഷയിലെ 'ടോട്ടോച്ചാന്' എന്ന കൃതിയുടെ മലയാളപരിഭാഷ ഇക്കൂട്ടത്തില്‍ വേറിട്ടുനില്ക്കുന്നു. ഒരുലക്ഷത്തിലേറെ വില്പന നടന്ന പുസ്തകമാണിത്. കവി അന്‍വര്‍ അലിയാണ് മലയാളപരിഭാഷ നടത്തിയത്. എക്കാലത്തും കുട്ടികള്‍ക്ക് പ്രിയമുള്ള, നെഹ്രുവിന്റെ 'ഒരച്ഛന് മകള്‍ക്കയച്ച കത്തുകളും' നന്തനാരുടെ 'ഉണ്ണിക്കുട്ടന്റെ ലോകവും' ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഡോ. ശ്രീകുമാറിന്റെ 'സോവിയറ്റ് നാട്ടിലെ ബാലകഥകളും നാടോടിക്കഥകളും' എന്ന പുസ്തകത്തിലൂടെ സഞ്ചരിച്ച് വായനയുടെ ദേശവരമ്പുകള് ഇല്ലാതാക്കാം.
കുട്ടികളെ കവിതയോട് അടുപ്പിക്കാന്‍ ഈണത്തില്‍ ചൊല്ലാനുള്ള വരികളുടെ ഒട്ടേറെ പുസ്തകങ്ങള്‍. ശാസ്ത്രബോധം വളര്‍ത്താനുള്ള വിജ്ഞാന ഗ്രന്ഥങ്ങളും ഏറെ. അമര്‍ ചിത്രകഥയും ചിത്രങ്ങള്‍ക്ക് നിറംകൊടുക്കാനുള്ള പുസ്തകങ്ങളുമുണ്ട്.
ഇംഗ്ലീഷില്‍ ഹാരിപോട്ടറിനുതന്നെ തലപ്പൊക്കം. പേഴ്സി ജാക്സണ് സീരീസ്, ഡയറി ഓഫ് എ വിംപി കിഡ്, ജെറോണിമോ സ്റ്റില്‍ട്ടന്‍, ഡോര്‍ക് ഡയറീസ്, സുധാമൂര്‍ത്തി സീരീസ്, സീക്രട്ട് സെവന്, ഫെയ്മസ് ഫൈവ്, ടോം ഗേറ്റ്സ് സീരീസ്, റോള്‍ഡ് ഡാല്‍ പുസ്തകങ്ങളും ഇംഗ്ലീഷ് വിഭാഗത്തെ സമ്പന്നമാക്കുന്നു. ത്രില്ലര്‍, സാരോപദേശം, കോമിക്, ഫാന്റസി അനുഭവങ്ങള്പകരുന്ന കുട്ടിപ്പുസ്തകങ്ങള്‍ പ്രത്യേക വിഭാഗമായി ഒരുക്കിയത് തിരഞ്ഞെടുപ്പിന് സൗകര്യമാകും.
തിരഞ്ഞെടുത്ത പുസ്തകങ്ങള്‍ ചൂടുചായക്കൊപ്പം മറിച്ചുനോക്കാന്‍ ടോപ് ഇന്‍ ടൗണ്‍ കാറ്ററേഴ്സ് ഒരുക്കിയ വായനാമൂലയില്‍ ചെന്നിരിക്കാം. കണ്ണാടി സര്‍വീസ് സഹകരണ ബാങ്കിന്റെ അതിജീവന പ്രോജക്ടിന്റെ ഭാഗമായി ദേശീയപാത കണ്ണാടി വടക്കുമുറിയില്‍ പ്രവര്‍ത്തിക്കുന്ന ടേസ്റ്റ്സ് ആന്‍ഡ് ബ്ലെന്‍ഡ്സ് ഫുഡ് പാര്‍ക്കാണ് മേളയുടെ പ്രായോജകര്‍.
വീട്ടുപയോഗത്തിനുള്ള സാധനങ്ങള്‍ വില്‍ക്കുന്ന സ്റ്റാളുകളും പുസ്തകമേളയുടെ ഭാഗമായുണ്ട്. എറണാകുളം ആസ്ഥാനമായ കാവേരിഗ്രൂപ്പിന്റെ ഹോട് ആന്‍ഡ് കൂള്‍ ബാഗുകള്‍ ഒരു സ്റ്റാളിലുണ്ട്. ടഫ്ലോണ്കൊണ്ട് നിര്‍മിച്ച ബാഗാണിത്.
ചൂടുവെള്ളമോ ഐസ് ക്യൂബോ നിറച്ച് ശരീരവേദന സംഹാരിയായി ഉപയോഗിക്കാം. ഈ സ്റ്റാളില്ത്തന്നെ സ്മാര്‍ട്ട് ക്ളീന്‍ മോപ്പുകളും വില്‍ക്കുന്നുണ്ട്. 22 വരെ മേള തുടരും. രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയാണ് മേള. പ്രവേശനം സൗജന്യം. പുസ്തക വിവരങ്ങളറിയാന്‍ 9744607607 എന്ന നമ്പറില്‍ വിളിക്കാം.
Content Highlights: Mathrubhumi mega book fair, Palakkad, mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..