'മാതൃഭൂമി മെഗാ ബുക് ഫെയർ' ഉദ്ഘാടനസമ്മേളനത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയും സാഹിത്യകാരൻ വൈശാഖനും ചേർന്ന് ദീപംതെളിയിക്കുന്നു.
പാലക്കാട്: വായനയെക്കുറിച്ചുള്ള ഗൗരവമുള്ള ചര്‍ച്ചകളും പുതിയകാലത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകളുമായി പാലക്കാട്ട് 'മാതൃഭൂമി മെഗാ ബുക്ഫെയറിന്' തുടക്കം. ഇനി പത്തുനാള്‍ ഗവ. വിക്ടോറിയ കോളേജിനടുത്തുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വായനയുടെ വസന്തോത്സവമാണ്.
നല്ല എഴുത്തുകള്‍ക്ക് മനസ്സുകളെ സ്വാധീനിക്കാനുള്ള കഴിവുണ്ടെന്നും മനുഷ്യസ്നേഹമാവണം എല്ലാത്തിന്റെയും ചാലകശക്തിയെന്നും മെഗാ ബുക്ഫെയര്‍ ഉദ്ഘാടനംചെയ്ത മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഓര്‍മപ്പെടുത്തി. പുസ്തകം തിരഞ്ഞെടുക്കുമ്പോഴും വായിക്കുമ്പോഴും ഏറെ ശ്രദ്ധിക്കാനുണ്ട്. കാര്യങ്ങള്‍ അന്വേഷിച്ചറിയാനുള്ള മനസ്സുതന്നെയാണ് പ്രധാനം.
വലിയകാര്യങ്ങളെക്കുറിച്ച് എഴുതാന്‍ ഏറെപ്പേരുണ്ട്. നിത്യജീവിതത്തില്‍ സാധാരണക്കാരന് അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും എഴുതപ്പെടണമെന്നും അക്കാര്യങ്ങള്‍ ഗൗരവത്തോടെ ചര്‍ച്ചചെയ്യപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജീവിതം പഠിപ്പിക്കുന്ന സര്‍വകലാശാലകളാണ് പുസ്തകങ്ങളെന്ന് മുഖ്യപ്രഭാഷണം നടത്തിയ കഥാകൃത്ത് വൈശാഖന് അഭിപ്രായപ്പെട്ടു. അറിവുള്ള മനസ്സാണ് യഥാര്‍ഥസൗന്ദര്യം. മനസ്സിന്റെ സൗന്ദര്യസംരക്ഷണശാലയാണ് നല്ലവായന. ജീവിതത്തിലെ പ്രതിസന്ധികളെ തരണംചെയ്യാനുള്ള കരുത്ത് നല്ലപുസ്തകങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
.jpg?$p=c2197a1&&q=0.8)
'മാതൃഭൂമി' റീജണല്‍ മാനേജര്‍ എസ്. അമല്‍രാജ് അധ്യക്ഷനായി. കൂടിയാട്ടം ആചാര്യന് കലാമണ്ഡലം ശിവന്‍നമ്പൂതിരി വിശിഷ്ടാതിഥിയായി. പ്രൊഫ. പി.എ. വാസുദേവന്‍, ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആര്. അജയന്, കണ്ണാടി സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.വി. സുരേന്ദ്രന്, 'മാതൃഭൂമി' പ്രത്യേക ലേഖകന്‍ വി. ഹരിഗോവിന്ദന്, 'മാതൃഭൂമി' സീനിയര്‍ മാനേജര്‍ മീഡിയ സൊലൂഷന്‍സ് (പ്രിന്റ്) ആര്.പി. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
സാംസ്കാരികോത്സവമായി ഉദ്ഘാടനം
വിദ്യാര്‍ഥികളുടെ സജീവപങ്കാളിത്തത്തോടെയുള്ള ഉദ്ഘാടനസദസ്സ് സാംസ്കാരികോത്സവവേദിയുമായി. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തമിഴ് കവിതാരചനയില്‍ എ ഗ്രേഡ് നേടിയ പാലക്കാട് പി.എം.ജി. ഹയര്സെക്കന്ഡറിസ്കൂള് വിദ്യാര്‍ഥിനി എസ്. അഭിനയയ്ക്ക് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പുരസ്കാരം നല്കി. അഭിനയ, പി.എം.ജി. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക ദീപ പാട്ടത്തില്‍, യാക്കര സെന്റ്മേരീസ് ഇംഗ്ലീഷ് മീഡിയം യു.പി. സ്കൂളിലെ കെ. സന എന്നിവര്‍ കവിതകള്‍ ആലപിച്ചു.
കോട്ടായി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനും അപ്പുണ്ണിയേട്ടന് വായനശാലാ സെക്രട്ടറിയുമായ കെ.എ. അജേഷ്, സ്കൂളിലെ വിദ്യാര്‍ഥികളായ വി. മന്യ, എന്‍. നസ്രിന്, അനന്യ തുടങ്ങിയവര്‍ സംസാരിച്ചു.
പതിനായിരത്തിലേറെ പുസ്തകങ്ങള്‍
മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രിയ എഴുത്തുകാരുടെയും പ്രമുഖ പ്രസാധകരുടെയും കൃതികള്‍ ഉള്‍പ്പെടെ പതിനായിരത്തിലേറെ പുസ്തകങ്ങള്‍ മെഗാ ബുക്ഫെയറിനെ ആകര്‍ഷകമാക്കുന്നു. പുസ്തകങ്ങള്‍ കാണാനും ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാനുമുള്ള അവസരമാണിത്. 22-വരെ ബുക്ഫെയര്‍ തുടരും. രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയാണ് പ്രവര്‍ത്തനസമയം. പ്രവേശനം സൗജന്യമാണ്.
ഗ്രന്ഥശാലകള്‍, സ്കൂള്‍-കോളേജ് ലൈബ്രറികള്‍ തുടങ്ങിയവയ്ക്ക് പ്രത്യേക ഇളവുകളുണ്ട്. വാങ്ങിയ പുസ്തകം ചൂടുചായക്കൊപ്പം ഇരുന്ന് ആസ്വദിക്കാവുന്ന തരത്തില്‍ വായനമൂലയും പുസ്തകോത്സവവേദിയിലുണ്ട്. ടോപ് ഇന്‍ ടൗണ്‍ കാറ്ററേഴ്സാണ് വായനമൂല ഒരുക്കിയിട്ടുള്ളത്.
കണ്ണാടി സര്‍വീസ് സഹകരണബാങ്കിന്റെ അതിജീവന് പ്രോജക്ടിന്റെ ഭാഗമായി ദേശീയപാത കണ്ണാടി വടക്കുമുറിയില്‍ പ്രവര്‍ത്തിക്കുന്ന ടേസ്റ്റ്സ് ആന്‍ഡ് ബ്ലെന്‍ഡ്സ് ഫുഡ് പാര്‍ക്കാണ് മേളയുടെ പ്രായോജകര്‍.
Content Highlights: Mathrubhumi mega book fair, Palakkad, Mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..