കോഴിക്കോട്: ''നിന്റെ കഥ മാതൃഭൂമിയില്‍ വന്നാല്‍ കാക്ക മലര്‍ന്നു പറക്കും എന്ന കൂട്ടുകാരുടെ പരിഹാസവാക്കുകളാണ് ആദ്യം ഓര്‍മയിലെത്തിയത്''- തന്റെ സാഹിത്യജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമെന്ന മുഖവുരയോടെ മാതൃഭൂമിയുടെ അക്ഷരപുരസ്‌കാര വാര്‍ത്തയെ സ്വീകരിച്ചുകൊണ്ട് മുഖംനിറയെ പുഞ്ചിരിയുമായി യു.എ. ഖാദര്‍ പറഞ്ഞു. പൊക്കുന്നിലെ 'അക്ഷരം' വീട്ടില്‍ പുരസ്‌കാരങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കും നടുവിലിരുന്ന് അഭിനന്ദനവിളികള്‍ക്ക് മറുപടി നല്‍കുകയാണ് അദ്ദേഹം.

''ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട കുട്ടിയുടെ കാര്‍മേഘാവൃത മനസ്സായിരുന്നു എന്റേത്. സാഹിത്യപരിശ്രമങ്ങളിലൂടെയാണ് അതില്‍നിന്ന് രക്ഷപ്പെട്ടത്. ഏഴാംവയസ്സില്‍ ബര്‍മ (മ്യാന്‍മാര്‍) യില്‍നിന്നുള്ള അഭയാര്‍ഥിപ്രവാഹത്തില്‍ പിതാവിന്റെ ചുമലിലേറി ഇങ്ങോട്ടെത്തി. 1942 മുതല്‍ ഞാന്‍ ഇന്ത്യക്കാരനാണ്. അതിനാല്‍, പൗരത്വത്തെക്കുറിച്ച് എനിക്ക് ബേജാറില്ല''- കാലത്തിന്റെ കയ്പുകള്‍ക്കുനേരെ കറുത്ത ചിരിയോടെ എഴുത്തുകാരന്റെ വാക്കുകള്‍.

''അമ്മയില്ലാത്ത കുട്ടിയെ തോളിലേറ്റി എത്രദൂരം ഇങ്ങനെ പോകും, അഭയാര്‍ഥിക്യാമ്പുകളിലെവിടെയെങ്കിലും ഉപേക്ഷിക്കാം എന്ന് പിതാവിനോട് കൂടെയുള്ളവര്‍ പലരും പറഞ്ഞിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ വിധി മറ്റൊന്നായേനേ. ഈ നാട്ടിലേക്ക് അദ്ദേഹം എന്നെ കൂട്ടിക്കൊണ്ടുവന്നു. എഴുത്തുകാരനായി. ഇപ്പോള്‍ മാതൃഭൂമിയുടെ സാഹിത്യപുരസ്‌കാരം ഏറ്റുവാങ്ങാന്‍ പാകത്തിന് ഞാന്‍ വളര്‍ന്നു. അതില്‍ പിതാവ് അഭിമാനിക്കുന്നുണ്ടാവും''.

''എഴുത്തുകാരന്‍ എന്ന നിലയ്ക്ക് അറിയപ്പെട്ടുതുടങ്ങിയപ്പോള്‍ കൂട്ടുകാരില്‍ പലരും പറഞ്ഞു, അംഗീകരിക്കപ്പെടണമെങ്കില്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കണം. 1966-ല്‍ മാതൃഭൂമിയില്‍ കഥ പ്രസിദ്ധീകരിച്ചുവന്നു. ഇന്നിതാ, ഏറ്റവും ആദരിക്കപ്പെടുന്ന മാതൃഭൂമിയുടെ സാഹിത്യപുരസ്‌കാരവും കിട്ടിയിരിക്കുന്നു''.

''ആധുനികതയുടെ കാലത്ത്, എഴുത്തില്‍ സ്വന്തം മുദ്രപതിപ്പിക്കാന്‍ എന്താണ് വഴിയെന്ന ചിന്തയിലാണ് ഉത്തരമലബാറിലെ കാവും കുളങ്ങളും കളമെഴുത്തും പ്രാക്തനവിശ്വാസവും ഒക്കെയുള്‍പ്പെടുന്ന ഗ്രാമീണജീവിതങ്ങള്‍ ആവിഷ്‌കരിച്ചത്. കാവും തെയ്യവും ക്ഷേത്രമതിലിനുള്ളിലെ കാര്യങ്ങളും വിവരിക്കുന്ന കഥകള്‍ ഇന്നാണെഴുതുന്നതെങ്കില്‍ അടി രണ്ടുഭാഗത്തുനിന്നും വരും'' -അത്തരം അങ്കലാപ്പുകളൊന്നും ഇല്ലാതിരുന്ന പഴയ എഴുത്തുകാലത്തെക്കുറിച്ച് നഷ്ടബോധത്തോടെയുള്ള വാക്കുകള്‍.

''ജന്മംകൊണ്ട് മലയാളിയല്ലെങ്കിലും തനിമലയാളത്തില്‍ കഥകളെഴുതി ആ ജീവിതം ആവിഷ്‌കരിച്ചാണ് സാഹിത്യത്തില്‍ ശ്രദ്ധേയനായത്. ജനനമല്ല, ദേശമാണ് ഭാഷയെ നിശ്ചയിക്കുന്നത്. ടി.വി. തുറക്കാന്‍ പേടിയാണിപ്പോള്‍. നീതികേടിന്റെ ചിത്രങ്ങളാണ് എവിടെയും. '' ''അനീതിയെ ചോദ്യം ചെയ്യുന്ന ഒരു തലമുറയുണ്ടെന്ന ആശ്വാസവും അടുത്ത ദിവസങ്ങളില്‍ ഉണ്ടാവുന്നുണ്ട്. നിര്‍ഭയയെ കൊന്നവരെ തൂക്കിലേറ്റാനുള്ള തീരുമാനമുണ്ടാകുമ്പോള്‍, പെണ്‍കുട്ടികള്‍ കുറേക്കൂടി ധീരരായി, ആത്മവിശ്വാസത്തോടെ നിലപാടെടുക്കണം. ഒരാളുടെയും തുണയില്ലാതെ, 'എനിക്കു ഞാന്‍ മതി' എന്ന തന്റേടത്തോടെ സ്ത്രീകള്‍ക്ക് ഏതു രാത്രിയും പുറത്തിറങ്ങാന്‍ കഴിയുന്ന സ്ഥിതിയുണ്ടാവണം'' -നാളത്തെ തലമുറയില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന എഴുത്തുകാരന്റെ വാക്കുകള്‍.

യു. എ. ഖാദറിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Mathrubhumi Literary Award for UA Khader