കോഴിക്കോട്: സാഹിത്യത്തിലെയും ചിന്തയിലെയും പുത്തന്‍ ആശയങ്ങള്‍ ചര്‍ച്ചയാകുന്ന അന്താരാഷ്ട്ര അക്ഷരോത്സ വത്തിനു മാതൃഭൂമി വേദിയൊരുക്കുന്നു. ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തീയതികളില്‍ തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരത്തിലാണ് മാതൃഭൂമി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്സ് നടക്കുക. 

പുതിയ കാലത്തെ കഥയും കവിത യും കലയും കാഴ്ചയും കാഴ്ചപ്പാടുകളും കനകക്കുന്നിലെ അഞ്ചു വേദികളിലായി മൂന്നു ദിവസങ്ങളില്‍ അവതരിപ്പിക്കും, ചര്‍ച്ച ചെയ്യും. നൂറിലേറെ എഴുത്തുകാരും ചിന്തകരും കലാകാരന്മാരും പങ്കെടുക്കുന്ന അക്ഷരോത്സവത്തില്‍ പകുതിയിലേറെ പേര്‍ ആഗോളതലത്തില്‍ ശ്രദ്ധേയരായവരാണ്. പത്തിലേറെ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കൊപ്പം മലയാളത്തിലെയും വിവിധ ഇന്ത്യന്‍ ഭാഷകളിലെയും പ്രതിഭകളും ഉത്സവത്തിനെത്തും.

സാഹിത്യവും ആശയങ്ങളും ഗൗരവമായി ചര്‍ച്ചചെയ്യപ്പെടുന്ന ലോകത്തിലെ തന്നെ ഏറ്റവും വലുതും ശക്തവുമായ സാംസ്‌കാരികസംഭവമായി ഈ അക്ഷരോത്സവത്തെ മാറ്റിയെടുക്കാനാണ് മാതൃഭൂമി ആഗ്രഹിക്കുന്നതെന്ന് ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്‍മാന്‍ എം.പി. വീരേന്ദ്രകുമാര്‍ അറിയിച്ചു. 'ലോകത്തെ വലിയ ചിന്തകളും എഴുത്തും ചര്‍ച്ചചെയ്യുന്ന സജീവമായ സാംസ്‌കാരിക ഒത്തുചേരലാണ് ഞങ്ങളുടെ ഉദ്ദേശ്യം. ഈ ചര്‍ച്ചകള്‍ക്കൊപ്പം സംഗീതവും നാടകവും പുതിയ അവതരണകലകളും അക്ഷരോത്സവത്തെ വൈവിധ്യപൂര്‍ണമാക്കും' -അദ്ദേഹം പറഞ്ഞു. 

ലോകസാഹിത്യത്തിലെയും മലയാളമുള്‍പ്പെടെയുള്ള ഇന്ത്യന്‍ സാഹിത്യത്തിലെയും മികച്ച ആശയങ്ങള്‍ക്ക് വേദിയൊരുക്കുന്നതിനുപുറമേ മലയാളത്തിലെ പുതിയ പ്രതിഭകള്‍ക്ക് ലോകസാഹിത്യത്തിലെ പുതിയ പ്രവണതകള്‍ അടുത്തറിയാനുള്ള അവസരം ഒരുക്കുകകൂടി മാതൃഭൂമിയുടെ ലക്ഷ്യമാണെന്നു വീരേന്ദ്രകുമാര്‍ സൂചിപ്പിച്ചു.

മലയാളത്തിലെ യുവകഥാകൃത്തുക്കള്‍ക്കുവേണ്ടി അക്ഷരോത്സവത്തോടനുബന്ധിച്ചു രണ്ടുലക്ഷം രൂപ ഒന്നാം സമ്മാനം നല്‍കുന്ന കഥാമത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഒരു അന്താരാഷ്ട്ര സാഹിത്യോത്സവം പുറത്തുനിന്ന് എത്തുന്നവരെപ്പോലെ ഇപ്പോള്‍ത്തന്നെ ചടുലമായ വായനാസംസ്‌കാരമുള്ള മലയാളിയെയും ഉത്സാഹഭരിതമാക്കുമെന്നു അക്ഷരോത്സവത്തിന്റെ രക്ഷാധികാരികളില്‍ ഒരാളായ ഡോ. ശശി തരൂര്‍ പറഞ്ഞു.

എഴുത്തുകാരനും എഡിറ്ററുമായ സി.പി. സുരേന്ദ്രനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ െസബിന്‍ ഇക്ബാലും മാതൃഭൂമി എക്സിക്യുട്ടീവ് എഡിറ്റര്‍ പി.ഐ. രാജീവുമാണ് മാതൃഭൂമി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്സിന്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍മാര്‍. മാനവസംസ്‌കാരത്തിന്റെ ചരിത്രപരവും കാലികവുമായ ആശങ്കകള്‍, പരിസ്ഥിതി, സിനിമ, രാഷ്ട്രീയം, ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും അഭൂതപൂര്‍വമായ വികാസം, അവ നമ്മുടെ സാഹിത്യത്തിലും സംസ്‌കാരത്തിലും നടത്തുന്ന ഇടപെടലുകള്‍ തുടങ്ങിയ വിഷയങ്ങള്‍ അക്ഷരോത്സവത്തിന്റെ ചര്‍ച്ചകളില്‍ പ്രധാനമാവുമെന്ന് അവര്‍ പറഞ്ഞു.

സാമൂഹികമാധ്യമരംഗത്തെ നവതാരങ്ങളും ഫെസ്റ്റിവലിന് പുതുമ പകരും. സംഗീതത്തിന്റെയും ദൃശ്യാവതരണങ്ങളുടെയും കഥാകഥനത്തിന്റെയും കുട്ടികള്‍ക്കുള്ള അക്ഷരാഭ്യാസങ്ങളുടെയും യുവാക്കള്‍ക്കുവേണ്ടി യുള്ള ഇന്ററാക്ടീവ് സെഷനുകളുടെയും നിറസാന്നിധ്യം കനകക്കുന്ന് കൊട്ടാരത്തിലെ എല്ലാ വേദികളെയും മറ്റു സാഹിത്യോത്സവങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുമെന്നു ഫെസ്റ്റിവല്‍ ഡയറക്ടര്‍മാര്‍ വിശദീകരിച്ചു. 

മലയാളത്തിലെ ആദ്യ ഖരാക്ഷരമായ 'ക' കേന്ദ്രമാക്കിയാണ് അക്ഷരോത്സവ ലോഗോ. ബഹുവര്‍ണങ്ങളുടെ പശ്ചാത്തലവിന്യാസത്തില്‍ അക്ഷരം ആകാശത്തോളം ഉയര്‍ന്നുനില്‍ക്കുന്ന പ്രതീതിയിലാണ് ലോഗോ തയ്യാറാക്കിയിരിക്കുന്നത്.

Content Highlights: MBIFL2018 Festival Of Letters Mathrubhumi Literary Festival International Literary Festival Literary festivals of India