കൊച്ചി: പുസ്തകത്താളുകള്‍ മറിക്കുമ്പോഴുള്ള വായനയുടെ ഗന്ധത്തിലേക്ക് സ്വാഗതം. കലൂര്‍-കടവന്ത്ര റോഡിലെ എക്സ്പ്രസ് ഗാര്‍ഡന്‍സില്‍ 'മാതൃഭൂമി പുസ്തകശാല' തിങ്കളാഴ്ച പ്രവര്‍ത്തനം തുടങ്ങും. കൊച്ചിയുടെ മാറുന്ന മുഖച്ഛായയ്ക്ക് അനുസരിച്ചാണ് 1400 ചതുരശ്രയടിയില്‍ പുസ്തകശാല ഒരുക്കിയിരിക്കുന്നത്. മലയാളത്തിനൊപ്പം ഇംഗ്ലീഷ് പുസ്തകങ്ങളുടെ വന്‍ ശേഖരവും ഇവിടെയുണ്ട്.
സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ അവസാന രചനയായ 'ബ്രീഫ് ആന്‍സേഴ്‌സ് ടു ബിഗ് ക്വസ്റ്റ്യന്‍സ്' വില്പനയ്ക്ക് എത്തിയിട്ടുണ്ട്. നോട്ട് നിരോധനത്തിന്റെ ആഘാതത്തെക്കുറിച്ച് മീര എച്ച്. സന്യാല്‍ എഴുതിയ 'ദി ബിഗ് റിവേഴ്‌സ്, ഹൗ ഡീ മോണട്ടൈസേഷന്‍ നോക്ക്ഡ് ഇന്ത്യ ഔട്ട്', രാമചന്ദ്ര ഗുഹയുടെ 'ഗാന്ധി-ദി ഇയേഴ്‌സ് ദാറ്റ് ചേഞ്ച്ഡ് ദി വേള്‍ഡ്', ആനന്ദ് നീലകണ്ഠന്റെ ഏറ്റവും പുതിയ രചനയായ 'വാനര', ചേതന്‍ ഭഗത്തിന്റെ 'ദി ഗേള്‍ ഇന്‍ റൂം 105', ശശി തരൂരിന്റെ 'ദി പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍', ജോര്‍ജ് ആര്‍.ആര്‍. മാര്‍ട്ടിന്റെ 'ഫയര്‍ ആന്‍ഡ് ബ്ലഡ്', പൗലോ കൊയ്‌ലോയുടെ 'ഹിപ്പി', ജെഫ്രി ആര്‍ച്ചറുടെ 'ഹെഡ്‌സ് യു വിന്‍', ക്രിക്കറ്റ് താരം വി.വി.എസ്. ലക്ഷ്മണിന്റെ ആത്മകഥയായ '281 ആന്‍ഡ് ബിയോണ്‍ഡ്', രസതന്ത്രത്തില്‍ നോബല്‍ പുരസ്‌കാരം നേടിയിട്ടുള്ള വെങ്കി രാമകൃഷ്ണന്റെ 'ജീന്‍ മെഷീന്‍' എന്നിവ വില്പനയ്ക്കുള്ള പുസ്തകങ്ങളില്‍ ചിലത് മാത്രം. മനു എസ്. പിള്ളയുടെ 'റിബല്‍ സുല്‍ത്താന്‍മാര്‍', സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്റെ ജീവിതവും സംഗീതവും വിവരിക്കുന്ന 'പാടാത്ത വീണയും പാടും' എന്നിവ വില്പനയിലുള്ള 'മാതൃഭൂമി' പ്രസിദ്ധീകരണങ്ങളാണ്. നടി പൗളി വില്‍സന്‍ തന്റെ ജീവിതം വിവരിക്കുന്ന 'ചോരനേരുള്ള പകര്‍ന്നാട്ടങ്ങള്‍', 2016-ലെ നോബല്‍ പുരസ്‌കാര ജേതാവ് നാദിയ മുറാദ് എന്ന ഇറാഖി യുവതിയുടെ 'തടവറ സ്മരണകള്‍', എം.ജി.എസ്. നാരായണന്റെ ആത്മകഥ 'ജാലകങ്ങള്‍', ബോക്സിങ് താരം മേരി കോമിന്റെ ആത്മകഥ എന്നിവ മലയാള പുസ്തകങ്ങളില്‍ ചിലതാണ്.
വായനക്കാരന് എളുപ്പം കണ്ടെത്താവുന്ന വിധം ഇനം തിരിച്ചാണ് പുസ്തകങ്ങള്‍ വിന്യസിച്ചിട്ടുള്ളത്. പൂര്‍ണമായും ശീതീകരിച്ച സ്റ്റാളില്‍ പുസ്തക പ്രകാശനങ്ങള്‍ക്കുള്ള സൗകര്യങ്ങളുമുണ്ട്. കുട്ടികളുടെ പുസ്തകങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരമാണ് മറ്റൊരാകര്‍ഷണം.
ഉദ്ഘാടനം മൂന്നരയ്ക്ക്
തിങ്കളാഴ്ച 3.30-ന് കവി പ്രൊഫ. വി. മധുസൂദനന്‍ നായരും കഥാകാരന്‍ സന്തോഷ് ഏച്ചിക്കാനവും ചേര്‍ന്ന് പുസ്തകശാല ഉദ്ഘാടനം ചെയ്യും. 'മാതൃഭൂമി' ജോയിന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷ് അധ്യക്ഷത വഹിക്കും. പ്രീതി ഷേണായ് ആണ് മുഖ്യാതിഥി. അസറ്റ് ഹോംസ് മാനേജിങ് ഡയറക്ടര്‍ വി. സുനില്‍കുമാര്‍ ആദ്യ വില്പന ഏറ്റുവാങ്ങും. തുടര്‍ന്ന് പത്തു ദിവസം നീളുന്ന സാംസ്‌കാരിക പരിപാടികള്‍ക്ക് തുടക്കമാകും.
മാതൃഭൂമി ബുക്സിന്റെ എല്ലാ പുസ്തകങ്ങളും ഇവിടെ ലഭിക്കും. തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ 15 വരെ നാല് പുസ്തകങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു പുസ്തകം സൗജന്യമായി ലഭിക്കും. ലൈബ്രറികള്‍, സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവയ്ക്കും ഈ കാലയളവില്‍ പ്രത്യേക ആനുകൂല്യങ്ങളുണ്ട്.
Content Highlights: Mathrubhumi books, New shop opens at Kochi