തിരുവനന്തപുരം: മാതൃഭൂമി ബുക്‌സിന്റെ തിരുവനന്തപുരത്തെ രണ്ടാമത്തെ ഷോറൂം എം.ടി.വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഈഞ്ചയ്ക്കലിലെ മാള്‍ ഓഫ് ട്രാവന്‍കൂറിന്റെ രണ്ടാമത്തെ നിലയില്‍ കാര്‍ണിവല്‍ തിയേറ്ററിനു സമീപമാണ് പുസ്തകശാല.
തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ സ്വാമി തപോവനത്തിന്റെ 'ഹിമഗിരി വിഹാരം' എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രൊഫ. വി.മധുസൂദനന്‍ നായര്‍, കവി പ്രഭാവര്‍മ്മയ്ക്കു നല്‍കി നിര്‍വഹിച്ചു.
തലമുറകളെ വായനയുടെ ലോകത്തേക്കു പിടിച്ചുയര്‍ത്തിയ 'മാതൃഭൂമി', തിരുവനന്തപുരത്തു തുറന്ന പുതിയ ഷോറൂമില്‍ മികച്ച പുസ്തകങ്ങളുടെ വന്‍ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രമുഖ പ്രസാധകരുടെ അന്‍പതിനായിരത്തിലേറെ പുസ്തകങ്ങള്‍ ഇവിടെയുണ്ട്.
വിഷയമനുസരിച്ചാണ് പുസ്തകങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. വായിച്ചുതുടങ്ങുന്ന കുട്ടികള്‍ മുതല്‍ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമുള്ള പുസ്തകങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കു മാത്രമായി പ്രത്യേക വിഭാഗമുണ്ട്.
മാതൃഭൂമി ബുക്‌സിനു പുറമേ, അന്‍പതോളം പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഇവിടെയുണ്ടാകും. ഡി.സി. ബുക്‌സ്, കറന്റ് ബുക്‌സ്, സൈന്ധവ ബുക്‌സ്, ഒലീവ്, ഗ്രീന്‍ ബുക്‌സ്, സങ്കീര്‍ത്തനം, തൃശ്ശൂര്‍ കറന്റ് തുടങ്ങിയ മലയാളം പ്രസാധകരും പെന്‍ഗ്വിന്‍, ഹാര്‍പ്പര്‍ കോളിന്‍സ്, പ്രിസം ബുക്‌സ്, പാന്‍ മാക്മില്ലണ്‍ തുടങ്ങിയ ഇംഗ്ലീഷ് പ്രസാധകരുടെ പുസ്തകങ്ങളും ലഭിക്കും.