പാലക്കാട്: സുല്‍ത്താന്‍പേട്ടയില്‍ നവീകരിച്ച മാതൃഭൂമി ബുക്‌സ് സ്റ്റാള്‍ സാഹിത്യകാരന്‍ സി.വി. ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. വായനയെയും പുസ്തകങ്ങളെയും സ്നേഹിക്കുന്ന ഒരാളെന്നനിലയില്‍ ഒരു ബുക്‌സ് സ്റ്റാള്‍ തുറക്കാനായി എന്നത് ഏറെ ആഹ്ലാദകരമായ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.

പുസ്തകങ്ങളെ സ്പര്‍ശിക്കുകയും മണക്കുകയും അറിയുകയും ചെയ്യുക എന്നത് ഒരു അനുഭവമാണ്. പുസ്തകങ്ങള്‍ അനാവശ്യമാണെന്ന് പറയുന്നവരുടെ കാലത്തും അത് പുതിയ സാധ്യതകള്‍ തുറന്നിടുകയാണ്. ഒരാള്‍ക്ക് സ്വയം നല്‍കാവുന്ന ഏറ്റവുംവലിയ സമ്മാനമാണ് പുസ്തകങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ഇരുനിലകളിലായാണ് നവീകരിച്ച ബുക്‌സ് സ്റ്റാള്‍. കൂടുതല്‍ സ്ഥലസൗകര്യത്തോടെ ഇവിടെ പുസ്തകങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നോവല്‍, കഥ, കവിത, സഞ്ചാരസാഹിത്യം, ലേഖനങ്ങള്‍, റഫറന്‍സ് ഗ്രന്ഥങ്ങള്‍, ആത്മകഥ, വ്യക്തിത്വവികസനം, ആത്മീയം, ആരോഗ്യം തുടങ്ങി വിവിധങ്ങളായ പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പുസ്തകങ്ങളുണ്ട്.

ആനുകാലിക പ്രസിദ്ധീകരണങ്ങളും ലഭ്യമാണ്. പുസ്തകങ്ങള്‍ എളുപ്പത്തില്‍ തിരഞ്ഞെടുക്കാവുന്ന രീതിയിലാണ് ക്രമീകരണം. ദിവസവും രാവിലെ പത്തുമുതല്‍ വൈകീട്ട് ഏഴുവരെയാണ് പ്രവര്‍ത്തനസമയം.

വിക്ടോറിയകോളേജ് മലയാളവിഭാഗം മുന്‍തലവന്‍ ഡോ. പി. മുരളി, മാതൃഭൂമി ബുക്സ് മാനേജര്‍ നൗഷാദ്, മാതൃഭൂമി പാലക്കാട് യൂണിറ്റ് മാനേജര്‍ എസ്. അമല്‍രാജ്, മാതൃഭൂമി ബുക്സിലെ സിദ്ധാര്‍ഥന്‍ എന്നിവര്‍ പങ്കെടുത്തു.