മാതൃഭൂമി ബുക്‌സ് പുതുവര്‍ഷത്തില്‍ സംഘടിപ്പിക്കുന്ന ആദ്യപുസ്തകോത്സവം പുസ്തകം 2020 പാറമേക്കാവ് അഗ്രശാലയില്‍ തുടങ്ങി. എഴുത്തുകാരി കെ. രേഖയാണ് പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. മലയാളത്തിലെ പ്രമുഖ പ്രസാധകരുടെയും കഴിഞ്ഞവര്‍ഷം മലയാളത്തിലിറങ്ങിയ പ്രമുഖ പുസ്തകങ്ങളുടെയും ശേഖരമാണ് പുസ്തകോത്സവത്തില്‍ ഒരുക്കിയിട്ടുള്ളത്. ഈ മാസം പതിനാറുവരെയാണ് പുസ്തകോത്സവം. ഉദ്ഘാടനച്ചടങ്ങില്‍ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പങ്കെടുത്തു.

മലയാളത്തിലെയും ഇംഗ്ലീഷിലെയും ഇരുനൂറ്റിയമ്പതിലധികം പ്രസാധകരുടെ പുസ്തകങ്ങള്‍ പുസ്തകോത്സവത്തിലുണ്ട്. വരുംദിവസങ്ങളില്‍ പുസ്തക ചര്‍ച്ചയും പ്രകാശനവും സംഘടിപ്പിക്കും. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ആലങ്കോട് ലീലാകൃഷ്ണന്റെ കവിതാസമാഹാരം'അപ്രത്യക്ഷം'  പ്രകാശനം ചെയ്യും. വീരാന്‍കുട്ടി, സെബാസ്റ്റിയന്‍, ഡോ. ആര്‍. ശീലതാവര്‍മ തുടങ്ങിയവര്‍ പങ്കെടുക്കും.

ഒമ്പതാം തീയതി വ്യാഴാഴ്ച മധുപാലിന്റെ കഥാസമാഹാരം അവന്‍(മാര്‍)ജാരപുത്രന്റെ പ്രകാശനച്ചടങ്ങില്‍ അഷ്ടമൂര്‍ത്തി, പി.എഫ് മാത്യൂസ്, ഡോ.ടി. കെ കലമോള്‍ എന്നിവര്‍ പങ്കെടുക്കും. മാധ്യമപ്രവര്‍ത്തകന്‍ മനോജ്‌മേനോന്‍ എഴുത്തുകാരന്‍ ആനന്ദുമായി നടത്തിയ അഭിമുഖസംഭാഷണങ്ങളുടെ പുസ്തകരൂപം എം.എന്‍. കാരശ്ശേരി, കെ.സി. നാരായണന്‍, ആനന്ദ് തുടങ്ങിവരുടെ സാന്നിധ്യത്തില്‍ പതിമൂന്നിന് വൈകുന്നേരം അഞ്ചുമണിക്ക് പ്രകാശനം ചെയ്യും.  

സിനിമാതാരം ലക്ഷ്മിപ്രിയയുടെ കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല എന്ന പുസ്തകത്തെ ആധാരമാക്കി എഴുത്തുകാരിയുമായി മുഖാമുഖം പതിനഞ്ചിന് വൈകുന്നേരം 4.30ന് നടക്കും.

2019ലെ മികച്ച രചനകളായി ആസ്വാദകലോകം അംഗീകരിച്ച പുസ്തകങ്ങള്‍ പുസ്തകോത്സവത്തില്‍ ലഭിക്കും. ശശി തരൂര്‍, ടി.ഡി. രാമകൃഷ്ണന്‍, എം.ടി. വാസുദേവന്‍ നായര്‍, വൈക്കം മുഹമ്മദ് ബഷീര്‍, എം.എന്‍. വിജയന്‍ തുടങ്ങിയവരുടെ സമ്പൂര്‍ണകൃതികള്‍ ലഭ്യമാക്കിയിട്ടുണ്ട്. പുസ്തകോത്സവത്തില്‍നിന്ന് പുസ്തകം തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും. എല്ലാ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും സ്വീകരിക്കും. ഫോണ്‍: 9895103060.രാവിലെ പത്തുമണിമുതല്‍ രാത്രി എട്ടുവരെയാണ് പ്രദര്‍ശനവും വില്പനയും.

Content Hoghlights:Mathrubhumi Book Festival Thrissur