മാതൃഭൂമി-സൗത്ത് ഇന്ത്യന്‍ ബാങ്ക് അന്താരാഷ്ട്ര പുസ്തകോത്സവം വൈവിധ്യങ്ങളായ പരിപാടികളോടെ ഒക്ടോബര്‍ 30 മുതല്‍ ഒക്ടോബര്‍ 15 വരെ കൊച്ചി, എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കും. അഞ്ചു ലക്ഷത്തോളം പുസ്തകങ്ങളാണ് മേളയുടെ പ്രധാന ആകര്‍ഷണം. ഇവ ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാനും വായനക്കാര്‍ക്ക് സാധിക്കും. 

30ന് വൈകീട്ട് 5.30 ന് പ്രശസ്ത ഇന്തോ-ഇംഗ്ലീഷ് എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്‍ പുസ്തകമേള ഉദ്ഘാടനം ചെയ്യും. മേയര്‍ സൗമിനി ജെയിന്‍ പങ്കെടുക്കും. തുടര്‍ന്ന് ആനന്ദ് നീലകണ്ഠന്റെ 'ദുര്യോധനന്‍ - കൗരവംശത്തിന്റെ ഇതിഹാസം-രണ്ട് കലി' പുസ്തകം പ്രകാശനം ചെയ്യും. കെ.പി.എ.സി ലളിത, സിദ്ധാര്‍ഥ് ഭരതന്‍, ശ്രീകുമാരി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. 

ഞായറാഴ്ച വൈകീട്ട് 5.30 ന് ഇന്തോ-ഇംഗ്ലീഷ് എഴുത്തുകാരി പ്രീതി ഷേണായിയുമായി ദീപ ആന്റണിയുടെ മുഖാമുഖം നടക്കും. ഒക്ടോബര്‍ മൂന്നിന് വൈകീട്ട് 5.30 ന് സജി വര്‍ഗീസ് എഡിറ്റ് ചെയ്ത 'ദേശാന്തര യാത്രകള്‍' പ്രകാശിപ്പിക്കും. ചടങ്ങില്‍ ബെന്യാമിന്‍, കെ.ആര്‍.വിജയന്‍, മോഹന വിജയന്‍ എന്നിവര്‍ പങ്കെടുക്കും. 

അഞ്ചിന് സി.വി. ബാലകൃഷ്ണന്റെ വിവര്‍ത്തന കൃതിയായ 'പരേതന്‍' പ്രകാശിപ്പിക്കും. കെ.ബി. പ്രസന്നകുമാര്‍, അനുമോള്‍ എന്നിവര്‍ പങ്കെടുക്കും. ഒക്ടോബര്‍ ആറിന് വൈകുന്നേരം 5.30ന് ഇന്തോ-ഇംഗ്ലീഷ് സാഹിത്യകാരന്‍ ടി.വി. വര്‍ക്കിയുമായി സന്ധ്യാമേരി നടത്തുന്ന മുഖാമുഖം. 

ഏഴിന് വൈകീട്ട് 5.30 ന് സുജമോള്‍ ജോസിന്റെ 'നല്ല ശീലങ്ങള്‍ വളര്‍ത്താം, വലിയവരാകാം', ജിജോ സിറിയക്കിന്റെ 'ജീവിത വിജയത്തിന് ബി പോസിറ്റീവ്', ഡോ. കൊച്ചുറാണി ജോസഫിന്റെ 'സമ്പത്ത് സൗഭാഗ്യമാകുവാന്‍' എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. ഡോ. വി.പി. ഗംഗാധരന്‍, ഡോ.സി.ജെ. ജോണ്‍ എന്നിവര്‍ പങ്കെടുക്കും. 

എട്ടിന് വൈകീട്ട് 5.30 ന് പ്രദീപ് ഭാസ്‌കറിന്റെ 'കാമാഖ്യ' എന്ന നോവല്‍ പ്രകാശിപ്പിക്കും. ഉണ്ണി ആര്‍. അജയ് പി. മങ്ങാട്ട്, വൈക്കം മുരളി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. 11 ന് വൈകീട്ട് 5.30 ന് അരുണ്‍ ഷൂരിയുടെ രണ്ട് ആത്മജ്ഞാനികള്‍ പ്രകാശിപ്പിക്കും. കെ.എല് രാധാകൃഷ്ണന്‍, സന്ദീപാനന്ദഗിരി, പി.ഐ. രാജീവ്, ശ്രീകാന്ത് കോട്ടയ്ക്കല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. 

12 ന് വൈകീട്ട് 5.30 ന് സേതുവിന്റെ പേടിസ്വപ്‌നങ്ങള്‍ എന്ന പുസ്തകം പ്രകാശനം ചെയ്യും. അയ്മനം ജോണ്‍, സോക്രട്ടീസ് വാലത്ത്, തനൂജ എസ്. ഭട്ടതിരി, അജിത്ത് എന്നിവര്‍ പങ്കെടുക്കും. 15ന് വൈകീട്ട് 5.30ന് പ്രമോദ് രാമന്റെ മരണമാസ് പ്രകാശിപ്പിക്കും. സേതു, എസ്. ഹരീഷ്, ശ്യാം പുഷ്‌കരന്‍, ലാസര്‍ ഷൈന്‍ എന്നിവര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2531708, 8589934747.