കോയമ്പത്തൂര്‍: സാഹിത്യത്തിന്റെ സാധ്യതകള്‍ തേടി 'മാതൃഭൂമി - അമൃത ലിറ്ററേച്ചര്‍ ചാമ്പി'ന്റെ ആദ്യ വെബിനാര്‍ ഓഗസ്റ്റ് 11-ന് നടത്തി. രാവിലെ 11 മുതല്‍ 12 വരെ 'സാഹിത്യം, ജീവിതം, തൊഴില്‍' എന്ന വിഷയത്തിലാണ് വെബിനാര്‍ നടത്തിയത്. ഓരോ ഭാഷയിലെയും അതികായരായ എഴുത്തുകാരിലൂടെയാണ് ഭാഷ വളര്‍ന്നതെന്ന് നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

എഴുത്തുകാര്‍ക്ക് പ്രതിഭ മാത്രം പോരാ. അവര്‍ ഭാഷ പഠിക്കുകയും അതിലെ വ്യാകരണങ്ങള്‍ പ്രായോഗികതലത്തില്‍ കൊണ്ടുവരികയും വേണമെന്ന് ഇംഗ്ലീഷ് എഴുത്തുകാരി അനിത നായര്‍ അഭിപ്രായപ്പെട്ടു. സാധാരണക്കാര്‍ക്ക് ഭാഷാപഠനം എന്നാല്‍ എഴുത്തുകാരനാവുക എന്നതാണ്. എന്നാല്‍ അതിനുമപ്പുറം പുതിയ ഡിജിറ്റല്‍ യുഗത്തില്‍ കണ്ടന്റ് റൈറ്റിങ്ങ്, കണ്ടന്റ് മാനേജ്മെന്റ്, വെബ്ഡവലപ്പര്‍ തുടങ്ങി അനന്ത സാധ്യതകളാണുള്ളതെന്ന് അമൃത വിശ്വവിദ്യാപീഠം ഇംഗ്ലീഷ് ആന്‍ഡ് ഹ്യുമാനിറ്റീസ് വിഭാഗം വൈസ് ചെയര്‍പേഴ്സണ്‍ പി.അംബിക പറഞ്ഞു. സാഹിത്യപഠനവുമായി ബന്ധപ്പെട്ട കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് പ്രഭാഷകര്‍ മറുപടി നല്‍കി.

രണ്ടാമത്തെ വെബിനാര്‍ 18-ന് രാവിലെ 11 മുതല്‍ 12 വരെ. 'സാഹിത്യത്തിലെ തൊഴില്‍സാധ്യതകള്‍' എന്ന വിഷയത്തിലാണ് വെബിനാര്‍. മാതൃഭൂമി അക്ഷരോത്സവം ഡയറക്ടറും എഴുത്തുകാരനുമായ സബീന്‍ ഇഖ്ബാല്‍, പ്രസാധക കാര്‍ത്തിക വി.കെ., അമൃതപുരി അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ബീന എസ്. നായര്‍ എന്നിവര്‍ സംസാരിക്കും.

അമൃതപുരി അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് പ്രിന്‍സിപ്പല്‍ ഡോ. വി.എം. നന്ദകുമാരന്‍ മാതൃഭൂമി-അമൃത ലിറ്ററേച്ചര്‍ ചാമ്പ് മത്സരവിജയികളെ പ്രഖ്യാപിക്കും. മാതൃഭൂമി ഡോട്ട്കോമിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വെബിനാര്‍ തത്സമയം കാണാം. ഇതിനോടനുബന്ധിച്ച് ചെറുകഥ, ലേഖനം വിഭാഗത്തില്‍ സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ക്ക് ഇന്നുകൂടി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ഫോണ്‍നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. വെബിനാറിലേക്കും മത്സരങ്ങളിലേക്കുമുള്ള രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്.

വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:98950 23057

Content Highlights: Mathrubhumi Amrutha literature champ webinar