കോയമ്പത്തൂര്‍: സാഹിത്യത്തിന്റെ സാധ്യതകള്‍തേടിയ 'മാതൃഭൂമി'- അമൃത ലിറ്ററേച്ചര്‍ ചാമ്പ് സമാപിച്ചു. പരിപാടിയുടെ ഭാഗമായ രണ്ടാം വെബിനാറും ചെറുകഥാ- ലേഖന മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും ബുധനാഴ്ച നടന്നു.

'സാഹിത്യത്തിലെ തൊഴില്‍സാധ്യതകള്‍' എന്ന വിഷയമാണ് വെബിനാറില്‍ ചര്‍ച്ചചെയ്തത്. തന്റെ ജീവിതത്തെയും കരിയറിനെയും സാഹിത്യം എങ്ങനെ പരുവപ്പെടുത്തി എന്നതിനെപ്പറ്റി 'മാതൃഭൂമി' അക്ഷരോത്സവം ഡയറക്ടറും എഴുത്തുകാരനുമായ സബീന്‍ ഇഖ്ബാല്‍ സംസാരിച്ചു. ഡിജിറ്റല്‍ യുഗത്തിലെ പുസ്തകപ്രസാധനത്തെക്കുറിച്ചാണ് പ്രമുഖ പ്രസാധക കാര്‍ത്തിക വി.കെ. സംസാരിച്ചത്. 

അമൃത യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് സാഹിത്യ കോഴ്‌സുകളെയും അവയുടെ തൊഴില്‍സാധ്യതകളെയുംപറ്റി അമൃതപുരി അമൃതസ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ബീന എസ്.നായര്‍ വിശദീകരിച്ചു. അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് പ്രിന്‍സിപ്പല്‍ ഡോ. വി.എം. നന്ദകുമാരനും സംസാരിച്ചു.

മത്സരവിജയികള്‍: ചെറുകഥ- കൃഷ്ണാമുരളീധരന്‍ (ഒന്നാംസ്ഥാനം), ശ്രീഹരി കൊടക്കല്‍ (രണ്ടാംസ്ഥാനം). ലേഖനം- അനിരുദ്ധ് ഗംഗാധരന്‍ (ഒന്നാംസ്ഥാനം), അനാമിത്ര രവിശങ്കര്‍ (രണ്ടാംസ്ഥാനം). വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. ബുധനാഴ്ചനടന്ന വെബിനാര്‍ മാതൃഭൂമി ഡോട്ട്‌കോമിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കാണാം.

Content Highlights: Mathrubhumi Amrutha literature champ