ചെങ്ങന്നൂരിലെ തീണ്ടാരിയാകുന്ന ദേവിയുടെ ആര്‍ത്തവത്തുണി കൊടുത്തയക്കുന്ന താഴ്മണ്‍ ബ്രാഹ്മണമഠത്തിലെ തന്ത്രിമാര്‍ തന്നെയാണ് ആര്‍ത്തവത്തിന്റെ പേരില്‍ ശബരിമലയില്‍ സ്ത്രീകളുടെ സന്ദര്‍ശനം തടയുന്നതെന്ന് എഴുത്തുകാരന്‍ മനു.എസ്.പിള്ള. മാതൃഭൂമി ഓണപ്പതിപ്പിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകളുടെ സന്ദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് മനു എഴുതിയ ലേഖനത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ചെങ്ങന്നൂരിലെ ദേവി കൃത്യമായി മാസമുറയ്ക്ക് വിധേയയാകാറുണ്ട്. അതിനുശേഷം ആചാരക്കുളി നടത്താറുമുണ്ട്. അത് ഭക്തര്‍ ആഘോഷമായി കൊണ്ടാടുന്നു. ദേവിയുടെ ആര്‍ത്തവത്തുണി താഴമണ്‍ ബ്രാഹ്മണമഠത്തിലെ സ്ത്രീകള്‍ക്ക് കൊടുത്തയക്കും; ശബരിമലയിലെ തന്ത്രിമാരെ അയക്കുന്ന അതേ തറവാട്ടിലേക്ക്! അതേ തന്ത്രിമാരാണ് ശബരിമലയില്‍ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളുടെ സന്ദര്‍ശനം തടയുന്നത് ഇതുമായി ബന്ധപ്പെട്ട വിവാദം വലിയൊരു വിരോധാഭാസമായി തോന്നി.' മനു പറയുന്നു.

'1968 വരെ തിരുവല്ലയിലെ ശ്രീവല്ലഭക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ആ നിരോധനം നീക്കി. ആചാരങ്ങള്‍ എപ്പോഴും മാറിക്കൊണ്ടിരിക്കും. അങ്ങനെയാണ് സംസ്‌കാരം മുന്നോട്ട് പോകുന്നതും പരിണമിക്കുന്നതും.1936 വരെ ദളിതര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം പാടില്ലെന്ന ആചാരവിധി നിലനിന്നിരുന്നു. അത് മാറിയില്ലേ? അതുപോലെ മറ്റുസ്ഥലങ്ങളില്‍ മറ്റാചാരങ്ങളും നിരന്തരമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.' മനു അഭിപ്രായപ്പെടുന്നു.

എന്നാല്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ വിലക്കുന്നത് മാസമുറയുടെ കാര്യത്തിലല്ലെന്നാണ് തന്ത്രി കുടുംബാംഗമായ രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചത്.
'അമ്പലത്തില്‍ ദൈവമല്ല, ദേവതയാണുള്ളത്. ദൈവം സര്‍വ വ്യാപിയായ പരബ്രഹ്മ സങ്കല്പമാണ്. എന്നാല്‍ ദേവത ഒരു അമ്പലത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള മൂര്‍ത്തീഭാവമുള്ള ദേവതയാണ്. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചര്യ ഭാവത്തിലുള്ള അയ്യപ്പനാണ്. അയ്യപ്പനെ കാണാന്‍ വരുന്നവരും നൈഷ്ഠിക ബ്രഹ്മചര്യം പാലിച്ചിരിക്കണം.' രാഹുല്‍ പറയുന്നു.

1991ലെ എസ്. മഹേന്ദ്രന്‍ വേഴ്‌സസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കേസില്‍ ഹൈക്കോടതി ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയിട്ടുള്ളതാണ്. മാസമുറയുടെ പേരിലാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നത് അടിസ്ഥാനപരമായ തെറ്റിധാരണയാണ്. കാടിനുള്ളിലായതിനാലാണ് സ്ത്രീകളെ വിലക്കുന്നതെന്ന വാദവും ശരിയല്ല. അങ്ങനെയെങ്കില്‍ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കുന്നുണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചു. 

അതേസമയം ചെങ്ങന്നൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരം ശരിയാണെന്നും അദ്ദേഹം അറിയിച്ചു. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീയാണ് ഇത് ചെയ്യുന്നത്. ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് ആളുകള്‍ പഠിക്കാത്തതാണ് പലപ്പോഴും വാദമുഖങ്ങള്‍ക്ക് വഴിവെക്കുന്നതെന്നും രാഹുല്‍ പറയുന്നു.