ഗിരിജ വാര്യരുടെ പുസ്‌തകപ്രകാശനത്തിനെത്തിയ മഞ്ജു വാര്യർ ആരാധികയുടെ ഫോൺ വാങ്ങി എടുത്ത ഫോട്ടോ കാണിച്ചുകൊടുക്കുന്നു.
തൃശ്ശൂര്‍: 'അമ്മയുടെ ജീവിതത്തിലെ നല്ല മുഹൂര്‍ത്തമാണിത്. ഈ സന്ദര്‍ഭത്തില്‍ കാണിയായി ഇരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. എഴുത്തുകാരി ആയിരുന്നുവെന്ന് അമ്മ എപ്പോഴും പറയാറുണ്ട്. കോവിഡ്കാലത്ത് ഞാനെഴുതിയതാ എന്നു പറഞ്ഞ് ഒരു കുറിപ്പ് നീട്ടി. അത് വായിച്ചുനോക്കിയപ്പോള്‍ അദ്ഭുതം തോന്നിപ്പോയി. വായിക്കാന്‍ സുഖമുള്ള കുറിപ്പ്, സാഹിത്യപരമായി വിലയിരുത്താന്‍ എനിക്കറിയില്ല, പക്ഷേ, വായിച്ചാല്‍ നിര്‍ത്താന്‍ തോന്നാത്ത അനുഭവമായിരുന്നു അത്. അമ്മ എഴുതിയിരുന്നുവെന്ന് പറഞ്ഞത് യാഥാര്‍ഥ്യമായിരുന്നുവെന്ന് അന്നാണ് തിരിച്ചറിഞ്ഞത്. ഇനി എഴുത്തുകാരിയുടെ മകള്‍ എന്ന വിലാസം കൂടിയായി'-സ്‌നേഹം തുളുമ്പുന്ന വാക്കുകളിലൂടെ മഞ്ജു വാര്യര്‍ തന്റെ സന്തോഷം തുറന്നുകാട്ടി.
അമ്മ ഗിരിജ വാര്യരുടെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ 'നിലാവെട്ട'ത്തിന്റെ പ്രകാശനവേളയിലാണ് മഞ്ജു എഴുത്തുകാരിയായ അമ്മയെ തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ പങ്കുവെച്ചത്. ''എന്റെയോ ചേട്ടന്റെയോ മേല്‍വിലാസം ഇനി അമ്മയ്ക്ക് ആവശ്യമില്ലാതായിരിക്കുന്നു. ഇനി അമ്മയുടെ മകള്‍ എന്നുകൂടി അറിയപ്പെടാനാകുന്നതില്‍ ഏറെ സന്തോഷം'' -മഞ്ജു പറഞ്ഞു. അമ്മയ്ക്കും സഹോദരന്‍ മധുവാര്യര്‍ക്കുമൊപ്പമാണ് അവര്‍ ചടങ്ങിനെത്തിയത്.
മഞ്ജു വേദിയില്‍ ഇരിക്കാന്‍ തയ്യാറായില്ല. അമ്മയുടെ സന്തോഷനിമിഷം കാണികളിലൊരാളായിരുന്ന് കാണാനാണ് തനിക്കിഷ്ടം എന്നവര്‍ പറഞ്ഞു. അതേസമയം ആശംസാപ്രസംഗത്തില്‍, വര്‍ഷങ്ങള്‍ക്കുമുന്‍പ് നിന്നുപോയ എഴുത്തിന്റെ ലോകത്തേക്ക് അമ്മ തിരിച്ചെത്തിയ സന്തോഷം അവര്‍ പങ്കുവെച്ചു. ചടങ്ങിനുശേഷം ഫോട്ടോയും സെല്‍ഫിയും എടുക്കാന്‍ എത്തിയവരോടൊപ്പം നില്‍ക്കാനും താരം തയ്യാറായി.
സംവിധായകന്‍ സത്യന്‍ അന്തിക്കാട് എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തിക്ക് പുസ്തകം നല്‍കി പ്രകാശനം നിര്‍വഹിച്ചു. മാതൃഭൂമി യൂണിറ്റ് മാനേജര്‍ വിനോദ് പി. നാരായണ്‍ സംസാരിച്ചു. ഗ്രാമീണജീവിതത്തിന്റെയും നാട്ടുനന്മകളുടെയും വെളിച്ചം വീണ്ടെടുക്കുന്ന ഗിരിജാ വാര്യരുടെ ഓര്‍മ്മക്കുറിപ്പുകള്‍ ഗൃഹലക്ഷ്മിയിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്. രണ്ടു വര്‍ഷത്തോളം തുടര്‍ന്ന കുറിപ്പുകള്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുകയായിരുന്നു. എഴുപതുകളില്‍ ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജില്‍ പഠിച്ചിരുന്ന കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഗിരിജാ വാര്യരുടെ കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിന്നീട് ഏറെക്കാലമായി മൗനത്തിലായിരുന്ന അവര്‍ കോവിഡ് കാലത്താണ് വീണ്ടും എഴുത്ത് തുടങ്ങിയത്.
മാതൃഭൂമി മെഗാ പുസ്തകമേളയില്‍ സ്‌കൂള്‍ ലൈബ്രറികള്‍ക്ക് പുസ്തകങ്ങള്‍ക്ക് 35 ശതമാനംവരെ ഡിസ്‌കൗണ്ട് ലഭിക്കും.പാറമേക്കാവ് അഗ്രശാലയില്‍ രാവിലെ പത്ത്മുതല്‍ രാത്രി എട്ടുവരെയാണ് മേള.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487-2455134, 8590602304.
Content Highlights: Girija Warrier, Manju Warrier, Sathyan Anthikkad, Ashtamoorthi, Mathrubhumi Books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..