തൃശ്ശൂർ: ലക്ഷങ്ങൾ മുടക്കി രവി നാട്ടുകാർക്കായി ഒരുക്കിയത് വലിയൊരു ഗ്രന്ഥപ്പുര. ഭാര്യയ്ക്കു ലഭിച്ച ശമ്പളക്കുടിശ്ശികയും തന്റെ സമ്പാദ്യവും ചേർത്തുവെച്ചാണ് രവി തന്റെ സ്വപ്‌നം യാഥാർഥ്യമാക്കിയത്. എല്ലാം കഴിഞ്ഞപ്പോൾ അഞ്ചുലക്ഷം കടം വന്നെങ്കിലും കെ.പി. രവിപ്രകാശ് എന്ന അഭിഭാഷകനും ഭാര്യ ശ്രീലതയും ആഹ്ലാദത്തിലാണ്.

കൊടുങ്ങല്ലൂരിനടുത്ത് മതിലകം പുളിഞ്ചോട്ടിലുള്ള രവിപ്രകാശിന്റെ വീടിന്റെ സമീപത്താണ് ഗ്രന്ഥപ്പുര ഒരുക്കിയിട്ടുള്ളത്. ഇവിടെയുണ്ടായിരുന്ന പൊളിഞ്ഞ തറവാടും നാശത്തിലെത്തിയ കുളവുമടക്കം 24 സെന്റ് രണ്ടുവർഷംമുമ്പാണ് വാങ്ങിയത്. ഭാര്യ പി. ശ്രീലത പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ്.എസിൽ ജോലിക്കു കയറിയെങ്കിലും ആറുവർഷം കഴിഞ്ഞാണ് ശമ്പളം ലഭിച്ചത്. ശമ്പളക്കുടിശ്ശികയായി കിട്ടിയ 18 ലക്ഷം രൂപയും കൈയിലുണ്ടായിരുന്ന സമ്പാദ്യവും ചേർത്താണ് ഭൂമി വാങ്ങിയത്.

നാലരലക്ഷത്തോളം ചെലവാക്കി കുളം മനോഹരമാക്കി. പഴയ കെട്ടിടങ്ങൾ പൊളിച്ചപ്പോൾ കിട്ടിയ ഓടുകൾകൊണ്ട് കൽപ്പടവുകൾ ഒരുക്കിയത് സുഹൃത്തായ ചേലക്കരയിലെ സതീഷാണ്.

650 ചതുരശ്രഅടിയിൽ പുതിയ കെട്ടിടത്തിന്റെ പ്ലാനൊരുക്കിയത് മറ്റൊരു സുഹൃത്തായ എൻജിനീയർ ഷിജു പുത്തൂർ. എട്ടുലക്ഷം രൂപ ചെലവിട്ട് മാർച്ച് അവസാനം കെട്ടിടംപണി തീർത്തു. ഗ്രന്ഥപ്പുരയെന്നു പേരുമിട്ടു.

വീട്ടിലുണ്ടായിരുന്ന പുസ്തകങ്ങൾ അലമാരയോടെ അതിലേക്ക് മാറ്റി. പുത്തൻ അലമാരകൾ വാങ്ങുകയും ചെയ്തു. നിലവിൽ മൂവായിരത്തോളം പുസ്തകങ്ങളുണ്ട്. ഗാന്ധിസാഹിത്യം, നെഹ്രുവിന്റെ സമ്പൂർണകൃതികൾ, അംബേദ്കർ സമ്പൂർണകൃതികൾ, മാർക്സിയൻ സാഹിത്യകൃതികൾ തുടങ്ങിയവയാണ് ഗ്രന്ഥപ്പുരയുടെ ഹൈലൈറ്റ്. കഴിഞ്ഞ വർഷം മാതൃഭൂമി തൃശ്ശൂരിൽ നടത്തിയ പുസ്തകമേളയിൽനിന്ന് അദ്ദേഹം വാങ്ങിയ 3000 രൂപയുടെ പുസ്തകങ്ങൾ വീട്ടിലെത്തുംമുമ്പ് ആരോ മോഷ്ടിച്ചിരുന്നു. മോഷ്ടിച്ചയാൾ അത് പുസ്തകമാണെന്നറിഞ്ഞപ്പോൾ മാലിന്യത്തിൽ തള്ളി. ഒരു കടക്കാരൻ ഇത് കണ്ടതിനെത്തുടർന്ന് പുസ്‌തകങ്ങൾ തിരിച്ചുകിട്ടി.

ദിവസവും വൈകീട്ട് മൂന്നുമുതൽ ഏഴുവരെ പൊതുജനത്തിന് ഗ്രന്ഥപ്പുര സൗജന്യമായി ഉപയോഗിക്കാം. പുസ്തകം കൊടുത്തുവിടില്ല. അയൽപ്പക്കത്തുള്ള ഏഴുപേർ ഏഴുദിവസം ചുമതല നോക്കാമെന്ന് ഏറ്റിട്ടുണ്ട്. ശാസ്ത്രസാഹിത്യപരിഷത്തിന്റെ സംസ്ഥാന കമ്മിറ്റിയംഗവും ‘ശാസ്ത്രഗതി’ മാസികയുടെ അസിസ്റ്റന്റ് എഡിറ്ററുമാണ് രവിപ്രകാശ്. കഥാകൃത്ത് അഷ്ടമൂർത്തിയാണ് ഗ്രന്ഥപ്പുര ഉദ്ഘാടനം ചെയ്തത്. ഡോ. എം.പി. പരമേശ്വരൻ, ടി.കെ. മീരാഭായ് തുടങ്ങിയവർ പങ്കെടുത്തു.