പട്ടാമ്പി: എവിടെയോ ആരോ ചില ശുഭോദര്‍ക്കമായ പ്രതികരണം നല്‍കിയെന്നതാണ് വീണ്ടും വീണ്ടും മുന്നോട്ടുപോകാന്‍ പ്രേരിപ്പിക്കുന്നതെന്നും അതിന് കൂടല്ലൂരിനോടും നിളയോടും കടപ്പെട്ടിരിക്കുന്നുവെന്നും എം.ടി. വാസുദേവന്‍ നായര്‍. കൂടല്ലൂര്‍ നല്‍കിയ ആദരം തന്റെ ഹൃദയത്തില്‍ നിറഞ്ഞുകവിയുകയാണെന്ന് കൂടല്ലൂര്‍ കൂര്യായിക്കൂട്ടം നവമാധ്യമക്കൂട്ടായ്മ സംഘടിപ്പിച്ച 'ഹൃദയപൂര്‍വം എം.ടി.ക്ക്' പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ലോകത്തിലെ പല ഭാഗങ്ങളിലും സഞ്ചരിക്കുകയും അമേരിക്കയിലടക്കം വിവിധ സര്‍വകലാശാലകളില്‍ സംസാരിക്കുകയും ആദരവ് ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. പക്ഷേ, അതിനേക്കാളൊക്കെ ഹൃദയാവഹമായ അനുഭവമാണ് കൂടല്ലൂരിലേത്. കൂടല്ലൂരിന്റെ പഴയ കാലത്തെയും പുതിയ കാലത്തെയും സംഭവവികാസങ്ങള്‍ മനസ്സില്‍ കയറിവരും. ഇവ എഴുത്തിലൂടെ കഥകളായി വന്നിട്ടുണ്ട്. ഇതൊക്കെ എന്നുമെന്റെ ഓര്‍മയിലിരിക്കും.

ഇന്ന് ജീവിച്ചിരിക്കാത്ത മനുഷ്യര്‍ നല്‍കിയ എന്തൊക്കെയോ വിഭവങ്ങളാണ് തന്നെ സമ്പന്നനാക്കിയത്. അവരുടെ ജീവിതാനുഭവങ്ങള്‍ കണ്ടും കേട്ടും കൈവശപ്പെടുത്തിയുമാണ് താന്‍ എഴുതിയത്. അവരോടൊക്കെ കടപ്പാടുണ്ടെന്നും എം.ടി. കൂട്ടിച്ചേര്‍ത്തു. ഉള്ളുറപ്പുള്ള ഗ്രാമമായ കൂടല്ലൂരിന്റെ പ്രതീകമാണ് എം.ടി.യെന്ന് മുഖ്യപ്രഭാഷണം നടത്തിയ സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ പറഞ്ഞു. പല സാമൂഹികവിഷയങ്ങളിലും എം.ടി നടത്തിയ പ്രതികരണമൊന്നും തിരുത്തിയിട്ടില്ല. 
അത് കൂടല്ലൂരിന്റെ ഉള്ളുറപ്പിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൊബേല്‍ സമ്മാനംകൂടി ലഭിച്ചുകാണണമെന്നാണ് ആഗ്രഹമെന്നും അതുണ്ടാവട്ടെയെന്ന് പ്രാര്‍ഥിക്കുന്നുവെന്നും സി. രാധാകൃഷ്ണന്‍ പറഞ്ഞു.

കൂടല്ലൂരിന് ദൈവം കനിഞ്ഞുനല്‍കിയ വരദാനമാണ് എം.ടി.യെന്ന് സംവിധായകന്‍ ഹരിഹരന്‍ പറഞ്ഞു. ആസ്വാദകര്‍ക്ക് ഓര്‍മിക്കാനും ഓമനിക്കാനും കഴിയുന്ന കഥാപാത്രങ്ങളാണ് എം.ടി.യുടേതെന്നും അദ്ദേഹം പറഞ്ഞു. നിളയോരത്ത് കൂടല്ലൂര്‍ ഹൈസ്‌കൂള്‍ അങ്കണത്തിലെ ഉദ്ഘാടനവേദിയുടെ അരങ്ങുണര്‍ന്നത് ഞെരളത്ത് ഹരിഗോവിന്ദന്റെ സോപാനസംഗീതത്തോടെയാണ്. കവി ആലങ്കോട് ലീലാകൃഷ്ണന്‍ അധ്യക്ഷനായി. സി.പി. സെയ്തലവി പ്രഭാഷണം നടത്തി. പി. യൂസഫ് ഹാജി എം.ടി.യെയും പി.കെ. മുഹമ്മദുണ്ണി ഹരിഹരനെയും പൊന്നാടയണിയിച്ച് ആദരിച്ചു. ഡോ. പി.കെ. ഹുറൈര്‍കുട്ടി എം.ടി.ക്ക് ഉപഹാരം നല്‍കി. നാലുകെട്ടും നിളയും ഫോട്ടോപ്രദര്‍ശനം ഒരുക്കിയ മനോജ് ഡി. വൈക്കത്തിന് എം.ടി. ഉപഹാരം നല്‍കി.

mtചിത്രകാരന്‍ അച്യുതന്‍ കൂടല്ലൂര്‍, ഹമീദ് തത്താത്ത്, പി. മമ്മിക്കുട്ടി, പി.എം. അസീസ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധു രവീന്ദ്രകുമാര്‍, പി. ശാന്തകുമാരി, കെ. അബ്ദുള്‍ സലിം, എം.കെ. പ്രദീപ്, പി. ബാലകൃഷ്ണന്‍, എം.ടി. ഗീത, പി. ചന്ദ്രന്‍, ഹാരിഫ് നാലകത്ത്, ശകുന്തള, സി. അബ്ദു, എം.ടി. രാമകൃഷ്ണന്‍, ജലീല്‍ പൊന്നേരി തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ 'നാലുകെട്ടും മലയാളസാഹിത്യവും' സംവാദം ടി.ഡി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അശോകന്‍ ചരുവില്‍ അധ്യക്ഷനായി. വി.ആര്‍. സുധീഷ്, കെ.പി. സുധീര എന്നിവര്‍ വിഷയാവതരണം നടത്തി. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി.പി. ഇസ്മയില്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വി.വി. വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.

സാംസ്‌കാരികസമ്മേളനത്തിന്റെ രണ്ടാം ദിനം കവിയരങ്ങോടെയാണ് തുടങ്ങിയത്. കവിയരങ്ങ് പി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. പി.പി. രാമചന്ദ്രന്‍ അധ്യക്ഷനായി. കൂടല്ലൂര്‍ എം.വി. അര്‍ഷാദിന്റെ 'കിനാക്കളുടെ വേട്ടക്കാരന്‍' എന്ന പുസ്തകം എം.ടി. രവീന്ദ്രന് നല്‍കി പി.കെ. ഗോപി പ്രകാശനം ചെയ്തു.

എം.ടിയുടെ പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാം

content highlights: malayalam writer MT Vasudevan Nair,tribute from hometown