കൊച്ചി: സിനിമാഗാന രചനയില്‍ ഒട്ടേറെ ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരാനായെന്നും അതുകൊണ്ടാണ് ആദ്യഗാനമെഴുതി 53 വര്‍ഷത്തിനുശേഷവും ഇന്ന് ഈ വേദിയില്‍ ഇങ്ങനെ നില്ക്കാന് പറ്റുന്നതെന്നും ശ്രീകുമാരന്‍ തമ്പി. കൃതി പുസ്തകോത്സവത്തില്‍ 'ഗാനരചനയുടെ തച്ചുശാസ്ത്രം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല്ലവിയുടെ ഈണം അനുപല്ലവിയിലും ചരണത്തിലും വെവ്വേറെ വരികളോടെ ആവര്‍ത്തിക്കുന്ന രീതി, വൃത്തനിബദ്ധമല്ലാത്ത രചനാ രീതി എന്നിവ അവയില്‍ ചിലതാണ്. 'ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം...' എന്ന ഗാനം മുഴുവന്‍ ഏതാണ്ട് ഒരേ താളത്തിലും വൃത്തത്തിലുമാണ് എഴുതിയിരിക്കുന്നത്. എന്നാല്‍, 'സുഖമെവിടെ, ദുഃഖമെവിടെ...', 'നിന് മണിയറയിലെ...' തുടങ്ങിയ ഗാനങ്ങളില്‍ തുടക്കത്തില്‍ വരുന്ന വൃത്തം ഭേദിച്ച് പുറത്തുകടന്നുള്ള പരീക്ഷണങ്ങള്‍ നടത്തി. ദക്ഷിണാമൂര്‍ത്തി സ്വാമിയേയും എം.കെ. അര്‍ജുനനേയും പോലുള്ള സംഗീതജ്ഞരുടെ പിന്തുണയോടെ അവ ഹിറ്റ് ഗാനങ്ങളുമായി.
സിനിമയില്‍ ഇതിവൃത്തം, കഥാപാത്രത്തിന്റെ പശ്ചാത്തലം, സംവിധായകന്, നിര്‍മാതാവ്, നിര്‍മാതാവിന്റെ സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ ഉന്നയിക്കുന്ന നിബന്ധനകളുണ്ട്. 'ഹൃദയസരസ്സിലെ പ്രണയപുഷ്പമേ...' എന്ന ഹിറ്റ് ഗാനമുള്ള 'പാടുന്ന പുഴ' എന്ന സിനിമയിലെ നായകന് ചിത്രകാരനാണ്. അതുകൊണ്ടാണ് 'എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തീ ഇത്രയും അരുണിമ നിന് കവിളില്‍' എന്നെഴുതിയത്. എന്നാല്‍ വളവില്പ്പനക്കാരന് പാടാനുള്ള പാട്ടെഴുതിയപ്പോള്‍ 'ചാലക്കമ്പോളത്തില്‍ വെച്ച് നിന്നെ കണ്ടപ്പോള്‍ നാലണയ്ക്ക് വളയും വാങ്ങി നീ നടന്നപ്പോള്‍' എന്നെഴുതി.
അപ്പോഴും 'നാലായിരം പവനുരുകും നിന്റെ മേനിയില്‍ ഒരു നല്ല കസവു നേരിയതാകാന് ഞാന്‍ കൊതിച്ചുപോയി' എന്ന തന്റേതായ മുദ്രപതിഞ്ഞ ഒരു വരി എഴുതാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Malayalam Poet Lyricist Sreekumaran Thampi