ഒരാളെ കവിത്വത്തിലേക്കുയര്‍ത്തുന്ന ഒന്നാംധര്‍മമായ രുദിതാനുസാരിത്വം ഉള്ളിലുറവയായി വറ്റാതെ വര്‍ത്തിക്കുന്നുവെന്നതാണ് അക്കിത്തത്തിന്റെ കവിതയ്ക്ക് മറ്റുള്ളവര്‍ കാണുന്നതും കാണേണ്ടതുമായ ഊറ്റം. പുഴയുടെ ഒഴുക്കിനൊത്ത് ഉരുണ്ടുരഞ്ഞ് കഴമുഴകളെല്ലാം തേഞ്ഞരഞ്ഞ് മിനുസപ്പെട്ട ഒരു പാറക്കല്ല് അലക്കുകാരന്റെ അലക്കുകല്ലായിത്തീരുന്നു;മറ്റൊന്ന് അനന്തപത്മനാഭസ്വാമിയുടെ വിഗ്രഹമാകുന്നു. കൃഷ്ണശിലാ പ്രപഞ്ചത്തിലെ കൂടപ്പിറപ്പുകള്‍; എന്നിട്ടും, ഒന്നിന്റെ പുറത്ത് ആളുകള്‍ വിഴുപ്പലക്കുന്നു; മറ്റൊന്ന് പൂജാവിഗ്രഹമായിത്തീരുന്നു-തല്ല് ഏറ്റുവാങ്ങിയാലും അലക്കുകാരന്റെ വസ്ത്രങ്ങള്‍ ശുഭ്രമാക്കിക്കൊടുക്കുന്നുവെന്ന പ്രയോജനത്തിന്‍ പേരില്‍ അലക്കുകല്ലിന്റെ ചരിതാര്‍ഥതയ്ക്ക് നാവുകൊടുക്കുവാന്‍ അക്കിത്തത്തിന്റെ കവിത സജ്ജമാണ്.മലയാളത്തിലെ ചില വലിയ പൂജകളൊക്കെ അക്കിത്തത്തിനെ അറിയാതിരുന്നതും ഇതിഹാസത്തിന്‍ പേരിലും മറ്റും അദ്ദേഹത്തിന്റെ കവിതയ്ക്ക് അലക്കുകല്ലിനെപ്പോലെ അടികൊള്ളേണ്ടിവന്നതും വൈരുദ്ധ്യപൂര്‍ണമായ വിധിവിലാസമാണെങ്കിലും കൊടിയ സന്താപത്തിന്റെയും നെടിയ സഹതാപത്തിന്റെയും കണ്ണീരിലുരുകിയുറച്ച ശൈലദൃഢത അദ്ദേഹത്തിന്റെ യജ്ഞദര്‍ശനത്തിനുണ്ട്.

'അക്കിത്തത്തിന്റെ കവിതകള്‍' എന്ന പുസ്തകത്തിന്റെ അവതാരികയുടെ അവസാനം ഡോ.എം ലീലാവതി ടീച്ചര്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നു. കവിയുടെ 'ബലിക്കല്ല് 'എന്ന കവിതയെ മുന്‍നിര്‍ത്തിയാണ് ഇങ്ങനെയൊരു നിരീക്ഷണം നിരൂപക നടത്തിയിട്ടുള്ളത്. മുപ്പത് വര്‍ഷം മുന്നേ ലഭിക്കേണ്ടതായിരുന്നു ജ്ഞാനപീഠം എന്നാണ് ലീലാവതി ടീച്ചര്‍ അക്കിത്തത്തിനു ലഭിച്ച പുരസ്‌കാരത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്.ജ്ഞാനപീഠ യശസ്സിലേക്കുയരാനുള്ളത്രയും ജ്ഞാനമുള്ള പ്രതിഭയാണ് അക്കിത്തം എന്നും നിരൂപക തന്റെ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അദ്ദേഹത്തിന് പത്മഭൂഷണ്‍ കൂടി കിട്ടട്ടെ. കാവ്യങ്ങളില്‍ ഒന്നോ രണ്ടോ മൂന്നോ എടുത്ത് വിശകലം ചെയ്താല്‍ ശരിയാവില്ല, എല്ലാ കാവ്യങ്ങളും ഒന്നിനൊന്ന് മികച്ചതാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ എല്ലാ കവിതകളും ചേര്‍ത്ത് സമഗ്രപഠനം നടത്തിയത്. എത്രവൈകിയാലും ജ്ഞാനപീഠം അദ്ദേഹത്തില്‍ തന്നെ വന്നുചേരുമായിരുന്നു- ടീച്ചര്‍ പറഞ്ഞു.

Content Highlights: Malayalam Critique Dr M Leelavathi Comments About Akkitham Jnapith Award