അറബിമലയാളം സംരക്ഷിക്കപ്പെടേണ്ടതാണ് എന്നാല്‍ കുട്ടികളെ പഠിപ്പിക്കേണ്ടതില്ലെന്ന് എം.എന്‍. കാരശ്ശേരി. അറബിമലയാളം അച്ചടിച്ച കോപ്പിയായും മലയാള അക്ഷരത്തിലേക്ക് ലിപ്യന്തരം നടത്തിയും ഓഡിയോ, വീഡിയോകളായും സംരക്ഷിക്കണം എന്നാല്‍ മദ്രസകളില്‍ പഠിക്കുന്ന കുട്ടികളെ കഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

'അറബിമലയാളം മദ്രസകളില്‍ പഠിപ്പിക്കേണ്ട യാതൊരു ആവശ്യമില്ലെന്നാണ് എന്റെ അഭിപ്രായം. കാരണം, കുട്ടികള്‍ക്ക് അറബി അക്ഷരങ്ങള്‍ ഏതാണ്, അറബി മലയാളം ഏതാണ്, മലയാളം ഏതാണ് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത ഒരവസ്ഥ ഇത് സൃഷ്ടിക്കുന്നുണ്ട്. ' - അദ്ദേഹം പറഞ്ഞു. 

'ഴ' എന്ന അക്ഷരം അറബിയില്‍ ഇല്ല എന്നുപറഞ്ഞാല്‍ കുട്ടികള്‍ക്ക് മനസിലാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കാരണം അവര്‍ അറബിമലയാളത്തില്‍ കോഴിക്കോട് എന്നെഴുതുന്നുണ്ട്. മറ്റൊരുദാരണമാണ് 'ന'. മലയാളത്തില്‍ 'ന' ദന്ത്യമായിട്ടേ വരൂ, വത്സ്യമായി വരില്ല. അറബിമലയാളം പഠിക്കുന്ന കുട്ടിക്ക് ഇതിലും ചില സംശയങ്ങള്‍ക്കിടയുണ്ട്. അവര്‍ നഫീസ എന്നൊക്കെ പറയുന്നുണ്ട്. ഇങ്ങനെ ഭാഷാപരമായ കുറേ പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അറബിമലയാളം 
കേരളത്തിലെ മുസ്‌ലിം ജീവിതത്തിന്റെ ഏറ്റവും പുരാതനമായ സാംസ്‌കാരിക അടയാളമാണ് അറബി മലയാളം അഥവാ അറബി ലിപിയില്‍ എഴുതിയ മലയാളം. പ്രണയവും പടയും ജീവിതവും ഈ ലിപിയില്‍ ആവിഷ്‌കരിക്കപ്പെട്ടു. മലയാളി മുസ്ലീമിന്റെ ചരിത്രവും സംസ്‌കാരവും അറബി മലയാളവുമായി കെട്ടുപിണഞ്ഞതാണ്.

കേരളത്തിലെ ആയിരക്കണക്കിന് മദ്രസകളിലെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ മലയാളവും അറബിഭാഷയും പഠിക്കേണ്ട സമയം, അറബി മലയാളം പഠിച്ച് ഇന്ന് പാഴാക്കുകയാണെന്നും എം.എന്‍. കാരശ്ശേരി പറഞ്ഞു. മലയാളി മുസ്ലീംകള്‍ ഇസ്‌ലാം പഠിക്കണമെങ്കില്‍ പഠിക്കേണ്ടത് മലയാളമാണെന്ന് പറഞ്ഞത് മഹാപണ്ഡിതനും പരിഷ്‌കര്‍ത്താവുമായ മക്തി തങ്ങളാണ്. ഭാഷാ ശുദ്ധി ദീക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം ഒരു നൂറ്റാണ്ടു മുന്‍പുതന്നെ എഴുതുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 

സത്യം പറഞ്ഞാല്‍ മദ്രസകളില്‍ പഠിക്കുന്ന കുട്ടികള്‍ അവിടെ നിന്ന് അറബിയും പഠിക്കുന്നില്ല മലയാളവും പഠിക്കുന്നില്ല എന്നതാണ് ഖേദകരമെന്നും കാരശ്ശേരി കൂട്ടിച്ചേര്‍ത്തു. 

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പ് കാണുക