ബഹുസ്വരതയെ കണ്ണൂര്‍ രാഷ്ട്രീയം പൊറുപ്പിക്കാത്തതിനാലാണ് അവിടെ രാഷ്ട്രീയ നരഹത്യകള്‍ അവസാനിക്കാത്തതെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍. മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മലബാര്‍ രാഷ്ട്രീയം എന്നാല്‍ കണ്ണൂര്‍ രാഷ്ട്രീയമാണ്. കണ്ണൂര്‍ രാഷ്ടീയത്തിന്റെ പ്രശ്‌നം അത് ബഹുസ്വരത അനുവദിക്കുന്നില്ല എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

'സംഘപരിവാറിനെ  പ്രതിരോധിക്കാന്‍ ധാരാളമായി ഉപയോഗിക്കുന്ന ഒരു വാക്കാണ് ഉത്തരാധുനികതയില്‍ നിന്ന് കടമെടുത്ത ബഹുസ്വരത. നമ്മുടെ ജനാധിപത്യവ്യവസ്ഥയില്‍ ഭരണഘടന ഉറപ്പുവരുത്തുന്ന ഒന്നാണ് ബഹുസ്വരത. എന്നാല്‍ ഇതേ ബഹുസ്വരതയെ കണ്ണൂര്‍ രാഷ്ട്രീയം പൊറുക്കുന്നില്ല. അതുകൊണ്ടാണ് രാഷ്ട്രീയ നരഹത്യകള്‍ അവിടെ അവസാനിക്കാത്തത്.' - എം മുകുന്ദന്‍ പറഞ്ഞു. 

ഭാഷാശൈലിയെ സമ്പന്നമാക്കിയ നേതാവാണ് പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞു. ചോയി നോവലുകളിലൂടെ ലച്ചാര്‍ പോലുള്ള പദപ്രയോഗങ്ങള്‍ താന്‍ വീണ്ടെടുത്തതുപോലെയാണ് പിണറായി വിജയന്‍ 'കുലംകുത്തി' പോലുള്ള പ്രയോഗങ്ങള്‍ തിരികെപ്പിടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.