കോഴിക്കോട്: സിനിമയിൽനിന്ന് സാഹിത്യം അകലുന്നതായി സാഹിത്യകാരൻ എം. മുകുന്ദൻ. വലിയ നോവലുകൾ ആധാരമാക്കിയുള്ള സിനിമകൾ ഇന്നില്ല. കുറ്റകൃത്യങ്ങളും അതേപോലുള്ള സംഭവങ്ങളുമാണ് ഇപ്പോൾ സിനിമയ്ക്ക് വിഷയമാകുന്നത്. ഭീമഭട്ടർ അനുസ്മരണവും ഭീമ ബാലസാഹിത്യ പുരസ്കാരവിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

ബാലസാഹിത്യം രചിക്കണമെങ്കിൽ എഴുത്തുകാർ കുട്ടികളുടെ തലത്തിലേക്ക് ഇറങ്ങണം.  കുട്ടികൾക്കായുള്ള രചനകളിൽ അവർക്ക് താത്പര്യമുള്ള കാലികവിഷയങ്ങളാണ് പ്രതിപാദിക്കേണ്ടത്. 

ആർ.സി.സി.യിലെ കുട്ടികൾ എന്ന കൃതിയുടെ രചയിതാവ് കെ. രാജേന്ദ്രൻ, മലയാളം സർവകലാശാലാ വൈസ് ചാൻസലർ കെ. ജയകുമാറിൽനിന്ന് ബാലസാഹിത്യപുരസ്കാരം ഏറ്റുവാങ്ങി. കുട്ടികൾരചിച്ച കൃതിക്കുള്ള സ്വാതി കിരൺ പുരസ്കാരം ‘ഒരു ഓർമപ്പെടുത്തൽ’ രചിച്ച എം.എം. കാളിദാസിനുവേണ്ടി സഹോദരൻ ഏറ്റുവാങ്ങി. 

ബി. ഗിരിരാജൻ അധ്യക്ഷത വഹിച്ചു. കേരള ഗാന്ധിസ്മാരകനിധി പ്രസിഡന്റ് ഡോ. എൻ.രാധാകൃഷ്ണൻ ഭീമഭട്ടർ അനുസ്മരണപ്രഭാഷണം നടത്തി. ഡോ. കെ.ശ്രീകുമാർ, കെ.പി.സുധീര എന്നിവർ പുസ്തകപരിചയം നടത്തി. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കമാൽ വരദൂർ, രവി പാലത്തിങ്കൽ, സുജാത ഗിരിരാജൻ തുടങ്ങിയവർ പങ്കെടുത്തു.