കൊച്ചി: കലുഷമായ ഈ കാലത്ത് എഴുത്തുകാര്‍ വെറും നിഷ്പക്ഷ നിരീക്ഷകരാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമിയുടെ സാഹിത്യ പുരസ്‌കാരം ഡോ. എം. ലീലാവതിക്ക് സമ്മാനിക്കുന്ന ചടങ്ങ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിവും വിദ്വേഷവും പടരുന്നു. പൗരത്വം നിശ്ചയിക്കുന്ന ഉരകല്ല് പോലും മതമാണെന്ന ഭീകരാവസ്ഥയാണ്-അദ്ദേഹം പറഞ്ഞു.

ഭരണഘടനയെ പോലും നോക്കുകുത്തിയാക്കി മതരാഷ്ട്രീയം രാഷ്ട്രത്തിനു മേല്‍ പിടിമുറുക്കുന്നു.

ജനങ്ങള്‍ക്കും ജീവിതത്തിനും മണ്ണിനും കാലത്തിനും ഒപ്പം നിന്നാലേ ജനമനസ്സുകളില്‍ ജീവിക്കാനാകൂ. അങ്ങനെ ജീവിച്ച കവിയാണ് ഒ.എന്‍.വി.-മുഖ്യമന്ത്രി പറഞ്ഞു.

തൃക്കാക്കരയില്‍ നടന്ന ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണനില്‍നിന്ന് എം. ലീലാവതി പുരസ്‌കാരം ഏറ്റുവാങ്ങി.

മലയാളത്തിന്റെ അമ്മയെന്ന് സംശയമില്ലാതെ വിളിക്കാവുന്ന വ്യക്തിത്വമാണ് ലീലാവതിയുടേതെന്ന് അധ്യക്ഷപ്രസംഗത്തില്‍ അടൂര്‍ പറഞ്ഞു. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, മാധ്യമ പ്രവര്‍ത്തകന്‍ ജോണി ലൂക്കോസ് എന്നിവര്‍ സംസാരിച്ചു. ഒ.എന്‍.വി.യുടെ മകന്‍ രാജീവ് ഒ.എന്‍.വി. ആമുഖ പ്രഭാഷണം നടത്തി. ജി. രാജ്മോഹന്‍ പ്രശസ്തിപത്രം വായിച്ചു. അക്കാദമി ട്രഷറര്‍ കരമന ഹരി സ്വാഗതവും ഒ.എന്‍.വി.യുടെ മകള്‍ ഡോ. മായ നന്ദിയും പറഞ്ഞു.

സാന്ത്വനം, സന്തോഷം... ഒപ്പം സന്താപവും

അന്തിചായും നേരത്തുള്ള ഈ പുരസ്‌കാരം വലിയ സാന്ത്വനമാണെന്ന് ഡോ. എം. ലീലാവതി. വയസ്സുകാലത്തെ പുരസ്‌കാരങ്ങളെല്ലാം സാന്ത്വനങ്ങളാണ്. സന്തോഷത്തിനൊപ്പം സന്താപവുമുണ്ട്. ഞാന്‍ മരിച്ചിട്ട് എന്നെക്കുറിച്ച് നല്ല വാക്കുകള്‍ പറയാന്‍ ഉത്തരവാദപ്പെട്ട ആളായിരുന്നു ഒ.എന്‍.വി. അദ്ദേഹത്തിന്റെ അഭാവത്തില്‍ ഈ പുരസ്‌കാരം സ്വീകരിക്കേണ്ടി വരുന്നത് സന്താപമാണ് - ലീലാവതി ടീച്ചര്‍ പറഞ്ഞു.

ഒ.എന്‍.വി.യുടെ കവിതകളെക്കുറിച്ചുള്ള വിശദമായ പഠനം ഒരുമിച്ച് പ്രസിദ്ധീകരിക്കാന്‍ കേരള സാഹിത്യ അക്കാദമിയെ ഏല്‍പ്പിച്ചിരുന്നു. അവര്‍ ഫൈനല്‍ പ്രൂഫ് കാണിച്ചെങ്കിലും പിന്നീടൊന്നും നടന്നില്ല. - ലീലാവതി ടീച്ചര്‍ പറഞ്ഞു.

M Leelavathi, ONV award, Pinarayi Viajayan