കോഴിക്കോട്: മാതൃഭൂമി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം.കെ സാനുവിന് സമ്മാനിച്ചു. കോഴിക്കോട് കെ. പി. കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എം.ടി. വാസുദേവന്‍ നായരാണ് പുരസ്‌കാരം സമ്മാനിച്ചത്.

ഒരു തലമുറയുടെ സ്വപ്‌നമാണ്, വെമ്പലാണ് നാളത്തെ യാഥാര്‍ത്ഥ്യമായി രൂപാന്തരപ്പെടുന്നതെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് പ്രൊഫ. എം. കെ. സാനു പറഞ്ഞു. നിങ്ങള്‍ക്ക് ആ വെമ്പലുണ്ടെങ്കില്‍, നിങ്ങള്‍ക്കാ പ്രതീക്ഷയുണ്ടെങ്കില്‍, സ്വപ്‌നമുണ്ടങ്കില്‍ ഞങ്ങള്‍ ഈ മണ്ണിന്റെ ഭാഗമായി കഴിഞ്ഞ കാലത്തെങ്കിലും ഒരു പുതിയ സൗന്ദര്യാത്മക മാനത്താല്‍ ശോഭിതമായ മനുഷ്യജീവിതം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മാതൃഭൂമി സാഹിത്യ പുരസ്‌കാരം സാനുമാഷിന് സമര്‍പ്പിക്കുന്ന തന്റെ പ്രണാമം കൂടിയാണെന്ന് പുരസ്‌കാരം സമ്മാനിച്ചുകൊണ്ട് എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞു. പുസ്തകങ്ങള്‍ ധാരാളമായി ഇന്ന് പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. എന്നാല്‍  ഒരു പുസ്തകം വായിച്ചു കഴിയുമ്പോള്‍ ഇത് ഭാഷയ്ക്ക്, സാഹിത്യത്തിന്, അവനനന് ആവശ്യമായിരുന്നു എന്ന തോന്നലുണ്ടാക്കുന്ന പുസ്തകങ്ങള്‍ കുറവാണ്. അത്തരത്തിലുള്ള നിരവധി പുസ്തകങ്ങളുടെ കര്‍ത്താവാണ് സാനുമാഷെന്ന് അദ്ദേഹം പറഞ്ഞു. 

പുതിയ ഉള്‍ക്കാഴ്ചകള്‍ നമുക്ക് സമ്മാനിച്ചുകൊണ്ട് ജീവിതത്തില്‍ ഇങ്ങനെയൊക്കെ ചില ഭാവങ്ങള്‍, ഇങ്ങനെയൊക്കെ ചില അടരുകളുണ്ടെന്ന് തോന്നിപ്പിക്കുന്ന പുസ്തകങ്ങളാണ് അദ്ദേഹത്തിന്റേത്. അതിനാല്‍ മാതൃഭൂമി സാഹിത്യ പുരസ്‌കാരം അദ്ദേഹത്തിന് നല്‍കാന്‍ സാധച്ചത് തന്നെ സംബന്ധിച്ച് ഭാഗ്യമായി കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തിലൂടെ നമ്മുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ ആളാണ് പ്രൊഫ. എം.കെ.സാനു മാഷെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ചുകൊണ്ട് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. അദ്ദേഹം എഴുതിയ ഓരോവാക്കിനും അര്‍ത്ഥങ്ങളുണ്ട്, അര്‍ത്ഥതലങ്ങളുണ്ട്. സൂക്ഷിച്ചു മാത്രം വാക്കുകള്‍ എഴുതുന്ന വലിയ ആളുകളിലൊരാളാണ് സാനു മാഷ്.

അദ്ദേഹം ഒരു ജീവചരിത്രം എഴുതുമ്പോള്‍ ചടങ്ങിന് വേണ്ടി ഒന്നും എഴുതാറില്ല. ആ വ്യക്തികളുടെ മനസുകളിലും ആത്മാവിലും എന്ത് വികാരമാണോ ഉണ്ടായിരുന്നതെന്ന് ആഴത്തിലിറങ്ങി അവരുടെ ആത്മാവിന്റെ ഭാഗമായി മാറി കുറിക്കുന്ന വാക്കുകളാണ് അദ്ദേഹത്തിന്റെ ജീവചരിത്രങ്ങളിലുള്ളത്. അല്ലാതെ വസ്തുകള്‍ ശേഖരിച്ച് സ്റ്റാറ്റിക്‌സ് ഉണ്ടാക്കാന്‍ സാനുമാഷിനറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ടുലക്ഷം രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി. വി. ചന്ദ്രന്‍, ഡയറക്ടര്‍മാരായ പി.വി. ഗംഗാധരന്‍, ഡോ. ടി.കെ. ജയരാജ്, എഴുത്തുകാരി ഖദീജ മുംതാസ്, ഡോ. കെ.എസ് രാധാകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.