ഇന്ത്യയിലെ പരമോന്നത ബഹുമതികളിൽ പ്രധാനപ്പെട്ടതാണ് പദ്മപുരസ്കാരങ്ങൾ. പദ്മവിഭൂഷൻ, പദ്മഭൂഷൻ, പദ്മശ്രീ എന്നീ വിഭാഗങ്ങളിലായാണ് പദ്മപുരസ്കാരങ്ങൾ നല്കുന്നത്. കല, സാമൂഹ്യസേവനം,സാഹിത്യം, വിദ്യാഭ്യാസം, കായികം, വ്യാപാരവ്യവസായം തുടങ്ങിയ മേഖലകളിൽ നിന്നുള്ള പ്രതിഭകളെയാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്. അവാർഡ് കമ്മറ്റിയുടെ നാമനിർദ്ദേശങ്ങൾ ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയും പ്രസിഡണ്ടും പരിശോധിച്ച് അംഗീകരിച്ചതിനുശേഷം റിപ്പബ്ളിക് ദിനത്തിലാണ് പ്രഖ്യാപിക്കുന്നത്. ഈ വർഷം എല്ലാ വിഭാഗങ്ങളിൽ നിന്നുമായി 119 പേർക്കാണ് പദ്മ പുരസ്കാരങ്ങൾ നല്കിയിട്ടുള്ളത്. വിദ്യാഭ്യാസം, സാഹിത്യം എന്നീ രംഗങ്ങളിൽ നിന്നാണ് ഇത്തവണ കൂടുതൽ പേർ അവാർഡിനർഹരായിരിക്കുന്നത്. സാഹിത്യമേഖലയിൽ നിന്നും ഈ വർഷം പുരസ്കാരത്തിനർഹരായവർ ഇവരൊക്കെയാണ്.

ചന്ദ്രശേഖർ കമ്പാർ

കന്നട കവിയും നാടകകൃത്തും കന്നടനാടോടിഗാനങ്ങളുടെ ആധികാരികസ്രോതസ്സും സിനിമാ സംവിധായകനുമാണ് ചന്ദ്രശേഖര കമ്പാർ. സമകാലിക സംഭവവികാസങ്ങളുമായി ഫോക്ലോറുകളെയും ഐതിഹ്യങ്ങളെയും ബന്ധപ്പെടുത്തിക്കൊണ്ട് അദ്ദേഹം രചിച്ച നിരവധി കൃതികൾ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന അയിത്താചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരേയുള്ള ചാട്ടുളിയായി നിരൂപകർ വിലയിരുത്തുന്നു. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, പദ്മശ്രീ, ജ്ഞാനപീഠം തുടങ്ങിയ പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

പ്രകാശറാവു ആസ്വാദി

കവി, വിമർശകൻ, വിവർത്തകൻ, പണ്ഡിതൻ തുടങ്ങിയ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച തെലുങ്ക് എഴുത്തുകാരനാണ് പ്രകാശറാവു ആസ്വാദി. സംസ്കൃതത്തിലും തെലുങ്കിലും ഒരുപോലെ പ്രാവീണ്യമുള്ള ആസ്വാദി നൂറ്റി എഴുപതോളം കൃതികളുടെ കർത്താവാണ്. വിവിധ വിഭാഗങ്ങളിലായി അമ്പതോളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

ശ്രീകാന്ത് ദത്താർ

ഇന്ത്യൻ- അമേരിക്കൻ സാമ്പത്തികശാസ്ത്രവിദഗ്ധനും ഹവാർഡ് ബിസിനസ് സ്കൂളിന്റെ പതിനൊന്നാമത് ഡീനുമാണ് ദത്താർ. കോസ്റ്റ് മാനേജ്മെന്റെ്, ഉദ്പാദനക്ഷമത, പുതിയ ഉത്‌പന്ന വികാസങ്ങൾ, ന്യൂ ഇക്കോണമി, സമയബന്ധിത കിടമത്സരങ്ങൾ, ഇൻസെന്റീവുകൾ തുടങ്ങിയവ വിഷയങ്ങളിൽ ഗവേഷണങ്ങൾ നടത്തുകയും മാർഗനിർദ്ദേശങ്ങൾ നല്കുകയും ചെയ്ത വ്യക്തിത്വമാണ് ശ്രീകാന്ത് ദത്താർ.

മംഗൾ സിങ് ഹസോവാരി

ഇന്ത്യൻ- ബോഡോ കവിയാണ് മംഗൾ സിങ്. ഇന്ത്യയുടെ വടക്ക് കിഴക്കൻ പ്രവിശ്യയിലെയും നേപ്പാൾ, ബംഗാൾ തുടങ്ങിയ രാജ്യങ്ങളിലെയും ബോറോ എന്ന ജനവിഭാഗം സംസാരിക്കുന്ന ഭാഷയാണ് ബോഡോ. നേരത്തേ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ കവി കൂടിയാണ് മംഗൾസിങ് ഹസോവാരി.

രാഗസ്വാമി ലക്ഷ്മിനാരായണ കശ്യപ്

ഗണിതശാസ്ത്രജ്ഞനും ഇലക്ട്രിക്കൽ എഞ്ചിനീയറിങ് പ്രൊഫസറുമാണ് രാഗസ്വാമി ലക്ഷ്മിനാരായണ കശ്യപ്. നാല് വേദങ്ങളും വിവർത്തനം ചെയ്തിട്ടുണ്ട്. വേദമന്ത്രങ്ങളുടെ ആന്തരാർഥങ്ങളെക്കുറിച്ചും അവ സമാകാലികതയുമായി എങ്ങനെ താദാത്മ്യം പ്രാപിക്കുന്നുവെന്നും പ്രമേയമാക്കി ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

ഇമ്രാൻ ഷാ

ആസാമീസ് എഴുത്തുകാരനും കവിയും നോവലിസ്റ്റും പണ്ഡിതനുമാണ് ഇമ്രാൻ ഷാ. 'ജബൻബന്ധി' എന്ന പ്രശസ്തനോവൽ ആകാശവാണിയിലൂടെ റേഡിയോനോവലായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ആസാം സിനിമയായ 'രശ്മിരേഖ' അദ്ദേഹത്തിന്റെ 'രജനിഗന്ധ' എന്ന നോവലിനെ ആസ്പദമാക്കി ചിത്രീകരിച്ചതാണ്.

ഉഷായാദവ്

ആഗ്രയിൽ നിന്നുള്ള എഴുത്തുകാരിയാണ് ഉഷായാദവ്. നൂറിൽപരം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ബാലസാഹിത്യമേഖലയിലെ പകരം വെക്കാനില്ലാത്ത എഴുത്തുകാരിയായി അറിയപ്പെടുന്നു ഉഷായാദവ്.

ബാലൻ പൂതേരി

മലയാളിയായ ബാലൻ പൂതേരി ഇരുനൂറോളം ഗ്രന്ഥങ്ങളുടെ കർത്താവാണ്. ജന്മനാ തന്നെ വലതു കണ്ണിന് കാഴ്ചയില്ലാത്ത അദ്ദേഹം കഷ്ടി മൂന്നുമീറ്റർ അകലം മാത്രം ലഭിക്കുന്ന ഇടതുകണ്ണിന്റെ സഹായത്തോടെയാണ് കവിതകൾ എഴുതിയിരുന്നത്. കൃഷ്ണഭക്തിയും സൂർദാസ് സങ്കല്പവും ഭക്തകവിതകളായി മാറ്റിക്കൊണ്ട് ധാരാളം കൃതികൾ രചിച്ചു. ഇടതുകണ്ണിന്റെയും കാഴ്ച പരിപൂർണമായിനഷ്ടപ്പെട്ടപ്പോഴാണ് ഐതിഹ്യകഥകളുടെ സാരാംശം വ്യാഖ്യാനിക്കാൻ തുടങ്ങിയത്. ബന്ധുമിത്രാദികളുടെ സഹായത്തോടെയാണ് അദ്ദേഹം പുസ്തകങ്ങൾ രചിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്.

Content Highlights: List of Padma Awards from Literature 2020