'കൃതി' അന്താരാഷ്ട്ര പുസ്തകമേളയുടേയും വിജ്ഞാനോത്സവത്തിന്റേയും മൂന്നാം പതിപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് കൊച്ചി.
വ്യാഴാഴ്ചയാണ് കൃതിയ്ക്ക് തുടക്കമാകുന്നത്. വൈകീട്ട് ആറിന് ഡോ. എം. ലീലാവതിയും പ്രൊഫ. എം.കെ. സാനുവും ചേര്‍ന്നാണ് മറൈന്‍ഡ്രൈവിലെ പ്രധാന വേദിയിലെ ചടങ്ങില്‍ 'കൃതി2020' ഉദ്ഘാടനം ചെയ്യുക.
ഉദ്ഘാടന സമ്മേളനം വൈകീട്ടാണെങ്കിലും ഉച്ചമുതല്‍ത്തന്നെ പൊതുജനങ്ങള്‍ക്ക് മേള സന്ദര്‍ശിക്കാം. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം 15ന് മൂന്ന് മണിക്കാണ്.
പൂര്‍ണമായും ശീതീകരിച്ച വമ്പന്‍ പ്രദര്‍ശനവേദിയാണ് കൃതിയുടെ പ്രധാന ആകര്‍ഷണം. മൊത്തം 75,000 ചതുരശ്രയടി വിസ്തൃതി വരുന്നതാണ് കൃതിയുടെ ജര്‍മന്‍ നിര്‍മിത വേദി. പുസ്തകമേളയുടെ പ്രദര്‍ശനവേദിക്ക് മാത്രം 46,000 ചതുരശ്രയടി വിസ്തൃതിയുണ്ടാകും.
ഫെബ്രുവരി ആറ് മുതല്‍ 16 വരെ നടക്കുന്ന പുസ്തകമേളയില്‍ 250 സ്റ്റാളുകളിലായി 150ലേറെ പ്രസാധകരെത്തും. മുന്‍വര്‍ഷങ്ങളിലേതുപോലെ 'ഒരു കുട്ടിക്ക് ഒരു പുസ്തകം' പദ്ധതിയിലൂടെ 1.5 കോടി രൂപയുടെ പുസ്തക കൂപ്പണുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്നത്. ഇതുള്‍പ്പെടെ മൊത്തം 20 കോടി രൂപയുടെ പുസ്തകങ്ങളാണ് കൃതിയിലൂടെ വില്‍ക്കാന്‍ ലക്ഷ്യമിടുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പുസ്തകങ്ങള്‍ക്കു പുറമെ ഇത്തവണ ബംഗാളി, ഗുജറാത്തി, ഹിന്ദി പുസ്തകങ്ങളും മേളയിലുണ്ടാകും.
മുതിര്‍ന്നവര്‍ക്ക് ഫോട്ടോഗ്രാഫി, ഷോര്‍ട്ട് ഫിലിം മത്സരങ്ങളും വിദ്യാര്‍ഥികള്‍ക്ക് വായന, ചെറുകവിതാ രചന, ഫോട്ടോ അടിക്കുറിപ്പെഴുത്ത്, നോവലുകള്‍ക്ക് പേരിടല്‍ തുടങ്ങിയ മത്സരങ്ങളുണ്ട്.
ഇതിനൊപ്പം നാലാംക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി 'കാക്കവര' കോര്‍ണറും സംഘടിപ്പിക്കുന്നുണ്ട്. സങ്കല്‍പ്പത്തിലെ 'കാക്ക'യെ വരയ്ക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പുസ്തകം സമ്മാനമായി ലഭിക്കും.
ഫോട്ടോഗ്രാഫി പ്രദര്‍ശനം, സിനിമാ പ്രദര്‍ശനം, മാജിക്, ഒരു നോവലിനെ അങ്ങനെതന്നെ ഫോട്ടോകളിലാക്കിയിരിക്കുന്ന അപൂര്‍വസുന്ദരമായ നോവല്‍ ഫോട്ടോഗ്രാഫി തുടങ്ങിയവയും പുസ്തകോത്സവവേദിയുടെ ഭാഗമായുണ്ടാകും.
Content Highlight: Krithi fest 2020