കൊച്ചി: ഓട്ടിസം എന്ന അവസ്ഥ ഒന്നിനും തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഒരുകൂട്ടം കുട്ടികള്‍. കൃതി 2018 പുസ്തകോത്സവത്തിന്റെ ഭാഗമായ ഓട്ടിസം ക്ലബ്ബാണ് ഈ കുട്ടികള്‍ക്ക് കഴിവു തെളിയിക്കാന്‍ അവസരമൊരുക്കുന്നത്. ഓട്ടിസ്റ്റിക് ആയ കുട്ടികള്‍ എഴുതിയ ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങളാണ് ഓട്ടിസം എന്ന അവസ്ഥയെക്കുറിച്ചുള്ള ധാരണകള്‍ മാറ്റിമറിക്കുക. 

പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളും കൃത്യതയാര്‍ന്ന വാക്കുകളില്‍ വിഷയങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ഓട്ടിസം ഒരു രോഗമല്ലെന്നും തങ്ങളെ നോക്കിക്കാണുന്ന രീതി മാറ്റൂ എന്ന് ആഹ്വാനം ചെയ്യുന്നതുമാണ് ഓരോ പുസ്തകവും. ഓട്ടിസ്റ്റിക് കുട്ടികള്‍ ഒരു ഭാരമല്ലെന്നും അവരെ വളര്‍ത്തേണ്ടത് ഏതു രീതിയിലാണെന്നും ചൂണ്ടിക്കാട്ടി അമ്മമാര്‍ എഴുതിയ പുസ്തകങ്ങളുമുണ്ട്. ഒപ്പം ഓട്ടിസത്തെ കുറിച്ചുള്ള ഡോക്ടര്‍മാരുടെ പുസ്തകങ്ങളും.

ഈ കുട്ടികള്‍ക്ക് താങ്ങാവുകയാണ് പുസ്തകക്കാഴ്ചകള്‍ക്കിടയിലെ 'കൈവര'. കേരള കാര്‍ട്ടൂണ്‍ അക്കാദമിയാണ് ഈ കൈവര ഒരുക്കിയിട്ടുള്ളത്. സന്ദര്‍ശകരുടെ രേഖാചിത്രങ്ങള്‍ അതിവേഗം കാന്‍വാസില്‍ പകര്‍ത്തുന്ന കാര്‍ട്ടൂണിസ്റ്റുകളാണ് അവിടെ.

ആര്‍ക്കും രേഖാചിത്രം വരച്ചു സ്വന്തമാക്കാം. പ്രതിഫലം പെട്ടിയില്‍ ഇട്ടാല്‍ മതി. ഇങ്ങനെ കിട്ടുന്ന പണം ഓട്ടിസം ബാധിച്ച കുട്ടികളെ സഹായിക്കാനാണ് ഉപയോഗിക്കുന്നത്. സ്വന്തം രേഖാചിത്രവുമായി വേദി വിടുമ്പോള്‍ ഒരു കുരുന്നിന് സഹായമേകാനായി എന്ന ആത്മസംതൃപ്തിയും കൈവരുന്നു. മഹാത്മാഗാന്ധി, എ.പി.ജെ. അബ്ദുള്‍കലാം, മോഹന്‍ലാല്‍, മമ്മൂട്ടി, യേശുദാസ് എന്നിവരുടെ കാരിക്കേച്ചര്‍ പ്രതിമകളുമുണ്ട് 'കൈവര'യില്‍.