കോഴിക്കോട്: ശാന്തനോര്‍മയില്‍ കോഴിക്കോടിന്റെ നാടകഅരങ്ങിന് വീണ്ടും ഉണര്‍വ്. അകാലത്തില്‍ അന്തരിച്ച നാടകകാരന്‍ എ. ശാന്തകുമാറിന്റെ സ്മരണയിലാണ് ടൗണ്‍ഹാളില്‍ തിയേറ്റര്‍ കള്‍ച്ചറിന്റെ നേതൃത്വത്തില്‍ രണ്ടുദിവസത്തെ നാടകോത്സവം നടക്കുന്നത്. സംവിധായകന്‍ സുവീരന്‍ ഉദ്ഘാടനംചെയ്തു.

കോവിഡ് കാലത്തും ലോകത്താകമാനം നാടകങ്ങളില്‍ ഗംഭീരപരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍, അതൊന്നും കേരളം അറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ആളെണ്ണം കുറഞ്ഞ നാടകങ്ങള്‍ തിരയുകയാണ്. രണ്ടുപേരേ ഉള്ളൂവെങ്കില്‍ കോവിഡ്കാല നാടകമായല്ലോ എന്ന് ആശ്വാസം കൊള്ളുകയാണെന്നും സുവീരന്‍ പറഞ്ഞു. ഗുലാബ് ജാന്‍ അധ്യക്ഷനായി. സി.പി.അബൂബക്കര്‍, സി.എസ്.മീനാക്ഷി, യു.കലാനാഥന്‍, ടി.സുരേഷ് ബാബു, കെ.എം. അനില്‍, ഒ.പി.സുരേഷ്, വിക്രമന്‍ നായര്‍, എല്‍സി സുകുമാരന്‍, ശ്രീജിത്ത് പൊയില്‍ക്കാവ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

audience
നാടകം കാണാന്‍ എത്തിയവര്‍

ടി. വി. ബാലന്‍, സാംകുട്ടി പട്ടങ്കരി, ഷാജി പുല്ലൂര്‍, സഞ്ജയ്, വിനീഷ് ആരാധ്യ, സിവിക് ചന്ദ്രന്‍, അനിതകുമാരി, കെ.ആര്‍.മോഹന്‍ദാസ്, അജിത തുടങ്ങിയവര്‍ സംസാരിച്ചു. ശാന്തന്റെ ഭാര്യ ഷൈനി, മകള്‍ നീലാഞ്ജന എന്നിവരും ചടങ്ങിനെത്തിയിരുന്നു. സുലൈമാന്‍ കക്കോടി രചിച്ച് എ.ശാന്തകുമാര്‍ സംവിധാനംചെയ്ത 'തീന്‍മുറിയിലെ ദുരന്തം' എന്ന നാടകത്തോടെയാണ് അവതരണങ്ങള്‍ തുടങ്ങിയത്. ശാന്തന്‍ രചിച്ച് എം.എം. രാഗേഷ് സംവിധാനംചെയ്ത 'ആരോ ഒരാള്‍', ഗിരീഷ് പി.സി. പാലത്തിന്റെ രചനയില്‍ ഷിബു പാലാഴി സംവിധാനംചെയ്ത 'ചേറ്', എമില്‍മാധവി സംവിധാനംചെയ്ത 'മ്യൂസിയം ഓഫ് ലവ്' എന്നിവയാണ് അരങ്ങേറിയ മറ്റുനാടകങ്ങള്‍. ശനിയാഴ്ച വൈകീട്ട് അഞ്ചരമുതലാണ് നാടകാവതരണങ്ങള്‍. 'ഈ മനോഹര തീരത്ത്', 'കത്തി','കൊതി', 'അവാര്‍ഡ്' എന്നിവയാണ് അരങ്ങിലെത്തുക.

Content Highlights : kozhikode natakavedi pays homage to a santhakumar by enacting his play