കോഴിക്കോട്: ആ പഴയ പതിനഞ്ചുകാരിയെ മാതൃഭൂമിയില്‍ 'കണ്ടുമുട്ടിയപ്പോള്‍' കോഴിക്കോടിന്റെ നിയുക്തമേയര്‍ ബീനാഫിലിപ്പിന് സംശയം. കണ്ടാല്‍ എന്നെപ്പോലെ തോന്നുന്നില്ലേ?. ട്രേഡ്മാര്‍ക്കായ ചിരിമതിയല്ലോ ടീച്ചറെ മനസ്സിലാവാനെന്ന് കൂട്ടത്തിലാരോ പറഞ്ഞപ്പോള്‍ മുഖത്ത് വിരിഞ്ഞതും ആ ചിരിതന്നെ.

1974 ജനുവരിയില്‍ 'മാതൃഭൂമി ആഴ്ചപ്പതിപ്പി'ല്‍ മുഖചിത്രമായി പ്രസിദ്ധീകരിച്ചുവന്ന തന്റെ ചിത്രംതേടി കോഴിക്കോട് എം.എം. പ്രസിലെ മാതൃഭൂമി ആര്‍ക്കേവില്‍ എത്തിയതായിരുന്നു അവര്‍. പത്താംക്ലാസ് കഴിഞ്ഞിരിക്കുമ്പോഴാണ് അച്ഛന്‍ ഫിലിപ്പിന്റെ ജ്യേഷ്ഠന്റെ മകനായ അജന്ത ജോണ്‍ ബീനയുടെ ചിത്രം പകര്‍ത്തിയത്. മുഖചിത്രമായി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്നത് വീണ്ടും എട്ടൊന്‍പത് മാസംകഴിഞ്ഞാണ്. അപ്പോഴേക്കും കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നിരുന്നു.

ഒരുദിവസം രാവിലെ കോഴിക്കോട് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സിലെ വീടിന്റെ പടിയിലിട്ട പത്രമെടുക്കാന്‍ ചെന്നപ്പോള്‍ കൂടെയുണ്ടായിരുന്ന ആഴ്ചപ്പതിപ്പിന്റെ കവറിലതാ തന്റെ ഫോട്ടോ. ''ആഴ്ചപ്പതിപ്പിലേക്ക് അയച്ചിട്ടുണ്ടെന്നോ പ്രസിദ്ധീകരിക്കുമെന്നോ ഏട്ടന്‍ (അജന്ത ജോണ്‍) പറഞ്ഞിരുന്നില്ല. അന്നൊക്കെ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ പത്രത്തില്‍ പ്രസിദ്ധീകരിച്ചുവരുക, നാടകത്തിലഭിനയിക്കുക എന്നൊക്കെ പറഞ്ഞാല്‍ വലിയ വിഷയമാണ്''-ബീനാ ഫിലിപ്പ് പറഞ്ഞു. എന്‍.എന്‍. പിള്ളയുടെ 'ഗറില്ല' എന്ന നാടകത്തിലും ബീന അഭിനയിച്ചിരുന്നു.

Beena Philip
ആഴ്ചപ്പതിപ്പില്‍ 46 വര്‍ഷം മുന്‍പ് പ്രസിദ്ധീകരിച്ചുവന്ന തന്റെ മുഖചിത്രം ഡോ. ബീനാ ഫിലിപ്പ് കാണുന്നു

ഈ ആഴ്ചപ്പതിപ്പിന്റെ കോപ്പി മുന്‍പ് ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ആരോ പങ്കുവെച്ചിരുന്നു. പക്ഷേ, ടീച്ചറുടെ നാട്ടുകാരനായ പഴയകാല ഡി.വൈ.എഫ്.ഐ. നേതാവ് പി.എസ്. ഇഖ്ബാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് ചര്‍ച്ചയാവുന്നത്.

നടക്കാവ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്നു ബീനാ ഫിലിപ്പ്. ഹൈക്കോടതിയിലെ അഭിഭാഷകനായ അഡ്വ. വിക്ടര്‍ ആന്റണി നൂണ്‍ ആണ് ഭര്‍ത്താവ്. 28-നാണ് ബീനാ ഫിലിപ്പ് മേയറായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

Content HighlightS : Kozhikode corporation designated Mayor Beena Philip sees her coverphoto of 46 years back weekly