ലാജോ ജോസ്, ശ്രീപാർവതി, അൻവർ അബ്ദുള്ള, കോട്ടയം പുഷ്പനാഥ്
ഉദ്വേഗവും പിരിമുറുക്കവും ചോരച്ചുവപ്പില്‍ ചാലിച്ചെഴുതിയ അപസര്‍പ്പക കഥകളുടെ ഈറ്റില്ലമാണ് കോട്ടയം. കുറ്റാന്വേഷണ കഥകളുടെ കുത്തൊഴുക്കായിരുന്നു അക്ഷരനഗരിയില്നിന്ന്. കോട്ടയം പുഷ്പനാഥിലൂടെ ആരംഭിച്ച് ബാറ്റണ്ബോസിലൂടെയും തോമസ് ടി.അമ്പാട്ടിലൂടെയും വേളൂര്‍ പി.കെ.രാമചന്ദ്രനിലൂടെയും വളര്‍ന്ന് സിരകളെ ത്രസിപ്പിച്ച എഴുത്ത്. മലയാളത്തിലെ ജനപ്രിയ ആഴ്ചപ്പതിപ്പുകള്‍ പിറവിയെടുത്ത മണ്ണെന്ന നിലയിലും എഴുത്തുകാര്‍ കോട്ടയത്തേക്ക് ചേക്കേറി.
വാരികകള്‍ വീടകങ്ങളില്‍ സ്ഥാനമുറപ്പിച്ചിരുന്ന കാലം. ആഴ്ചപ്പതിപ്പുകളിലെ പ്രധാന ആകര്‍ഷണമായിരുന്നു കുറ്റാന്വേഷണ നോവലുകള്‍. വായനയ്ക്കായി ഡിക്ടറ്റീവ് നോവലുകളെ മാത്രം കാത്തിരുന്ന ഒരുപറ്റം വായനക്കാര്‍. നോവലുകളിലെ ഡിക്ടറ്റീവ് കഥാപാത്രങ്ങളെ ആരാധനാപാത്രങ്ങളായി മനസ്സില്‍ പ്രതിഷ്ഠിച്ചുനടന്ന യുവത. കുറ്റാന്വേഷണ മികവുള്ള നോവലുകളുമായി പുറത്തിറങ്ങിയ വാരികകള്‍ക്ക് ആവശ്യക്കാരേറെയായിരുന്നു. ഖണ്ഡശഃ പ്രസിദ്ധീകരിച്ച നോവലുകളില്‍ പലതും പിന്നീട് പുസ്തകരൂപത്തില്‍ പുറത്തിറങ്ങി.
ഡിക്ടറ്റീവ് പുഷ്പരാജ്
കോട്ടയം കേന്ദ്രമാക്കി കുറ്റാന്വേഷണ നോവലുകളെഴുന്നതില് മുന്നില്‍നിന്ന് നയിച്ചത് കോട്ടയം പുഷ്പനാഥാണ്. കുറ്റകൃത്യങ്ങളിലെ രഹസ്യാത്മകതയുടെ ചുരുളഴിക്കുന്നതില്‍ കോട്ടയം പുഷ്പനാഥിന്റെ കഥാപാത്രമായ 'ഡിക്ടറ്റീവ് പുഷ്പരാജ്' അസാമന്യ മികവ് പുലര്‍ത്തി. 1968ല്‍ 'ചുവന്ന മനുഷ്യന്' എന്ന നോവലില്‍ തുടങ്ങി ത്രില്ലര്‍ നോവലുകളും മാന്ത്രിക നോവലുകളടക്കം 350ലേറെ പുസ്തകങ്ങള്‍ പുറത്തിറക്കി.
വേളൂരിന്റെ കഥാകാരന്
സര്‍ക്കാരുദ്യോഗസ്ഥനായിരുന്ന വേളൂര്‍ പി.കെ.രാമചന്ദ്രന് എഴുതിയത് സെമിത്തേരിയിലെ പ്രേതം, പെന്ഗ്വിന്, അര്‍ധരാത്രിയിലെ അതിഥി, രാത്രിയിലെ യാത്രക്കാര്‍ തുടങ്ങി 60ല്‍പ്പരം കൃതികള്‍. കോട്ടയം കേന്ദ്രമാക്കി പുറത്തിറങ്ങിയ എല്ലാ വാരികകളിലും രാമചന്ദ്രന്റെ നോവലുകള്‍ അച്ചടിച്ചുവന്നു. ഡിക്ടറ്റീവ് ബാലചന്ദ്രനും സീമയുമായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍. 82ാം വയസ്സിലും എഴുത്ത് തുടരുന്നു.
ബാറ്റണ്‍ബോസ്
കേള്‍ക്കുമ്പോള്‍ ഡിക്ടറ്റീവിന്റെ പേരിനെ അനുസ്മരിപ്പിക്കുന്നതാണ് ബാറ്റണ്‍ബോസ് എന്നത്. കൊച്ചുകുന്നേല്‍ മത്തായി ചാക്കോയാണ് ബാറ്റണ്‍ ബോസ് എന്ന തൂലികാനാമത്തിലൂടെ മലയാളിയെ ത്രില്ലര്‍ സാഹിത്യത്തിലേക്ക് ക്ഷണിച്ചത്. ഡോ.സീറോയില്‍ തുടങ്ങി കാസിനോ, അവള് വരെ 200ലേറെ രചനകള്‍.
ന്യൂജെന്‍...
യുവതലമുറയില്‍ അന്‍വര്‍ അബ്ദുള്ളസിറ്റി ഓഫ് എം., മരണത്തിന്റെ തിരക്കഥ, കമ്പാര്‍ട്ട്മെന്റ്, പ്രൈം വിറ്റ്നസ് എന്നീ ഡിക്ടറ്റീവ് നോവലുകള്‍ ശിവശങ്കര്‍ പെരുമാള്‍ എന്ന കുറ്റാന്വേഷകനെ നായകനാക്കി എഴുതി. കോഫി ഹൗസ്, ഹൈഡ്രേഞ്ചിയ, റൂത്തിന്റെ ലോകം, റെസ്റ്റ് ഇന്‍ പീസ്, കന്യമരിയ എന്നിവയിലൂടെ ലാജോ ജോസും പൊയട്രി കില്ലര്‍, മിസ്റ്റിക് മൗണ്ടന്‍, നായിക അഗതാ ക്രിസ്റ്റി, വയലറ്റുപൂക്കളുടെ മരണം എന്നീ കൃതികളിലൂടെ പെണ് പ്രാതിനിധ്യമുറപ്പിച്ച് ശ്രീപാര്‍വതിയും ഓണ്‍ലൈന്‍ എഴുത്തുകാരായ വേറെ ചില ചെറുപ്പക്കാരും കുറ്റാന്വേഷണ നോവല്‍ ശാഖയ്ക്ക് ശക്തിപകരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..