തിരൂര്‍: കൊളാടി ഗോവിന്ദന്‍കുട്ടി സ്മാരക പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക് സമര്‍പ്പിച്ചു. യുവകലാസാഹിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരം തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടന്ന ചടങ്ങില്‍ യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റും കവിയുമായ ആലങ്കോട് ലീലാകൃഷ്ണനാണ് എം.ടി.യ്ക്ക് നല്‍കിയത്. 

കേരളത്തില്‍ ഉദ്ബുദ്ധതയ്ക്കുവേണ്ടി ജീവിതം മാറ്റിവെച്ച മാതൃകാപുരുഷനാണ് കൊളാടി ഗോവിന്ദന്‍കുട്ടിയെന്ന് എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞു. ഒരു ദേശത്തിന്റെ ചരിത്രം ജനങ്ങള്‍ക്കു മുന്‍പിലെത്തിക്കാന്‍ കൊളാടി ഗോവിന്ദന്‍കുട്ടിയുടെ 'എന്തുകൊണ്ട് വന്നേരി' എന്ന ദേശചരിത്രപഠനത്തിനു കഴിഞ്ഞു. രാഷ്ട്രീയത്തിലേക്കു തിരിഞ്ഞതിനാലാണ് അദ്ദേഹത്തിന് എഴുത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയാതെപോയത്.

സി.പി.ഐ. സംസ്ഥാന നിര്‍വാഹകസമിതി അംഗം പി.പി. സുനീര്‍ അധ്യക്ഷതവഹിച്ചു. സി.പി.ഐ. ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, അജിത് കൊളാടി, യുവകലാസാഹിതി സംസ്ഥാന ജനറല്‍സെക്രട്ടറി ഇ.എം. സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു.

Content Highlights: Koladi memorial award, MT Vasudevan Nair