'ന്താ പണിക്കരെ പഞ്ചസാര എത്താതിരുന്നത്...'

'അത് തമ്പുരാന്‍, പഞ്ചസാരയേറ്റിരുന്ന ദേവരശ കിണി എത്തിച്ചില്ല...'

'ശരി, കിണിയുടെ തല നാളെ എനിക്ക് കണികാണണം. പണിക്കര് പൊയ്ക്കോളു'

കൊച്ചി മഹാരാജാവ് ശക്തന്‍ തമ്പുരാന്റെയും പടനായകന്‍ പണിക്കരുടെയും സംഭാഷണം അവിടെ അവസാനിച്ചു.

***

രാജാ രാമവര്‍മയെന്ന ശക്തന്‍ തമ്പുരാനെ സ്വന്തം മകനെ പോലെ നോക്കി വളര്‍ത്തിയ തൃപ്പൂണിത്തുറയിലെ 'വലിയമ്മ തമ്പുരാട്ടി' നാടുനീങ്ങി. തമ്പുരാന്‍ 'ചിറ്റമ്മ'യെന്നും തമ്പുരാനെ 'കുഞ്ഞിപ്പിള്ള'യെന്നുമാണ് തമ്പുരാട്ടി വിളിച്ചിരുന്നത്. രാജകുടുംബത്തിലെ ആരെങ്കിലും മരിച്ചാല്‍ ഏഴാം ദിവസമോ പന്ത്രണ്ടാം ദിവസമോ നടത്തുന്ന ചടങ്ങായ 'തിരുവന്തളി' തൃപ്പൂണിത്തുറയില്‍ സദ്യവട്ടങ്ങളോടെ ഗംഭീരമായി കഴിഞ്ഞു. ഇതിനുശേഷം നടത്തുന്ന മാസ അടിയന്തിരമായ 'തിരുമാസം' ചടങ്ങ് എറണാകുളത്താണ് നടത്തിയത്.

സദ്യ കേമമായെങ്കിലും പഞ്ചസാര വിളമ്പാത്തതില്‍ മുറുമുറുപ്പുണ്ടായി. കൊച്ചി കോട്ടയിലെ പ്രധാന കച്ചവടക്കാരനും കൊങ്കണിയുമായ ദേവരശ കിണിയായിരുന്നു പഞ്ചസാര എത്തിക്കാമെന്ന് ഏറ്റിരുന്നത്. അയാളുടെ തല വെട്ടാനാണ് ശക്തന്‍ തമ്പുരാന്‍ ഉത്തരവിട്ടത്. 'പഞ്ചസാരപ്രശ്‌നത്തിന്' മറ്റൊരു രാഷ്ട്രീയ പശ്ചാത്തലം കൂടിയുണ്ട്. പോര്‍ച്ചുഗീസ് ആക്രമണത്തില്‍ പൊറുതിമുട്ടി, ഗോവയുള്‍പ്പെടുന്ന കൊങ്കണ്‍ തീരത്തുനിന്ന് പലായനം ചെയ്ത് പതിനാറാം നൂറ്റാണ്ടില്‍ കൊച്ചിയിലെത്തിയവരാണ് കൊങ്കണികള്‍. പതിയെ അവര്‍ കൊച്ചിയിലെ പ്രധാന കച്ചവട സമൂഹമായി മാറി. ഇടക്കാലത്ത് കൊച്ചി രാജകുടുംബവുമായി കൊങ്കണി സമൂഹത്തിന്റെ നല്ല ബന്ധത്തിന് പാളംതെറ്റി. ധനികരായ കൊങ്കണിമാര്‍ക്ക് ഡച്ച് ഭരണകൂടമാണ് പിന്നീട് സംരക്ഷണം നല്‍കിയത്.

ധാര്‍ഷ്ട്യക്കാരന്‍ ഗവര്‍ണര്‍

1769-ല്‍ കൊച്ചിയിലെ ഡച്ച് ഗവര്‍ണറായി സി.എല്‍. സ്നെഫ് എന്ന ധാര്‍ഷ്ട്യക്കാരന്‍ ചുമതലയേറ്റു. അതോടെ പ്രശ്‌നങ്ങള്‍ തുടങ്ങി. ഡച്ച് നഗരത്തോടു ചേര്‍ന്നുള്ള മട്ടാഞ്ചേരി, ചെറളായി, അമരാവതി എന്നീ പ്രദേശങ്ങള്‍ കൊച്ചി രാജ്യത്തിന്റെ അധീനതയിലായിരുന്നു. ഡച്ചുകാര്‍ അവിടെയുള്ള കൊങ്കണിമാരെയും ക്രിസ്ത്യാനികളെയും തങ്ങളുടെ വരുതിയിലാക്കി. ഈ മൂന്നിടത്തു നിന്നുമുള്ള കൊച്ചി രാജ്യത്തിന്റെ കരംപിരിവിനുള്ള അവകാശത്തെ ഗവര്‍ണര്‍ സ്നെഫ് ചോദ്യം ചെയ്തു. കൊച്ചി രാജ്യം ഡച്ചുകാര്‍ക്കെതിരേ തിരുവിതാംകൂറിന്റെ സഹായം തേടി.

പ്രശ്‌നപരിഹാരത്തിനായി ഡച്ച് ഭരണകൂടം സ്നെഫിനെ മാറ്റി, അഡ്രിയന്‍ വാന്‍ മൊയിന്‍സിനെ ഗവര്‍ണറായി നിയോഗിച്ചു. മട്ടാഞ്ചേരി, അമരാവതി, ചെറളായി എന്നിവിടങ്ങളില്‍നിന്ന് കരംപരിക്കാനുള്ള അധികാരം കൊച്ചി രാജ്യത്തിന് തിരികെ നല്‍കി. പക്ഷേ, കൊങ്കണികള്‍ക്കുമേല്‍ പുതിയ ആവശ്യങ്ങള്‍ രാജാവിന് അടിച്ചേല്‍പ്പിക്കാനാവില്ല. അങ്ങനെയെങ്കില്‍ കൊങ്കണികള്‍ക്ക് ഡച്ച് ഗവര്‍ണര്‍ക്ക് പരാതി നല്‍കാം. കൊങ്കണികളുടെ ക്ഷേത്രകാര്യങ്ങളില്‍ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയറിയാതെ രാജാവ് ഇടപെടരുത് എന്നും നിബന്ധന വെച്ചു.

ശക്തന്റെ കലിപ്പ്

കാലം കടന്നുപോയി. ശക്തന്‍ തമ്പുരാന്‍ കൊച്ചി രാജാവായി സിംഹാസനമേറി. സമൂഹത്തിലെ ധനികരായിരുന്ന കൊങ്കണികളുടേയും ക്രിസ്ത്യാനികളുടേയും സംരക്ഷണം ഡച്ചുകാര്‍ ൈകയാളുന്നതില്‍ ശക്തന്‍ തമ്പുരാന് എതിര്‍പ്പായിരുന്നു. അവരില്‍നിന്ന് കൂടുതല്‍ കരംപിരിക്കാന്‍ കഴിയാത്തതിന്റെ പ്രശ്‌നങ്ങള്‍ രാജാവിനു മുന്നിലെത്തിയിരുന്നു.

ആ സമയത്താണ് 'പഞ്ചസാരപ്രശ്‌നം' നടക്കുന്നത്. ദേവരശ കിണിയാകട്ടെ ഡച്ചുകാരോട് ഏറെ അടുപ്പമുള്ള കൊങ്കണി പ്രമാണിയുമായിരുന്നു. കിണിയുള്‍പ്പെടെയുള്ള ധനികരായ കൊങ്കണിമാരുടെ വീടുകള്‍ ഡച്ചുകാര്‍ തീര്‍ത്ത കൊച്ചി കോട്ടയ്ക്കുള്ളിലായിരുന്നു. ഡച്ചുകാരുടെ കീഴിലായിരുന്നതിനാല്‍ കൊങ്കണികള്‍ കൊച്ചി രാജാവിന് വലിയ വിലയൊന്നും നല്‍കിയിരുന്നില്ല.

ദേവരശ കിണിയുടെ അഹങ്കാരം മൂലമാണ് വലിയമ്മ തമ്പുരാട്ടിയുടെ തിരുമാസ ചടങ്ങിന് പഞ്ചസാരയെത്തിക്കാത്തതെന്ന് ശക്തന്‍ തമ്പുരാന്‍ ഉറച്ചു വിശ്വസിച്ചു. തമ്പുരാനെക്കാള്‍ കണിശക്കാരനായിരുന്നു പടനായകനായ 'പണിക്കരു വലിയ കപ്പിത്താന്‍'. കിണിയുടെ തലവെട്ടി കൊണ്ടുവന്ന് തന്നെ കണികാണിക്കണമെന്ന് ഉത്തരവിട്ടതിനൊപ്പം അതിനുള്ള തന്ത്രംകൂടി ശക്തന്‍ തമ്പുരാന്‍ പറഞ്ഞുകൊടുത്തു. ഡച്ച് കോട്ടയുടെ വാതില്‍ അടയ്ക്കും മുന്നേ കോട്ടയ്ക്കുള്ളില്‍ കയറണം. തല വെട്ടിയ ശേഷം രാവിലെ കോട്ടവാതില്‍ തുറക്കുമ്പോള്‍ പുറത്ത് കടക്കുകയും വേണം.

പണിക്കര്‍ ഒരു അരവാളും കുറേ പണവുമായി വഞ്ചിയില്‍ കയറി കൊച്ചി കോട്ടയിലേക്ക് പുറപ്പെട്ടു. കോട്ടവാതില്‍ അടയ്ക്കും മുമ്പേ അകത്തുകയറി. പിന്നെ ദേവരശ കിണിയുടെ പാണ്ടികശാലയിലേക്ക് (ഗോഡൗണ്‍) ചെന്നു. പണിക്കരെ കണ്ട ദേവരശ കിണി സ്വീകരിച്ചിരുത്തി. പണിക്കര്‍ പറഞ്ഞു, 'കിണി, കുറേ മേല്‍ത്തരം പട്ടുതുണികള്‍ വേണം. കൊട്ടാരത്തിലേക്കാണ്...' മുകളിലെ മുറിയിലുണ്ടെന്നും അങ്ങോട്ട് പോകാമെന്നും പറഞ്ഞ് പണിക്കരേയും കൂട്ടി ദേവരശ കിണി മുകളിലേക്കു പോയി. ജോലിക്കാരെല്ലാം താഴെയും. ഇതിനിടെ കിണി പറഞ്ഞു, 'പഞ്ചസാര സമയത്തെത്താഞ്ഞതിനാല്‍ തിരുവുള്ളക്കേടായിട്ടുണ്ടാവുമല്ലേ... ഓരോ തിരക്കുകളില്‍ അതങ്ങട് മറന്നു...' പണിക്കര്‍ ചിരിച്ചു കൊണ്ടുപറഞ്ഞു, 'നിങ്ങളുടെ മുഖം തിരുമുമ്പില്‍ കണ്ടാല്‍ മാറുന്ന തിരുവുള്ളക്കേടേയുള്ളു'.

അയാള്‍ പട്ടുതുണികള്‍ എടുക്കുന്നതിനിടെ പണിക്കര്‍ പിന്നിലൂടെ വായ് പൊത്തിപ്പിടിച്ച് അരവാളെടുത്ത് തല വെട്ടിയെടുത്തു. അവിടെ നിന്ന് കുറേ പട്ടുതുണികളെടുത്ത് തല അതില്‍ പൊതിഞ്ഞെടുത്ത് ഒന്നും സംഭവിക്കാത്ത മട്ടില്‍ താഴേയ്ക്കിറങ്ങിപ്പോയി. ജോലിക്കാര്‍ കരുതിയത് ദേവരശ കിണി മുകളില്‍ കിടന്നുറങ്ങിപ്പോയെന്നാണ്. പണിക്കരാകട്ടെ കിണിയുടെ തലയുമായി കോട്ടയ്ക്കുള്ളിലൊരിടത്ത് ഒളിച്ചിരുന്നു. വെളുപ്പിന് കോട്ടവാതില്‍ തുറന്ന് ആളുകള്‍ സഞ്ചാരം തുടങ്ങിയതും പണിക്കര്‍ പുറത്തെത്തി വഞ്ചിയില്‍ കൊട്ടാരത്തിലേക്ക് പോയി.ശക്തന്‍ തമ്പുരാന്‍ ഉറക്കമുണര്‍ന്നിട്ടുണ്ടായിരുന്നില്ല. പണിക്കര്‍ കിണിയുടെ തല പട്ടുതുണി മാറ്റി തമ്പുരാന്റെ മുറിക്കു മുന്നില്‍ വെച്ചു. എഴുന്നേറ്റ് വന്ന വഴി കിണിയുടെ തലയാണ് ശക്തന്‍ കണികണ്ടത്. 'കുറച്ചു ബുദ്ധിമുട്ടി അല്ലെ. എങ്കിലും കാര്യം നടന്നല്ലോ... പണിക്കരുപോയി ഉറങ്ങിക്കോളു, ഇന്ന് രാത്രിയും ഉറക്കമൊഴിക്കേണ്ടി വരും..'

വൈകീട്ടെത്തിയ പണിക്കരോട് തമ്പുരാന്‍ പറഞ്ഞു, 'കൊങ്കണികള്‍ക്ക് ഹുങ്ക് കൂടിയിട്ടുണ്ട്. ഇന്നു രാത്രി പടയുമായി പോയി തിരുമല ദേവസ്വത്തിലും മറ്റുമുള്ള മുതലെല്ലാം എടുത്തുകൊണ്ട് പോരണം.' രാത്രിയില്‍ കൊച്ചീപ്പട തിരുമല ദേവസ്വത്തില്‍ കടന്ന് ആഭരണങ്ങളും പാത്രങ്ങളുമെല്ലാം കൊള്ളയടിച്ചു.

പക്ഷേ, പണിക്കരുടെ വരവ് മുന്‍കൂട്ടിയറിഞ്ഞ കൊങ്കണികള്‍ അവരുടെ ദേവന്റെ വിഗ്രഹവും അമൂല്യരത്‌നങ്ങള്‍ പതിച്ച ആഭരണങ്ങളും ആലപ്പുഴയ്ക്കു മാറ്റിയിരുന്നു. ഇതറിഞ്ഞ ശക്തന്‍ ക്ഷേത്ര അധികാരികളെയും വധിച്ചു.

Content Highlights: kochi history sakthan thampuran