കൊച്ചി: മാതൃഭാഷയ്ക്കായി വാദിക്കുന്നവര്‍പോലും സ്വന്തം മക്കളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ അയക്കാനാണ് വ്യഗ്രത കാണിക്കുന്നതെന്ന് പ്രശസ്ത എഴുത്തുകാരന്‍ കിരണ്‍ നഗാര്‍ക്കര്‍. 'കൃതി' അന്താരാഷ്ട്ര സാഹിത്യോത്സവം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മഹാരാഷ്ട്രയില്‍ ഉള്‍പ്പെടെ മാതൃഭാഷയ്ക്കു വേണ്ടിയുള്ള മുറവിളി ശക്തമാണ്. പക്ഷേ, ഇതിനായി വാദിക്കുന്ന രാഷ്ട്രീയക്കാരെല്ലാം മക്കളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലാണ് അയക്കുന്നത്. ഭാഷകള്‍ക്കെല്ലാം സ്വന്തം അസ്തിത്വമുണ്ട്. ഓരോ നാടിന്റെയും ചരിത്രവും സംസ്‌കാരവുമെല്ലാം ഭാഷയുമായി ഇഴചേര്‍ന്നു കിടക്കുന്നു.

ഭാഷകളുടെ വൈവിധ്യത്താല്‍ സമ്പന്നമാണ് ഭാരതം. പുതിയ തലമുറ മാതൃഭാഷയില്‍ നിന്ന് അകലുകയാണെന്ന പരാതിയുണ്ട്. മഹാരാഷ്ട്രയില്‍ അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് വിദ്യാര്‍ഥികളില്‍ 70 ശതമാനത്തിന്റെയും മാതൃഭാഷാ പരിജ്ഞാനം മോശമാണെന്നാണ്. ഗൗരവത്തോടെ കാണേണ്ട വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു.

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സാഹിത്യോത്സവ പുസ്തകം പ്രൊഫ. എം. ലീലാവതി സച്ചിദാനന്ദന് നല്‍കി പ്രകാശിപ്പിച്ചു. സി. രാധാകൃഷ്ണന്‍, രാജന്‍ ഗുരുക്കള്‍, യു.കെയില്‍ നിന്നുള്ള എഡിറ്ററും പരിഭാഷകയുമായ അലക്‌സാന്‍ഡ്ര ബുഷ്‌ലര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫെസ്റ്റിവല്‍ ഡയറക്ടറും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ വൈശാഖന്‍ സ്വാഗതമാശംസിച്ചു. ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ എസ്. രമേശന്‍ നന്ദി പറഞ്ഞു.

'കൃതി'ക്ക് മുന്നോടിയായി നടത്തിയ കാരൂര്‍ സ്മാരക ചെറുകഥാ മത്സരത്തില്‍ സമ്മാനങ്ങള്‍ നേടിയ വി. എം. ദേവദാസ്, അനില്‍ ദേവസി, എം.പി. പവിത്ര, രഘുപതി എം.പി. എന്നിവര്‍ക്ക് കിരണ്‍ നഗാര്‍ക്കര്‍ പുരസ്!കാരങ്ങള്‍ സമ്മാനിച്ചു.

'കേരളത്തില്‍ താമസിക്കാം'

പുസ്തകപ്രേമികളുടെ നാടായ കേരളത്തില്‍ വന്ന് സ്ഥിരതാമസമാക്കാന്‍ താത്പര്യമുണ്ടെന്ന് കിരണ്‍ നഗാര്‍ക്കര്‍. അന്താരാഷ്ട്ര സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് അദ്ദേഹം തന്റെ ആഗ്രഹം വ്യക്തമാക്കിയത്.

സാക്ഷരരുടെ നാടാണ് കേരളം. ഇവിടെയുള്ളവരുടെ വായനാപ്രേമവും അസൂയാവഹമാണ്. ഇതെല്ലാം കാണുമ്പോള്‍ കേരളത്തോട് അസൂയ തോന്നാറുണ്ട്. കേരളത്തില്‍ ബുക്ക് ഷെല്‍ഫുള്ള വീടുകള്‍ കുറവാണെന്നാണ് കരുതുന്നത്. മുംബൈയില്‍ 70 വീടുകള്‍ മാറിയിട്ടും രണ്ടെണ്ണത്തില്‍ മാത്രമാണ് ബുക്ക് ഷെല്‍ഫ് കണ്ടത്.

ഏതൊരു എഴുത്തുകാരന്റെയും ആഗ്രഹം അദ്ദേഹത്തിന്റെ കൃതികള്‍ വായിക്കപ്പെടണമെന്നാണ്. അങ്ങനെ നോക്കുമ്പോള്‍ സ്ഥിരതാമസമാക്കാന്‍ കേരളത്തേക്കാള്‍ നല്ലൊരു സ്ഥലമില്ല.

എം.ടി. വാസുദേവന്‍ നായരെ കാണാമെന്ന ആഗ്രഹത്തിലാണ് കൊച്ചിയിലെത്തിയത്. അതിന് സാധിക്കാത്തതില്‍ സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.