തൃശ്ശൂര്‍ :'ബഷീറിന്റെ നീലവെളിച്ചത്തില്‍ കടന്നുവരുന്ന വിഭ്രാത്മക ദൃശ്യങ്ങളും വ്യാഖ്യാനലളിതമല്ലാത്ത പദസംഘാതങ്ങളും വിശദീകരിക്കുക.' മലയാളം ഐച്ഛികവിഷയമായെടുത്ത ബിരുദവിദ്യാര്‍ഥികളോടല്ല ഈ ചോദ്യം. മറിച്ച് 17-നും 50-നും ഇടയ്ക്ക് പ്രായമുള്ള പുസ്തകസ്‌നേഹികളായ മലയാളികള്‍ക്ക് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നടത്തിയ വായനമത്സരത്തിലേതാണ്. 

ഫലത്തില്‍,സാധാരണ വായനക്കാരന് വായനമത്സരം ബാലികേറാമലയായി. എല്ലാ വിഭാഗം ആള്‍ക്കാരെയും ഒന്നിച്ചു കാണുന്ന ശൈലി സ്വീകരിക്കാതെ ചോദ്യകര്‍ത്താവിന്റെ പാണ്ഡിത്യ പ്രകടനമായിപ്പോയി മത്സരം. കോവിഡ് കാലത്ത് വായനയെ പ്രയോജനപ്പെടുത്തണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന്റെ അടിസ്ഥാനത്തിലാണ് വായന മത്സരം സംഘടിപ്പിച്ചത്. 

മത്സരം പൂര്‍ണമായും ഓണ്‍ലൈന്‍ .മലയാളത്തിലെ 10 ചെറുകഥകളാണ് മത്സരത്തിന് നിര്‍ദേശിച്ചത്. 'കഥകളതിസാന്ത്വനം' എന്നായിരുന്നു വായനമത്സരത്തിന്റെ പേര്. 16 വയസ്സുവരെ, 17-നും 50-നും ഇടയ്ക്ക് പ്രായമുള്ളവര്‍, 51-ന് മേല്‍ പ്രായമുള്ളവര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് മത്സരം നടത്തിയത്. മറ്റ് ചില ചോദ്യങ്ങള്‍ ഇങ്ങനെ:- 'ഒ. ഹെന്‍ട്രിയുടെ കഥകളുടെ സവിശേഷതയായി കാണുന്ന അപ്രതീക്ഷിതവ്യതിയാനം 'എന്തും ചെയ്യാന്‍ മടിക്കാത്ത രണ്ടു പേര്‍' എന്ന കഥയിലും ദൃശ്യമാണ്. വിശദീകരിക്കുക.?' 'വെള്ളപ്പൊക്കത്തില്‍' എന്ന കഥയിലെ ഭാഷയില്‍ മലയാള ഗദ്യത്തിന്റെ വികാസപരിണാമത്തിലെ ഒരു ഘട്ടം തെളിഞ്ഞു കാണാം. സാധൂകരിക്കുക.' അഞ്ചുപേര്‍ക്ക് 3,000 രൂപ വീതമാണ് സമ്മാനം. വിജയികളെ പ്രഖ്യാപിച്ചിട്ടില്ല.

Content Highlights: kerala state library council reading competition