കോഴിക്കോട്: അപ്രഖ്യാപിത അടിയന്തരാവസ്ഥയുള്ള നാട്ടില്‍ നിയമലംഘനങ്ങളെക്കുറിച്ചും അരുതായ്മകളെക്കുറിച്ചും സാധാരണജനങ്ങളോട് സംസാരിക്കുന്നത് എഴുത്തുകാര്‍ മാത്രമാണെന്നും സിനിമാതാരങ്ങളോ കായികതാരങ്ങളോ അത് ചെയ്യുന്നില്ലെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ പറഞ്ഞു. അക്കാദമി പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നതിന് ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

''എഴുത്തുകാര്‍ ജനങ്ങള്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ സംസാരിക്കുന്നു. അവരുടെ ലക്ഷ്യം നിസ്വാര്‍ഥമാണ്. അഗ്‌നി ദേവലോകത്തുനിന്ന് മോഷ്ടിച്ചുകൊണ്ടുവന്ന് പാവപ്പെട്ട മനുഷ്യര്‍ക്ക് നല്‍കിയ യവന പുരാണത്തിലെ പ്രൊമിത്യൂസിനെപ്പോലെയാണ് എഴുത്തുകാര്‍. വെളിച്ചം കാണിച്ചാല്‍ മതി സമൂഹം നേര്‍വഴിയില്‍ സഞ്ചരിച്ചുകൊള്ളും''- വൈശാഖന്‍ പറഞ്ഞു. സാഹിത്യ അക്കാദമിയുടെ പരമോന്നത ബഹുമതിയായ വിശിഷ്ടാംഗത്വം അദ്ദേഹം പി. വത്സലയ്ക്ക് സമര്‍പ്പിച്ചു.

ചരിത്രകാരന്‍ എം.ജി.എസ്. നാരായണന്‍, സംസ്‌കൃത പണ്ഡിതന്‍ എന്‍.വി.പി. ഉണിത്തിരി, യു. കലാനാഥന്‍, സി.പി. അബൂബക്കര്‍, എസ്. ഹരീഷ്, വിനോയ് തോമസ്, ഡോ. കെ.എം. അനില്‍, സി.എസ്. മീനാക്ഷി എന്നിവര്‍ക്കും വിവിധ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

ഡോ. ഖദീജാ മുംതാസ് അധ്യക്ഷയായി. ടി.പി. വേണുഗോപാലന്‍, ബി.എം. സുഹറ, യു.കെ. കുമാരന്‍, ഇ.പി. രാജഗോപാലന്‍, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, ഡോ. കെ.എം. അനില്‍, സുഭാഷ് ചന്ദ്രന്‍, ഡോ. കെ.പി. മോഹനന്‍, പവിത്രന്‍ തീക്കുനി എന്നിവര്‍ പ്രസംഗിച്ചു. നിരൂപകന്‍ പ്രൊഫ. വി. സുകുമാരന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

Content Highlights: kerala sahitya akademi award 2020