തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിയുടെ 2020-ലെ വിശിഷിടാംഗത്വവും സമഗ്രസംഭാവന പുരസ്‌കാരങ്ങളും, അക്കാദമി അവാര്‍ഡുകളും എന്‍ഡോവ്‌മെന്റ് അവാര്‍ഡുകളും ഭാരത് ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ സമര്‍പ്പിച്ചു. പുരസ്‌കാരജേതാക്കളുടെ സൗകര്യം കൂടെ കണക്കിലെടുത്ത് തിരുവനന്തപുരത്തും തൃശൂരുമായി രണ്ടിടങ്ങളില്‍ വെച്ചാണ് ഇത്തവണ പുരസ്‌കാര വിതരണം. തൃശൂര്‍ വെച്ചുള്ള പുരസ്‌കാര സമര്‍പ്പണം ഡിസംബര്‍ 16 ന് സാഹിത്യ അക്കാദമിയില്‍ വെച്ച് നടക്കും.

kerala sahithya academy awards
അക്കാദമി അധ്യക്ഷന്‍ വൈശാഖന്‍ തിരി തെളിക്കുന്നു

 

പെരുമ്പടവം ശ്രീധരന്‍, സേതു എന്നിവരാണ് വിശിഷ്ടാംഗത്വത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. വിശിഷ്ടാംഗത്വം മന്ത്രി സജി ചെറിയാന്‍ പെരുമ്പടവം ശ്രീധരന് കൈമാറി.  വിശിഷ്ടാംഗത്വത്തിന് അര്‍ഹനായ സേതു ഡിസംബര്‍ 16 ന് തൃശൂരില്‍ വെച്ചാണ് ബഹുമതി സ്വീകരിക്കും. കെ.കെ.കൊച്ച്, കെ.ആര്‍.മല്ലിക, ചവറ കെ.എസ്.പിള്ള എന്നിവര്‍ക്ക് സമഗ്രസംഭാവനാ പുരസ്‌കാരങ്ങളും ഒ.പി.സുരേഷ്, ഉണ്ണി.ആര്‍, ഡോ.പി.സോമന്‍, ഡോ.ടി.കെ.ആനന്ദി, വിധുവിന്‍സെന്റ് എന്നിവര്‍ക്ക് അക്കാദമി അവാര്‍ഡുകളും ഡോ.ജെ.പ്രഭാഷ്, ഡോ. വി. ശിശുപാലപണിക്കര്‍ എന്നിവര്‍ക്ക് എന്‍ഡോവ്‌മെന്റ് പുരസ്‌കാരങ്ങളും മന്ത്രി കൈമാറി. 

Content Highlights: kerala sahithya academy awards handed over