തവനൂര്‍: ജന്മംകൊണ്ട് കോഴിക്കോട്ടുകാരനാണെങ്കിലും കേരളഗാന്ധി എന്നറിയപ്പെട്ട കെ. കേളപ്പന്റെ കര്‍മമണ്ഡലം തവനൂരായിരുന്നു. ഇവിടത്തെ നിള നദിക്കരയിലാണ് അദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്നതും. അദ്ദേഹത്തിന്റെ 132-ാം ജന്മദിനം ആഘോഷിക്കുമ്പോഴും തവനൂരിന്റെ മണ്ണില്‍ കെ. കേളപ്പന് ഉചിതമായൊരു സ്മാരകം ഇനിയുമുയര്‍ന്നിട്ടില്ല.

അവഗണനയുടെ അടയാളപ്പെടുത്തലെന്നോണം അദ്ദേഹം താമസിച്ചിരുന്ന വീട് കാര്‍ഷിക എന്‍ജിനിയറിങ് കോളേജ് വളപ്പില്‍ കാടുമൂടിനില്‍പ്പുണ്ട്. നിള നദിക്കരയിലെ അദ്ദേഹത്തിന്റെ സമാധിസ്ഥലവും വേണ്ടരീതിയില്‍ സംരക്ഷിക്കാന്‍ നടപടിയുണ്ടായിട്ടില്ല. ആശുപത്രിയും വിദ്യാലയങ്ങളുമുള്‍പ്പെടെ കെ. കേളപ്പന്‍ തവനൂരില്‍ യാഥാര്‍ഥ്യമാക്കിയ സ്ഥാപനങ്ങളെല്ലാം അദ്ദേഹത്തിന്റെപേരില്‍ അറിയപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ സ്മരണകള്‍ സംരക്ഷിച്ചുനിര്‍ത്തുന്ന ഒരു ചരിത്രസ്മാരകം ഇപ്പോഴും സ്വപ്നമാണ്.

സര്‍വോദയപ്രസ്ഥാനങ്ങളുമായി ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ മിക്കവാറും തവനൂരിലെ ഈ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ താമസം. കെ. കേളപ്പന്റെ സാന്നിധ്യത്തില്‍ രാഷ്ട്രീയ-സര്‍വോദയ സംബന്ധമായ ഒട്ടേറെ ചര്‍ച്ചകള്‍ക്കും ഈ വീട് സാക്ഷിയായിട്ടുണ്ട്. ലളിതമായ ജീവിതവും ഉയര്‍ന്ന ചിന്തയുംകൊണ്ട് ഗാന്ധിയനും സ്വാതന്ത്ര്യസമര പോരാളിയുമായി മാറിയ അദ്ദേഹത്തിന് തവനൂരില്‍ ഉചിതമായ സ്മാരകം നിര്‍മിക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപടികള്‍ എങ്ങുമെത്തിയിട്ടില്ല.

K Kelappanകെ. കേളപ്പന്‍ താമസിച്ചിരുന്ന വീട് ചരിത്രസ്മാരകമായി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരനായ കെ. പ്രശാന്ത്കുമാര്‍ കൃഷിവകുപ്പ് അധികൃതര്‍ക്ക് നിവേദനം നല്‍കുകയും നടപടികള്‍ക്കായി പുരാവസ്തുവകുപ്പിന്റെ കുഞ്ഞാലി മരയ്ക്കാര്‍ മ്യൂസിയം ചാര്‍ജ് ഓഫീസര്‍ കെ.പി. സദു ഇവിടം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.

കെ. കേളപ്പന്റെ താമസമന്ദിരം ചരിത്ര പൈതൃക സ്മാരകമായി സംരക്ഷിക്കണമെന്നും കെ. കേളപ്പന്‍ സ്മാരക മ്യൂസിയം സ്ഥാപിക്കണമെന്നും കാണിച്ചാണ് അദ്ദേഹം പുരാവസ്തുവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, തുടര്‍നടപടികളുണ്ടായില്ല. കേരളഗാന്ധി കെ. കേളപ്പന്‍ താമസിച്ചിരുന്ന തവനൂരിലെ വീട് ചരിത്രസ്മാരകമാക്കുന്നതിനായി മുന്‍പ് കാര്‍ഷിക സര്‍വകലാശാല പൊതുമരാമത്ത് എന്‍ജിനിയറിങ് വിഭാഗം പദ്ധതി രൂപരേഖ തയ്യാറാക്കി സര്‍വകലാശാലയ്ക്കു സമര്‍പ്പിച്ചിരുന്നെങ്കിലും അതിലും തുടര്‍ചലനങ്ങളുണ്ടായില്ല.

Content Highlights: Kerala Gandhi K Kelappan 132th birth anniversary