അമ്പലവയല്‍: ആദിമ മനുഷ്യന്റെ ജീവിതം കോറിയിട്ട എടക്കല്‍ഗുഹയുടെ താഴ്‌വാരത്ത് ഇത് പുതുചരിത്രം. കേരളത്തിലാദ്യമായി പണിയരുടേതു മാത്രമായൊരു വായനശാല. നെന്‍മേനി പഞ്ചായത്തിലെ ഗോവിന്ദമൂല പണിയക്കോളനിയില്‍ നിറയെ പുസ്തകങ്ങളുമായി കരിന്തണ്ടന്‍ സ്മാരക വായനശാല തുറന്നു. ഗോത്രസംഗീതത്തിന്റെ അകമ്പടിയില്‍ ആട്ടവും പാട്ടും കഥകളുമൊക്കെയായി ഊരിന്റെ ഉത്സവമായിരുന്നു ഉദ്ഘാടനം.

ഗോവിന്ദമൂല പണിയഗോത്രത്തിലെ വിദ്യാര്‍ഥിനി റിബേക്ക മത്തായിയുടേതാണ് വായനശാലയെന്ന ആശയം. പണിയവിഭാഗക്കാര്‍ നേരിടുന്ന വിവേചനങ്ങളില്‍നിന്ന് ഊരിനെ പുറത്തുകൊണ്ടുവരണമെന്ന ആഗ്രഹത്തിന്റെ തുടക്കമാണിത്. ഊരില്‍ പണിയഗോത്രത്തിന്റേതായ ഒരു സാംസ്‌കാരികസ്ഥാപനം തുടങ്ങുന്നതിനെക്കുറിച്ച് ഊരുമൂപ്പനായ ജി. പാലനുമായി റിബേക്ക സംസാരിച്ചു. സാമ്പത്തിക പരാധീനതകള്‍ ചുറ്റിലും നിന്നപ്പോള്‍ നാളുകള്‍ കടന്നുപോയി.

തൃശ്ശൂര്‍ വിമല കോളേജിലെ പഠനകാലമാണ് വഴിത്തിരിവായതെന്ന് റിബേക്ക പറയുന്നു. 2018-ലെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ സ്റ്റുഡന്റ് എഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ടതോടെ ധാരാളം സുഹൃത്തുക്കളെ കിട്ടി. മനസ്സിലെ ആശയം പങ്കുവെച്ചപ്പോള്‍ തൃശ്ശൂരിലുള്ള ആദം റഫീക്ക് എന്ന സുഹൃത്ത് കുറച്ചുപുസ്തകങ്ങള്‍ സമ്മാനമായി നല്‍കി. അങ്ങനെ വായനശാല എന്ന സ്വപ്നത്തിന് ചിറകുമുളച്ചു.

അയര്‍ലന്‍ഡില്‍നിന്ന് ഗീതു-ജയിന്‍ ദമ്പതിമാര്‍, കാലിഫോര്‍ണിയയിലുള്ള സുനില്‍ കാരക്കാട്ടില്‍, യു.കെ.യിലെ പി.ഒ. തോമസ്, ഓസ്‌ട്രേലിയയിലുള്ള വര്‍ഗീസ് കാറക്കട, ഫെയ്സ്ബുക്ക് സുഹൃത്തായ ബി. ബിജിത്ത്ലാല്‍ എന്നിവരുടെ സ്‌നേഹോപഹാരങ്ങള്‍ ഊരുതേടിയെത്തി. കൈറ്റ്സ് ഫൗണ്ടേഷനും പുസ്തകങ്ങള്‍ നല്‍കി. വിലകൊടുത്തുവാങ്ങിയ ആയിരത്തിലധികം പുസ്തകങ്ങളും സ്വന്തമായതോടെ വായനശാല യാഥാര്‍ഥ്യമായി.

പാലന്റെ വീട്ടിലെ മുറിയിലാണ് വായനശാല. പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജി.ബി. രമ്യയാണ് ലൈബ്രേറിയന്‍. കുട്ടികളും അക്ഷരം പഠിച്ചവരും പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി. പണിയ സമുദായത്തിലെ ആദ്യ എം.ബി.എ. ബിരുദധാരി മണിക്കുട്ടന്‍ പണിയന്‍, ഗോത്രകലാകാരന്‍ വിനു കിടച്ചുളന്‍, ഗോത്ര കവയിത്രി സിന്ധു മാങ്ങണിയന്‍ എന്നിവരുടെ പിന്തുണയും സംരംഭത്തിനുണ്ട്. വായനശാലയ്ക്ക് സ്വന്തമായൊരു കെട്ടിടം, അതാണ് അടുത്ത ലക്ഷ്യം.

Content Highlights ;kerala first tribal library karinthandan vayanasala in wayanad