പൊന്നാനി: കഥയിലൂടെയും കവിതയിലൂടെയും മലയാള സാഹിത്യത്തിലേക്കൊഴുകിയ നിള... സാംസ്‌കാരിക പൈതൃകത്തിന്റെ ഓളപ്പരപ്പുകളായിരുന്നു നിളയിലെ കാവ്യാത്മകതയ്ക്ക് അലങ്കാരമായിരുന്നത്. കഥയുടേയും സംസ്‌കാരത്തിന്റേയും കാല്‍പ്പാടു പതിഞ്ഞൊഴുകിയ ആ നിളയുടെ അരികുപറ്റി ഇനി സാഹിത്യമൊഴുകും, ടൂറിസം ഭൂപടത്തിലേക്ക്...

ഭാരതപ്പുഴയേയും സാഹിത്യത്തേയും കോര്‍ത്തിണക്കി സംസ്ഥാനബജറ്റില്‍ പ്രഖ്യാപിച്ച 'മലബാര്‍ ലിറ്റററി സര്‍ക്യൂട്ട് എന്ന ടൂറിസം പദ്ധതിയാണ് പുതിയ സാധ്യതകളിലേക്ക് വഴിതുറക്കുന്നത്. നിളയുടെ തീരത്തെ വിസ്മയക്കാഴ്ചകളും സാഹിത്യശേഷിപ്പുകളുടെ സംരക്ഷണവും സമ്വനയിപ്പിക്കുന്ന പദ്ധതിയാണിത്. മുന്പുണ്ടായിരുന്ന 'നിള പൈതൃക ടൂറിസം' പദ്ധതിയെന്ന ആശയത്തില്‍നിന്ന് പിറവിയെടുത്തതാണ് 'മലബാര്‍ ലിറ്റററി സര്‍ക്യൂട്ട്'.

മലയാള ഭാഷാപിതാവിന്റെ തുഞ്ചന്‍പറമ്പ് മുതല്‍ കല്‍പ്പാത്തിവരെ നീളുന്നതാണ് നിളയിലെ പൈതൃക സര്‍ക്യൂട്ട്. ഇതിലേക്ക് ബേപ്പൂര്‍ സുല്‍ത്താന്റെ നാടും കോര്‍ത്തിണക്കും. പറയിപെറ്റ പന്തിരുകുലത്തിന്റെ കഥകളുറങ്ങുന്ന മണ്ണും കലാമണ്ഡലത്തിന്റെ കളിയരങ്ങും മാത്രമല്ല, അറിയാത്ത അദ്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാള്‍ അറിയുന്ന നിളാനദിയെയാണെനിക്കിഷ്ടമെന്ന് കൂടല്ലൂരിലെ പുഴയെനോക്കി നമ്മോടുപറഞ്ഞ എം.ടി... നിളയുടെ തീരത്തെ സമ്പന്നമാക്കുന്നത് ഇതൊക്കെയാണ്. ചമ്രവട്ടവും തിരുനാവായയും മാമാങ്കമണല്‍പ്പരപ്പും ത്രിമൂര്‍ത്തി ക്ഷേത്രങ്ങളും ബ്രഹ്മസ്വം മഠവും കുറ്റിപ്പുറവും കൂട്ടക്കടവും തൃത്താലക്കടവും വെള്ളിയാങ്കല്ലും കലാമണ്ഡലവും പാഞ്ഞാളും തിരുവില്വാമലയുമൊക്കെ നിളാതീരത്തിന്റെ പൈതൃകസമ്പത്താണ്.

എഴുത്തുകാരുടെ മാത്രമല്ല, കഥകളി, തുള്ളല്‍, കൂത്ത്, കൂടിയാട്ടം, തായമ്പക തുടങ്ങിയ കലാരൂപങ്ങള്‍ക്ക് ജീവവായുവേകിയ കലകാരന്മാര്‍... അവരുടെകൂടി കാല്‍പ്പാട് പതിഞ്ഞ മണ്ണാണ് ഈ പുഴയുടെ തീരം. ?മഹാകവികളുടെ പൈതൃകസ്മരണകളുറങ്ങുന്ന നിളാതീരത്തെ തുഞ്ചന്റെ തട്ടകവും കുഞ്ചന്റെ കിള്ളിക്കുറിശ്ശിയും ചെമ്പൈയുടെ കോട്ടായിയും വിജയന്റെ തസ്രാക്കും എം.ടിയുടെ കൂടല്ലൂരും ഇടശ്ശേരിയുടെ കുറ്റിപ്പുറവും വള്ളത്തോളിന്റെ കലാമണ്ഡലവും സാമൂതിരിയുടെ നിലപാടുതറയുമെല്ലാം കൂട്ടിയിണക്കിയാലുള്ള സാംസ്‌കാരിക അനുഭവമായിരിക്കും നിര്‍ദിഷ്ട പദ്ധതി മലയാളിക്ക് സമ്മാനിക്കുക...


മലബാര്‍ ലിറ്റററി സര്‍ക്യൂട്ട്

വിനോദസഞ്ചാരത്തെ സാഹിത്യവിജ്ഞാനവുമായി കൂട്ടിയിണക്കുന്ന പദ്ധതി. തുഞ്ചത്തെഴുത്തച്ഛന്‍, വൈക്കം മുഹമ്മദ് ബഷീര്‍, ഒ.വി. വിജയന്‍, എം.ടി. വാസുദേവന്‍ നായര്‍ തുടങ്ങിയവരുടെ തട്ടകങ്ങളെ ബന്ധിപ്പിക്കുന്നതോടൊപ്പം നിളാതീരത്തെ സാംസ്‌കാരിക പൈതൃകവും കോര്‍ത്തിണക്കുന്നതാണ് പദ്ധതി. തുഞ്ചന്‍ സ്മാരകം, ബേപ്പൂര്‍, തസ്രാക്ക്, ഭാരതപ്പുഴയുടെ തീരങ്ങള്‍, എന്നിവയെക്കൂടാതെ പൊന്നാനി, തൃത്താല എന്നീ പ്രദേശങ്ങളിലെ കലാസാഹിത്യ സാംസ്‌കാരിക പൈതൃക പാരമ്പര്യത്തെ കോര്‍ത്തിണക്കുന്നതായിരിക്കും മലബാര്‍ ലിറ്റററി സര്‍ക്യൂട്ട്. സാഹിത്യകാരന്മാരുടെ ഭവനങ്ങളും മറ്റു ശേഷിപ്പുകളും സംരക്ഷിക്കുന്നതിനും പദ്ധതിയുണ്ടാകും.

Content Highlights: Kerala Budget:Malabar Literary circuit