കൊല്ലം: കേരളത്തില്‍ നിന്നുള്ള 'വണ്‍ ലൈബ്രറി പെര്‍ വില്ലേജ്' എന്ന എന്‍.ജി.ഒ.യ്ക്ക് സോഷ്യല്‍ മീഡിയ ഫോര്‍ എംപവര്‍മെന്റ് അവാര്‍ഡിനുള്ള നാമനിര്‍ദേശം. 'ക്രൗഡ് സോഴ്‌സിങ്, ക്രൗഡ് എക്കോണമി ആന്‍ഡ് ക്രൗഡ് ഫണ്ടിങ്'വിഭാഗത്തിലാണ് സംഘടനയ്ക്ക് നാമനിര്‍ദേശം ലഭിച്ചതെന്ന് വാര്‍ത്ത ഏജന്‍സിയായ യു.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

സാര്‍ക് രാജ്യങ്ങളില്‍ നിന്നുള്ള മുന്‍നിര സാമൂഹിക സ്ഥാപനങ്ങളോടൊപ്പം അവാര്‍ഡിന് നാമനിര്‍ദേശം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് വണ്‍ ലൈബ്രറി പെര്‍ വില്ലേജിന്റെ സ്ഥാപകനായ സുജയ് ജി. പിള്ള പറഞ്ഞു. ഇന്ത്യയില്‍ മാത്രമല്ല ദക്ഷിണേഷ്യ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള പ്രചോദനമാണ് ഈ നാമനിര്‍ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വണ്‍ ലൈബ്രറി പെര്‍ വില്ലേജ് നടത്തിയ ചില പ്രധാന ക്യാംപെയിനുകളാണ് അവരെ നാമനിര്‍ദ്ദേശത്തിന് അര്‍ഹരാക്കിയത്. ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ പെട്ടുപോയ ലൈബ്രറികളെ രക്ഷിക്കാനുള്ള 'സേവ് ലൈബ്രറി ക്യാംപെയിന്‍' അത്തരത്തിലൊന്നായിരുന്നു. മൂന്ന് ലക്ഷം പുസ്തകങ്ങള്‍ സമാഹരിച്ച് കൈമാറാന്‍ ഇതുവഴി സാധിച്ചു. ഗ്രാമങ്ങളിലെ ലൈബ്രറികളെ സഹായിക്കാന്‍ നടത്തിയ ബുക്ക് ബക്കറ്റ് ചലഞ്ചായിരുന്നു മറ്റൊന്ന്. 

ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ വികസനവും മാറ്റങ്ങളും കൊണ്ടുവരാനായി പ്രയത്‌നിക്കുന്ന സംഘടനകള്‍ക്കാണ് സോഷ്യല്‍ മീഡിയ ഫോര്‍ എംപവര്‍മെന്റ് അവാര്‍ഡ് നല്‍കുന്നത്. എട്ട് വിഭാഗങ്ങളിലായി സാര്‍ക് രാജ്യങ്ങളില്‍ നിന്നുള്ള 180ല്‍ അധികം നാമനിര്‍ദേശങ്ങളുണ്ട്. സമൂഹ്യ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, മാധ്യമപ്രവര്‍ത്തകര്‍, ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിക്കുന്നത്. മെയ് 25 ന് ന്യൂഡല്‍ഹിയില്‍ സമ്മാനിക്കും.