ന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരിയും നിരൂപകയുമായ ഡോ. എം. ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം 'ശ്രീമദ് വാത്മീകി രാമായണ' എന്ന സംസ്‌കൃത കൃതിയുടെ വിവര്‍ത്തനത്തിനാണ് പുരസ്‌കാരം. കെ. ജയകുമാര്‍, കെ. മുത്തുലക്ഷ്മി, കെ.എസ് വെങ്കിടാചലം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
മലയാളം ഉള്‍പ്പടെ 24 ഭാഷകളില്‍ നിന്നുള്ള വിവര്‍ത്തന കൃതികളാണ് കേന്ദ്രസാഹിത്യ അക്കാദമിയുടെ 2018-ലെ പുരസ്‌കാരത്തിന് അര്‍ഹമായത്. ഒ.എന്‍.വി.യുടെ 'ഈ പുരാതന കിന്നരം' എന്ന കവിതാ സമാഹാരം നേപ്പാളി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത മോണികാ മുഖ്യയ്ക്കാണ് നേപ്പാളി ഭാഷാ വിഭാഗത്തിലെ പുരസ്‌കാരം. തകഴിയുടെ 'ചെമ്മീന്‍' രാജസ്ഥാനി ഭാഷയിലേക്ക് മൊഴിമാറ്റിയ മനോജ് കുമാര്‍ സ്വാമിയും പുരസ്‌കാരത്തിന് അര്‍ഹനായി. 'നാവ് ഓര്‍ ജാല്‍' എന്നാണ് ചെമ്മീന്‍ വിവര്‍ത്തനത്തിന്റെ രാജസ്ഥാനിപ്പേര്.
പത്രപ്രവര്‍ത്തകനും കഥാകൃത്തുമായ ജി.ആര്‍. ഇന്ദുഗോപന്‍ രചിച്ച 'മണിയന്‍ പിള്ളയുടെ ആത്മകഥ' തമിഴിലേക്ക് പരിഭാഷപ്പെടുത്തിയ കുളച്ചല്‍ മുഹമ്മദ് യൂസുഫിനാണ് തമിഴ് വിഭാഗത്തിലെ പുരസ്‌കാരം. മലയാള മനോരമയില്‍ ചീഫ് സബ് എഡിറ്ററായ ഇന്ദുഗോപന്റെ രചന 'തിരുടന്‍ മണിയന്‍ പിള്ള' എന്ന പേരിലാണ് യൂസുഫ് തമിഴിലേക്ക് മൊഴിമാറ്റിയത്.
രവീന്ദ്രനാഥ ടാഗോറിന്റെ 'ചോക്കര്‍ ബാലി' ബംഗാളിയില്‍ നിന്ന് ബോഡോ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തതിന് നബീന്‍ ബ്രഹ്മ, വിവിധ തമിഴ് എഴുത്തുകാരുടെ കഥകള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയതിന് ശുഭശ്രീ കൃഷ്ണസ്വാമി, ഇന്ദിരാ ഗോസ്വാമി ഇംഗ്ലീഷില്‍ എഴുതിയ 'രാമായണ്‍: ഫ്രം ഗംഗാ ടു ബ്രഹ്മപുത്ര' അസമീസ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ പാര്‍ഥ പ്രതിം ഹസാരിക, പദ്മ സച്ച് ദേവ് ദോഗ്രിഭാഷയില്‍ എഴുതിയ കവിതാ സമാഹാരം തെലുങ്കിലേക്ക് പരിഭാഷപ്പെടുത്തിയ ആന്ധ്രജ്യോതി പത്രത്തിന്റെ ഡല്‍ഹി ബ്യൂറോ ചീഫ് കൃഷ്ണറാവു തുടങ്ങിയവരും പുരസ്‌കാരം നേടിയവരില്‍ ഉള്‍പ്പെടുന്നു.
Content Highlights: kendra sahitya akademi award for dr m leelavathi