രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഒരു പോലെ ബാധകമായ നിയമം എന്തുകൊണ്ടും അനിവാര്യമാണെന്ന് ജസ്റ്റിസ് കമാല്‍ പാഷ. മതപരമായി പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള നിയമങ്ങള്‍ നാടിന് ദോഷം ചെയ്യും. ഏകീകൃത സിവില്‍ നിയമം നിലവില്‍ വരുന്നതിനുമുമ്പുതന്നെ അതിനെ എതിര്‍ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭുമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

"മുസ്ലീം നിയമപ്രകാരം പുരുഷന് തലാഖ് ചൊല്ലാമെങ്കില്‍ സ്ത്രീക്ക് കുല, മുബാറത്ത് തുടങ്ങിയ വിവാഹമോചന നടപടികളുമുണ്ട്. പക്ഷേ, ഒരു നിയമങ്ങളിലും പ്രത്യേകിച്ച് വ്യക്തിനിയങ്ങളില്‍ ലിംഗവിവേചനം ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ല. അത് നിയമത്തെ ദുരുപയോഗം ചെയ്യലായി മാറും." - അദ്ദേഹം പറഞ്ഞു.

ഹിന്ദു വൃക്തിനിയമമായാലും മുസ്ലീം വ്യക്തി നിയമമായാലും ഇതിലെ നല്ല വശങ്ങള്‍ എടുത്ത് എല്ലാവര്‍ക്കും ബാധകമാകുന്ന രീതിയില്‍ പൊതുവായി നടപ്പാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു യൂണിഫോമിറ്റി ഇത്തരം കാര്യങ്ങളില്‍ അനിവാര്യമാണ്. സ്വത്തുനിയമങ്ങളിലും ആളുകള്‍ തമ്മില്‍ തുല്യതയുണ്ടാകണം. ചില വ്യക്തിനിയമങ്ങളില്‍ പിതാക്കള്‍ക്ക് സ്വത്തുക്കള്‍ക്ക് അവകാശമില്ല. അച്ഛനെ ആര്‍ക്കും വേണ്ട. ഇതൊക്കെ എന്നേ തിരുത്തപ്പെടേണ്ടതാണ്. - കെമാല്‍ പാഷ പറഞ്ഞു.

Weeklyമാതൃഭൂമി ആഴ്ചപ്പതിപ്പ് ഓണ്‍ലൈനില്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക