കേളകം: ലൈബ്രറി വ്യാപന മിഷനില്‍ വിപ്ലവകരമായ മുന്നേറ്റവുമായി കേളകം ഗ്രാമപ്പഞ്ചായത്ത്. കേരളപ്പിറവിദിനത്തില്‍ 12 വാര്‍ഡുകളിലായി 12 ലൈബ്രറികള്‍ തുടങ്ങി. തുടി-വളയംചാല്‍, ദേശീയ-ചെട്ടിയാംപറമ്പ്, കര്‍ഷക-കുണ്ടേരി, തരംഗ്-വെണ്ടേക്കുംചാല്‍, നവോദയ-കരിയംകാപ്പ്, അടയ്ക്കാത്തോട്, പൊയ്യമല, ക്രംസ്-പള്ളിയറ, കണ്ടംതോട്, ജനകീയ-മഞ്ഞളാംപുറം, ജനകീയ-പെരുന്താനം എന്നിങ്ങനെ 12 ലൈബ്രറികളാണ് ഒരു ദിവസംതന്നെ രൂപവത്കരിച്ചത്.

ലൈബ്രറി നവീകരണ വ്യാപന മിഷന്‍ പദ്ധതിയുടെ കേളകം പഞ്ചായത്തുതല സമിതിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ലൈബ്രറികള്‍ക്ക് തുടക്കം. 12 ലൈബ്രറികളിലും ഒക്ടോബര്‍ 27 മുതല്‍ ജനകീയ പുസ്തകശേഖരണം തുടങ്ങി. ശരാശരി 300 പുസ്തകങ്ങള്‍ വീതം ശേഖരിക്കാനായെന്ന് സമിതി കോ-ഓര്‍ഡിനേറ്റര്‍ കെ.പി. ഷാജി പറഞ്ഞു. ഒരുവര്‍ഷത്തിനകം ലൈബ്രറി കൗണ്‍സില്‍ അംഗീകാരം നേടുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് പറഞ്ഞു.

library inauguration
പഞ്ചായത്തുതല ഉദ്ഘാടനം വളയംചാലിലെ തുടി ലൈബ്രറിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ നിര്‍വഹിക്കുന്നു.

ഡോ.വി. ശിവദാസന്‍ എം.പി.യുടെ നേതൃത്വത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ മുന്‍കൈയിലാണ് ലൈബ്രറി നവീകരണ വ്യാപന മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കേളകം പഞ്ചായത്തില്‍ ഇതാടെ എല്ലാ വാര്‍ഡുകളിലും ലൈബ്രറിയായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് ചെയര്‍മാനും കെ.പി. ഷാജി കോ-ഓര്‍ഡിനേറ്ററും കെ.ജി. വിജയപ്രസാദ് കണ്‍വീനറുമായ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

പഞ്ചായത്തുതല ഉദ്ഘാടനം വളയംചാലിലെ തുടി ലൈബ്രറിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ നിര്‍വഹിച്ചു. പഞ്ചായത്തംഗം പ്രീത ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. രഞ്ജിത്ത് കമല്‍, മൈഥലി രമണന്‍, മേരിക്കുട്ടി കഞ്ഞിക്കുഴി, കെ.എന്‍. സുനീന്ദ്രന്‍, തങ്കമ്മ മേലെക്കുറ്റ്, ഇന്ദിര ശ്രീധരന്‍, കെ.എ. ബഷീര്‍, വി. ഗീത തുടങ്ങിയവര്‍ വിവിധ വാര്‍ഡുകളില്‍ ഉദ്ഘാടനങ്ങള്‍ നടത്തി.

Content Highlights ; kelakam panchayath opens 12 libraries on november 1