കൊല്ലം : കോവിഡ് അടച്ചിടല്‍ കാരണം കളിവിളക്ക് തെളിയാതായപ്പോഴാണ് കലാമണ്ഡലം രാജീവന്‍ നമ്പൂതിരി പുതുമയുള്ള ഒരു ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയത്. കഥകളി ആസ്വദിക്കാന്‍ പഠിപ്പിക്കുകയാണ് ഈ കലാകാരന്‍. കളിക്കമ്പക്കാരെ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തുതന്നെ കഥകളിക്ക് ഏറ്റവുമധികം വേദികള്‍ കിട്ടുന്നത് കൊല്ലത്താണ്. വഴിപാടായും അനുഷ്ഠാനമായും ഇത്രയേറെ അരങ്ങ് മറ്റിടങ്ങളിലില്ല.

പക്ഷേ ഇവിടത്തെ കളിയരങ്ങുകള്‍ക്കുമുന്നില്‍ കാഴ്ചക്കാര്‍ കുറഞ്ഞുവരുന്നത്, നാലുപതിറ്റാണ്ടായി അരങ്ങില്‍ പച്ച, കത്തി വേഷങ്ങളാടുന്ന രാജീവന്‍ നമ്പൂതിരിയെ വിഷമിപ്പിച്ചു. 'കഥകളിയുടെ തുടക്കക്കാരനായ കൊട്ടാരക്കരത്തമ്പുരാന്റെ നാട്ടില്‍ കല അന്യംനിന്നുപോകരുതല്ലോ. സഹപാഠിയായ കലാമണ്ഡലം രവികുമാര്‍, ആസ്വാദകരായ ഡോ. അജിത്കുമാര്‍, ഹരീഷ് എന്നിവരുടെ പ്രോത്സാഹനത്തോടെ ക്ലാസ് തുടങ്ങുകയായിരുന്നു'-രാജീവന്‍ നമ്പൂതിരി പറഞ്ഞു.

kathakali
രാജീവന്‍ നമ്പൂതിരി

സാമൂഹികമാധ്യമങ്ങള്‍വഴി ആസ്വാദനക്ലാസ് തുടങ്ങുന്നതായി അറിയിപ്പുകൊടുത്തു. നൂറിലേറെ ഫോണ്‍വിളികള്‍ വന്നു. 30 പേര്‍ വീതമുള്ള മൂന്നുബാച്ചുകളായി ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങി. ആഴ്ചയില്‍ ഒരുക്ലാസ് എന്നതാണ് രീതി. ഇതിനായി വീട്ടില്‍ ചെറിയതോതില്‍ ഒരു സ്റ്റുഡിയോയും സജ്ജമാക്കി. പരിപാടി വിജയമാണെങ്കിലും ചെറിയൊരു നിരാശ രാജീവന്‍ നമ്പൂതിരിക്കുണ്ട്. കൊല്ലം ജില്ലയില്‍നിന്ന് ഓണ്‍ലൈന്‍ ക്ലാസില്‍ വിദ്യാര്‍ഥികള്‍ കുറവാണ്. കൂടുതലും പാലക്കാട് ജില്ലക്കാരാണ്. 'കുട്ടികളി'ലേറെയും വിരമിച്ചവരും.

ഭാഷാപഠനം അക്ഷരത്തില്‍ തുടങ്ങുന്നതുപോലെ മുദ്രകള്‍ പഠിപ്പിച്ചാണ് തുടക്കം. ജീവിതസാഹചര്യങ്ങളും കഥകളിമുദ്രകളുമായി താരതമ്യപ്പെടുത്തിയാണ് പഠിപ്പിക്കുന്നത്. നേരത്തേ പുതിയകാവ് ദേവീക്ഷേത്രത്തില്‍ കഥകളി ആസ്വാദന ക്ലാസ് നടത്തിയിരുന്നെങ്കിലും കോവിഡ് വന്നതോടെ അതിന് പൂട്ടുവീണു. ഓണ്‍ലൈന്‍ ക്‌ളാസ് തുടങ്ങിയപ്പോള്‍ നാലാംക്ലാസുകാരന്‍മുതല്‍ 75 കാരന്‍വരെയുണ്ട്.' ആസ്വദിച്ചുതുടങ്ങിയാല്‍ എല്ലാവരും കഥകളി കാണും. അതിനുള്ള എളിയ ശ്രമമാണ് ഈ ക്ലാസ്. കോവിഡില്‍ വിഷമിക്കുന്ന കാലത്ത് വ്യക്തിപരമായ അതിജീവനവും...കഥകളിയാചാര്യന്‍ മയ്യനാട് കേശവന്‍ നമ്പൂതിരിയുടെ മകനായ കലാമണ്ഡലം രാജീവന്‍ പറയുന്നു.

Content Highlights: Kathakali online class Kalamandalam Rajeevan Namboothiri