ബംഗളൂരു: കന്നട സാഹിത്യക്കാരനും ആക്റ്റിവിസ്റ്റുമായ പ്രൊഫ. കെ.എസ്. ഭഗവാനെതിരേ ഹിന്ദു സംഘടനകളുടെ പ്രതിഷേധം. കെ.എസ്. ഭഗവാന്റെ 'രാമ മന്ദിര യെക്കെ ബേഡ' (വൈ രാം മന്ദിര്‍ ഇസ് നോട്ട് നീഡഡ്) എന്ന കന്നട പുസ്തകമാണ് വിവാദത്തിലായത്. ശ്രീരാമന് ദൈവമല്ലെന്നും മനുഷ്യര്‍ക്കുള്ള എല്ലാ ദൗര്‍ബല്യങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നെന്നുമുള്ള പരാമര്‍ശങ്ങളാണ് പ്രതിഷേധത്തിന് കാരണം.
പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ വെള്ളിയാഴ്ച ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ കെ.എസ്. ഭഗവാന്റെ മൈസൂരുവിലെ കുവെമ്പുനഗറിലെ വസതിക്ക് മുന്നിലെത്തി പ്രതിഷേധിച്ചു. ശ്രീരാമന്റെ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടായിരുന്നു പ്രതിഷേധം. ഭീഷണിയെ തുടര്‍ന്ന് ഭഗവാനും അദ്ദേഹത്തിന്റെ വീടിനും സുരക്ഷ ശക്തമാക്കി.
പുസ്തകത്തിലെ പരാമര്‍ശത്തിന്റെ പേരില്‍ അതേസമയം മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കെ.എസ്. ഭഗവാനെതിരേ പോലീസ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തു. വിശ്വഹിന്ദു പരിഷത്ത് പ്രവര്ത്തകന് ഗിരീഷ് ഭരദ്വാജിന്റെ പരാതിയില്‍ കബ്ബേൺ പാര്‍ക്ക് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
എഴുപത്തിമൂന്നുകാരനായ ഭഗവാന്റെ 'രാമമന്ദിര യെക്കെ ബേഡ' ഈ വര്‍ഷം മാര്‍ച്ചിലാണ് പുറത്തിറങ്ങിയത്. അന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നെങ്കിലും പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഡിസംബറില്‍ പുറത്തിറങ്ങിയതോടെയാണ് വിവാദങ്ങള്‍ക്ക് ആക്കം കൂടിയത്. പുസ്തകത്തില്‍ ശ്രീരാമനെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശമുണ്ടെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
അയോധ്യയിലെ തര്‍ക്കഭൂമിയില്‍ എന്തുകൊണ്ട് രാമക്ഷേത്രം പണിയരുതെന്നാണ് പുസ്തകത്തില്‍ വ്യക്തമാക്കുന്നതെന്നും വാത്മീകി രാമായണത്തെയാണ് പുസ്തകത്തിനായി അവലംബിച്ചിരിക്കുന്നതെന്നും കെ.എസ്. ഭഗവാൻ വ്യക്തമാക്കി. ' വാത്മീകി പറയാത്തതൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഞാൻ എന്റെ അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്.'-ഭഗവാന് കൂട്ടിച്ചേര്‍ത്തു.
Content Highlights: KS Bhagawan, Rama Mandira Yeke Beda, Valmiki Ramayana
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..