തൃശ്ശൂര്‍: കമല സുരയ്യയുടെ സാഹിത്യക്കാറ്റേറ്റ് നീര്‍മാതളം പൂത്ത മണ്ണില്‍ എഴുത്തുകാരികളുടെയും സാഹിത്യപ്രേമികളുടെയും സംഗമം. ജ്ഞാനപീഠ പുരസ്‌കാരജേതാക്കള്‍ ഉള്‍പ്പെടെയുള്ള സാഹിത്യപ്രതിഭകളെ പങ്കെടുപ്പിച്ചുള്ള 'നീര്‍മാതളത്തണലില്‍' സംഗമം കേരള സാഹിത്യ അക്കാദമിയാണ് സംഘടിപ്പിച്ചത്.

പുന്നയൂര്‍ക്കുളത്തെ കമലാ സുരയ്യാ സ്മാരകത്തില്‍ നടക്കുന്ന പരിപാടിയില്‍ ആദ്യദിനം നൂറോളം എഴുത്തുകാരികള്‍ പങ്കെടുത്തു. സ്മാരകം യാഥാര്‍ഥ്യമായ ശേഷമുള്ള ആദ്യ പരിപാടിയാണിത്.

നിശ്ശബ്ദതയാണ് ശക്തമായ ശബ്ദമെന്ന് ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നവര്‍ തിരിച്ചറിയണമെന്ന് പരിപാടി ഉദ്ഘാടനംചെയ്ത ജ്ഞാനപീഠ പുരസ്‌കാരജേതാവ് പ്രതിഭാ റായ് പറഞ്ഞു. ഒരുനാവ് ഇല്ലാതാക്കുമ്പോള്‍ ഒരായിരം വാക്കുകള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ഓര്‍ക്കണം. എഴുത്തുകാര്‍ ആണോ പെണ്ണോ എന്നല്ല നോക്കേണ്ടത്. അവരുടെ രചനകളെയാണ് വിലയിരുത്തേണ്ടതെന്നും പ്രതിഭാ റായ് പറഞ്ഞു.

ഉദ്ഘാടനച്ചടങ്ങില്‍ സാറാ ജോസഫ് അധ്യക്ഷയായി. ഹിന്ദി എഴുത്തുകാരി മൃദുല ഗാര്‍ഗ്, തമിഴ് എഴുത്തുകാരി കെ.വി. ശൈലജ, ഡോ. സുലോചന നാലപ്പാട്ട്, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, സെക്രട്ടറി !ഡോ. കെ.പി. മോഹനന്‍, മ്യൂസ് മേരി, ജ്യോതിഭായ് പരിയാടത്ത്, കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ., പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.ഡി. ധനീപ് തുടങ്ങിയവര്‍ സംസാരിച്ചു.

ഉച്ചകഴിഞ്ഞ് സെമിനാറില്‍ ഡോ. ഖദീജ മുംതാസ്, മാനസി, ഡോ. സി.എസ്. ചന്ദ്രിക, ഡോ. രേണുക, ഡോ. ജി. ഉഷാകുമാരി, ഫസീല തുടങ്ങിയവര്‍ പങ്കെടുത്തു. ഞായറാഴ്ച രാവിലെ പത്തിന് സെമിനാര്‍, ഉച്ചയ്ക്ക് പ്രതിനിധികളുടെ കൂട്ടായ്മ, മൂന്നിന് സമാപനസമ്മേളനം എന്നിങ്ങനെയാണ് പരിപാടികള്‍.