തിരുവനന്തപുരം: ഒരേസമയം ആത്മകഥയും സ്വപ്നസാഹിത്യവുമായ മാധവിക്കുട്ടിയുടെ (കമലാ സുരയ്യ) 'എന്റെ കഥ' എന്ന കൃതി പിറന്നിട്ട് അരനൂറ്റാണ്ട്.

മലയാള സാഹിത്യത്തിന് വ്യത്യസ്ത മാനങ്ങള്‍ നല്‍കിയ മലയാള നാടെന്ന വാരികയുടെ 1971-ലെ ഓണപ്പതിപ്പിലാണ് കൃതി ഖണ്ഡശ പ്രസിദ്ധീകരിച്ചുതുടങ്ങിയത്. രതിയെ ഒരു പ്രാര്‍ഥനയെന്നപോലെ ചിത്രീകരിക്കുന്ന 'എന്റെ കഥ'യുടെ പ്രസിദ്ധീകരണം മലയാള സാഹിത്യലോകത്ത് കൊടുങ്കാറ്റുയര്‍ത്തി. കൃതിയെ അനുകൂലിച്ചും എതിര്‍ത്തും ഒട്ടേറെപ്പേര്‍ രംഗത്തെത്തി. ഭീഷണിക്കുവഴങ്ങാതെ മാധവിക്കുട്ടി എഴുത്തുതുടര്‍ന്നു. ഏഷ്യാവീക്കും ടൈംമാഗസിനും 'എന്റെ കഥ'യെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചു. പിന്നീട് കുടുംബാംഗങ്ങളുടെ നിര്‍ബന്ധപ്രകാരം അവര്‍ ഇടയ്ക്കുവച്ച് എഴുത്ത് നിര്‍ത്തി. എഴുത്തുകാരിയുടെ അനാരോഗ്യംമൂലം ആത്മകഥയുടെ തുടര്‍ന്നുള്ള പ്രസിദ്ധീകരണം നിര്‍ത്തിവെക്കുന്നതായി അന്ന് വാരിക അറിയിപ്പ് നല്‍കി.

'എന്റെ കഥ'യുടെ പിറവിക്കുപിന്നില്‍ മാധവിക്കുട്ടിക്ക് ഒരു കടംവീട്ടലിന്റെ കാര്യമുണ്ടായിരുന്നു, മുംബൈയില്‍ ആശുപത്രിയിലുള്ള മാധവിക്കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും അതിനുള്ള തുക നല്‍കണമെന്നും മലയാള നാട് ചീഫ് എഡിറ്ററായിരുന്ന എസ്.കെ. നായരോട് കഥാകൃത്ത് എം.പി. നാരായണപ്പിള്ള ആവശ്യപ്പെട്ടു. വാരികയുടെ പത്രാധിപരായിരുന്ന വി.ബി.സി.നായരുമൊത്ത് മുംബൈയിലെത്തിയ എസ്.കെ. നായര്‍ ആശുപത്രിയില്‍ തുക അടച്ചിട്ട് നാട്ടിലേക്ക് മടങ്ങി. അസുഖം മാറിയശേഷം മാധവിക്കുട്ടി കൊല്ലത്ത് മലയാളനാട് ഓഫീസ് സന്ദര്‍ശിച്ചു. അവരുടെ ആഗ്രഹപ്രകാരം കാറില്‍ കന്യാകുമാരിയിലേക്ക് പോയി. ഗസ്റ്റ് ഹൗസിന് പുറത്ത് സംസാരിച്ചിരിക്കുമ്പോള്‍ പഴയ തുക മടക്കിത്തരുന്ന കാര്യം മാധവിക്കുട്ടി സൂചിപ്പിച്ചു. അക്ഷരംകൊണ്ട് മലയാളനാടിനെ സമ്പന്നമാക്കുക എന്ന എസ്.കെ. നായരുടെ മറുപടി അവരെ അദ്ഭുതപ്പെടുത്തി. മുംബൈയില്‍ തിരിച്ചെത്തിയശേഷം അവര്‍ 'എന്റെ കഥ'യുടെ ആദ്യലക്കങ്ങള്‍ പ്രസിദ്ധീകരണത്തിന് നല്‍കി. 1973-ല്‍ 'എന്റെ കഥ' പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. എല്ലാ തലമുറയുടെയും വായനലഹരിയായി മാറിയ 'എന്റെ കഥ'യ്ക്ക് ഇതുവരെ 72 എഡിഷനുകള്‍ പുറത്തിറങ്ങി.

1976-ല്‍ 'എന്റെ ലോകം' എന്ന പംക്തിയും അവര്‍ മലയാളനാടില്‍ എഴുതിയെന്ന് വാരികയുടെ മുന്‍ പത്രാധിപര്‍ വി.ബി.സി. നായര്‍ പറഞ്ഞു. മലയാളത്തിലെ ഒട്ടേറെ എഴുത്തുകാരുടെ സൃഷ്ടികള്‍ മലയാളനാടില്‍ പ്രസിദ്ധീകരിക്കാന്‍ ഭാഗ്യമുണ്ടായ 84-കാരനായ അദ്ദേഹം കൊല്ലം ഇരവിപുരം വാളത്തുങ്കല്‍ മംഗലശ്ശേരി വീട്ടില്‍ വിശ്രമത്തിലാണ്.

Content Highlights: Kamala Das' Ente Katha and My Story 50th year