ഫെയ്‌സ്ബുക്കില്‍ ഹിറ്റായ ഡോ. ആര്‍. രാജശ്രീയുടെ പേരില്ലാത്തുടര്‍ക്കഥ പുസ്തകരൂപത്തിലും തരംഗമാകുന്നു. ഫെയ്‌സ്ബുക്കിലെ സുഹൃത്തുക്കള്‍ക്കായി ശീര്‍ഷകമില്ലാതെ എഴുതിയ നോവലാണ് മലയാള സാഹിത്യത്തില്‍ പുതുഅധ്യായം രചിക്കുന്നത്.

2019 മേയ് 14 മുതലാണ് നാട്ടിന്‍പുറത്തെ രണ്ട് പെണ്ണുങ്ങളുടെ കഥ രാജശ്രീ എഴുതിത്തുടങ്ങിയത്. ഫെയ്‌സ്ബുക്കില്‍ നിത്യവും ഓരോ അധ്യായമായി നോവല്‍ പോസ്റ്റുചെയ്യാനും തുടങ്ങി. ഇതു ശ്രദ്ധയില്‍പ്പെട്ടതോടെ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കാന്‍ സന്നദ്ധതയറിയിച്ചു. അതോടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്യുന്നത് നിര്‍ത്തി.

'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' എന്ന പേരിലാണ് നോവല്‍ പ്രസിദ്ധീകരിച്ചത്. ഔപചാരിക പ്രകാശനം നവംബര്‍ ഒന്നിന് കോഴിക്കോട്ട് നടക്കുംമുമ്പേ ഒന്നാംപതിപ്പ് ഒരാഴ്ചകൊണ്ട് വിറ്റുതീര്‍ന്നു.

നോവല്‍ പ്രസിദ്ധപ്പെടുത്തുന്നകാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിഞ്ഞ വായനക്കാര്‍ പ്രകാശനത്തിനുമുമ്പേ മാതൃഭൂമി ബുക്‌സ് ശാഖകളിലെത്തി പുസ്തകം വാങ്ങുകയായിരുന്നു. ഔപചാരിക പ്രകാശനവും ചര്‍ച്ചയും കേരളപ്പിറവി ദിനത്തില്‍ നടക്കുംമുമ്പ് രണ്ടാംപതിപ്പ് അച്ചടിയിലാണ്.

കഥാപാത്രങ്ങളായെത്തുന്ന രണ്ടു സ്ത്രീകള്‍ക്കൊപ്പം അടിയന്തരാവസ്ഥയും ശൂരനാട് കലാപവും എ.കെ.ജി.യുടെ മരണവും ബാബരി മസ്ജിദ് പൊളിക്കലുമെല്ലാം നോവലില്‍ കടന്നുവരുന്നു. എന്‍. ശശിധരനാണ് പുസ്തകത്തിന് അവതാരിക എഴുതിയത്. ''രാജശ്രീ എഴുതുകയല്ല, പ്രസരിക്കുകയാണ്. ചില ഭാഗങ്ങള്‍ അസാധ്യമെന്ന് എനിക്ക് തോന്നി'' എന്നാണ് കവിയും നിരൂപകനുമായ കല്പറ്റ നാരായണന്‍ നോവലിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്. 

തലശ്ശേരി ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗം മേധാവിയാണ് രാജശ്രീ. ഒരുപതിറ്റാണ്ടുമുമ്പ് ആനുകാലികങ്ങളില്‍ കുറച്ചു കഥകളെഴുതി നിര്‍ത്തിയശേഷം എഴുത്തിന്റെ ലോകത്തേക്കുള്ള അവരുടെ മടങ്ങിവരവാണിത്.

'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Kalyaniyennum Dakshayaniyennum Peraya Randu Sthreekalude Katha by Rajasree R