കൊല്ലം: എഴുത്തുകാരനെയും എഴുതുന്ന സാഹചര്യത്തെയും അതിവര്‍ത്തിച്ച് നിലനില്‍ക്കുന്ന ഒരു സവിശേഷ ഭാഷയാണ് കവിതയെന്ന് സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍. കൊല്ലം മണ്‍റോ തുരുത്തില്‍ നടന്ന മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന സാഹിത്യ ക്യാമ്പില്‍ ജീവിതത്തെ കവയ്ക്കുന്ന കവിത എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റൊരു വിധത്തിലും ആവിഷ്‌കരിക്കാനാവാത്തതിന്റെ ഭാഷയാണത്. എഴുതപ്പെട്ട സന്ദര്‍ഭത്തിന് പുറത്ത് പുതിയ പ്രസക്തി കൈവരിക്കാനും കവിതക്ക് സാധിക്കുന്നുണ്ട്. അന്യ സന്ദര്‍ഭങ്ങളില്‍ ഉദ്ധരിക്കപ്പെടുമ്പോഴാണ് കവിത സഫലമായിത്തീരുന്നത്. കുട്ടികള്‍ നിരന്തരം വായിച്ചും ധ്യാനിച്ചും വേണം കവിതയുടെ ആന്തരിക പൊരുള്‍ സ്വായത്തമാക്കാനെന്നും അദ്ദേഹം പറഞ്ഞു.

സാഹിത്യത്തില്‍ പുതുതലമുറ എന്നൊന്നില്ല. ഞാനും പുതിയ കവിത എഴുതുന്നുണ്ട്. പുതിയ കുട്ടികളും പുതിയ കവിത എഴുതാറുണ്ട്. വ്യക്തിപരമായി എനിക്ക് വളരെയധികം പ്രിയപ്പെട്ട ക്യാമ്പാണ് മാതൃഭൂമി സ്റ്റഡി സര്‍ക്കിളിന്റെത്. എന്നും ഹൃദ്യമായ അനുഭവങ്ങളും ഗൃഹാതുരത്വവും സമ്മാനിക്കുന്ന ക്യാമ്പാണിതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Kalpetta Narayanan, mathrubhumi study circle kollam