തിരുവനന്തപുരം: കടമ്മനിട്ട രാമകൃഷ്ണന്‍ ഫൗണ്ടേഷന്റെ കടമ്മനിട്ട രാമകൃഷ്ണന്‍ പുരസ്‌കാരം സുഗതകുമാരിക്ക് ഫൗണ്ടേഷന്‍ പ്രസിഡന്റ് എം.എ.ബേബി സമര്‍പ്പിച്ചു. 55,555 രൂപയുടേതാണ് പുരസ്‌കാരം.
കവിത, ഭാഷ, സംസ്‌കാരം എന്നിവയുടെ മൂര്‍ത്തമായ ധന്യതയാണ് സുഗതകുമാരിയെന്ന് ബേബി പറഞ്ഞു. ഒ.എന്‍.വി. എഴുതിയതുപോലെ ഒരു പൂമരമാണ് സുഗതകുമാരി. ആ പൂമരം കാടിനും മനുഷ്യര്‍ക്കും സുഗന്ധം നല്‍കുന്നു. വ്യഥ അനുഭവിക്കുന്നവര്‍ക്കു തണലേകുന്നു. കമ്യൂണിസ്റ്റുകാരോട് സുഗതകുമാരിക്കു സ്‌നേഹത്തിന്റെ ബന്ധമുണ്ട്. അതുപോലെ വഴക്കു പറയാനുള്ള സ്വാതന്ത്ര്യവും. മനുഷ്യപക്ഷത്തുനിന്ന് ആരെയും വിമര്‍ശിക്കാനുള്ള ദൗത്യം കലാകാരന്മാര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കടമ്മനിട്ട അനുസ്മരണ പ്രഭാഷണം നടത്തി. നിഷ്‌കളങ്കമായ സ്‌നേഹമുള്ള കവിയായിരുന്നു കടമ്മനിട്ടയെന്ന് അടൂര്‍ പറഞ്ഞു. ഹൃദയത്തെ അഗാധമായി സ്പര്‍ശിക്കുന്നതാണ് കടമ്മനിട്ട കവിതകള്‍. എഴുത്തിന്റെ കാര്യത്തില്‍ കടമ്മനിട്ടയും സുഗതകുമാരിയും സമാനതകളില്ലാത്ത ഉയരത്തിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. കടമ്മനിട്ട മലയാളത്തിന്റെ വജ്രവചനവും സുഗതകുമാരി നിറഞ്ഞ പ്രാര്‍ഥനയാണെന്നും കവി മധുസൂദനന്‍ നായര്‍ പറഞ്ഞു.
ഒരു ലക്ഷ്യവും ഇല്ലാതെ കഷ്ടപ്പെടാന്‍ മാത്രമുള്ള ജന്മമായിരുന്നു തന്റേതെന്ന് സുഗതകുമാരി പറഞ്ഞു. ആവുന്നതിലും പത്തിരട്ടി പണിയെടുത്തു. കുറേ തോറ്റു. കുറച്ച് ജയിച്ചു. ഒരുപാട് പ്രയത്‌നിച്ചപ്പോള്‍ ഇത്തിരി സന്തോഷം കിട്ടി. കടമ്മനിട്ടയെ ഓര്‍മിക്കാന്‍ ഉപഹാരത്തിന്റെ ആവശ്യമില്ലെന്നും സുഗതകുമാരി പറഞ്ഞു.
എ.മീരാസാഹിബ് അധ്യക്ഷനായി. ഷാജി എന്‍.കരുണ്‍, പ്രൊഫ. വി.എന്‍.മുരളി, ഡോ. ബി.ഇക്ബാല്‍, കടമ്മനിട്ടയുടെ ഭാര്യ ശാന്ത രാമകൃഷ്ണന്‍, മകന്‍ ഗീതാകൃഷ്ണന്‍, ഒ.എന്‍.വി.യുടെ ഭാര്യ സരോജിനിയമ്മ, എം.ആര്‍.ഗോപിനാഥന്‍ എന്നിവര്‍ സംസാരിച്ചു. വി.കെ.പുരുഷോത്തമന്‍പിള്ള, ഡോ. വി.ജി.വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Content Highlights: Kadammanitta award, Sugathakumari